DweepDiary.com | Monday, 16 September 2019

കോയമ്മക്കാട് അബ്ദുൽ ഹമീദ് അതവാ മൗലാന കവരത്തി

In interview Special Feature Article / 19 February 2019
ലക്ഷദ്വീപിലെ ആശ്വാസത്തിന്റെ തുരുത്താണ് ഈ മനുഷ്യൻ. കിടപ്പുരോഗികളുടെ അരികിലേക്കു സ്നേഹത്തിന്റെ ലേപനവുമായി എത്തുന്ന ദൈവദൂതൻ. യുവാക്കളെ ഊർജസ്വലരാക്കുന്ന ജ്യേഷ്ഠ സഹോദരൻ. സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്ന മാർഗദർശി. വിദ്യാർഥികൾക്കു പ്രചോദനമേകുന്ന അധ്യാപകൻ. ഒരു ജൻമത്തിൽ പല അവതാരങ്ങളിൽ തിളങ്ങുന്നു, കോയമ്മക്കാട് അബ്ദുൽ ഹമീദ് (49)എന്ന ലക്ഷദ്വീപുകാരൻ.
ഈ പേരു പറഞ്ഞാൽ പക്ഷേ, ഒരാൾപോലും ഇദ്ദേഹത്തെ തിരിച്ചറിയില്ല. മൗലാന കവരത്തി എന്നു പറയണം, അങ്ങനെയാണ് ദ്വീപ് അദ്ദേഹത്തെ വിളിക്കുന്നത്. സാന്ത്വനപരിചരണത്തെ (പാലിയേറ്റീവ് കെയർ) ലക്ഷദ്വീപിനു പരിചയപ്പെടുത്തിയത് മൗലാനയാണ്.

∙ പാട്ടുകാരൻ
ഹമീദിനെ വല്യുപ്പ കിടാവ് മാൽമിയാണ് ആദ്യമായി ‘മൗലാന’ എന്നു വിളിച്ചത്. പള്ളിയിലും പരിസരത്തും സ്ഥിരമായി കറങ്ങി നടന്നതുകൊണ്ടു കിട്ടിയ പേര്. ചെറുപ്പംമുതലേ പാട്ട് മൂളുമായിരുന്നു. സ്കൂൾ കഴിഞ്ഞപ്പോൾ ലക്ഷദ്വീപ് കലാ അക്കാദമിയുടെ സ്ഥിരം പാട്ടുകാരനായി. പിന്നെ കപ്പൽ കയറി.
ഗുജറാത്തിലെ ദർപ്പണ അക്കാദമി ഒാഫ് പെർഫോമിങ് ആർട്സിൽ മൃണാളിനി സാരാഭായിയുടെ ശിഷ്യനായി. പഠനത്തിനു തിരഞ്ഞെടുത്തത് കഥക്. ദർപ്പണയ്ക്കു സമീപം ഗാന്ധിജി മുൻപു താമസിച്ചിരുന്ന ആശ്രമത്തിലായിരുന്നു അക്കാലത്തെ ജീവിതം. 1989ൽ തിരികെ നാട്ടിലേക്ക്.

∙ കലാമണ്ഡലം
കിൽത്താൻ ദ്വീപിലെ സ്കൂളിൽ സംഗീത, നൃത്ത അധ്യാപകനായി ജോലി തുടങ്ങി. പിന്നീട് കവരത്തിയിലേക്കു സ്ഥലംമാറ്റം. അതിനിടെ കഥകളി പഠിക്കണമെന്ന മോഹമായി. അടുത്ത യാത്ര കലാമണ്ഡലത്തിലേക്ക്. 1993 മുതൽ 5 വർഷം കഥകളിവേഷം മുഖ്യവിഷയമായി പഠനം. പുറത്തിറങ്ങിയ ശേഷം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ അലഞ്ഞു. ജീവിതത്തിന്റെ അർഥം തിരിഞ്ഞ് ആരാധനാലയങ്ങളിൽ കയറിയിറങ്ങി. യാത്ര 63 ദിവസം പിന്നിട്ടപ്പോൾ ഒരു തിരിച്ചറിവ്; സഹജീവി സ്നേഹമാണു യഥാർഥ ഭക്തി. മാനവസേവയാണു സ്രഷ്ടാവിനെ പ്രസാദിപ്പിക്കാനുള്ള മാർഗം. തിരികെ ലക്ഷദ്വീപിലേക്ക്.

രണ്ടാം ജീവിതം
കടമത്ത് ദ്വീപിലേക്കു പോയ മൗലാന അവിടെ പഴയൊരു മസ്ജിദ് നന്നാക്കിക്കൊടുത്തു. പിന്നീടു യുവാക്കളെ സംഘടിപ്പിച്ച് 27 ദിവസംകൊണ്ട് ഒരു പള്ളി നിർമിച്ചു. മൗലാനയും 22 യുവാക്കളും പകലന്തിയോളം പണിയെടുത്ത്, കല്ലും മണ്ണും ചുമന്നാണു പള്ളി കെട്ടിയത്. തുടർന്ന്, ഖുർആൻ കോളജും ഹാളും നിർമിച്ചു. ആയിടയ്ക്കു വയറിൽ ഒരു മുഴ ഉണ്ടായി. രോഗപീഡകൾ നീണ്ടത് ഒന്നരവർഷം. കോഴിക്കോട്ടും കൊച്ചിയിലുമൊക്കെ ചികിത്സ തേടേണ്ടിവന്നു. അക്കാലത്താണു കിടപ്പുരോഗികളുടെ ദുരിതം നേട്ടറിഞ്ഞത്.

∙ സാന്ത്വന പരിചരണം
പിന്നീട്, കവരത്തിയിലെ കിടപ്പുരോഗികളുടെ വീടുകളിൽ മൗലാന എത്താൻ തുടങ്ങി. രോഗികളെ തുടപ്പിച്ചു, കുളിപ്പിച്ചു. മുറിവുകളിൽ മരുന്നുവച്ചു. പാലിയേറ്റീവ് സൊസൈറ്റിയുടെ ലക്ഷദ്വീപ് യൂണിറ്റിനു സ്വന്തം വീട്ടിൽ തുടക്കമിട്ടു. പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ.രാജഗോപാൽ, കോഴിക്കോട്ടെ ഡോ. കൃഷ്ണൻ, ഡോ. അലി അസ്കർ തുടങ്ങിയ ഒട്ടേറെപ്പേർ സഹായമേകി. 2009ൽ തണൽ എന്ന സൊസൈറ്റി തുടങ്ങി.

ഇപ്പോൾ ദ്വീപിലാകെ 6 യൂണിറ്റുകളുണ്ട്. 120 വൊളന്റിയർമാരും. ആരു വിളിച്ചാലും ഒാടിയെത്താൻ മൗലാനയും സംഘവും റെഡി. വനിതകൾക്കായി തുടങ്ങിയ പരമ്പരാഗത തൊപ്പി നിർമാണ യൂണിറ്റിലൂടെ അൻപതോളം പേ‍ർക്കു തൊഴിൽ നൽകുന്നു. നാട്ടുകാർക്കായി വൈദ്യ ക്യാംപുകളും സംഘടിപ്പിക്കുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സഹകരണവും കുടുംബത്തിന്റെ പിന്തുണയും ഊർജമാക്കി മൗലാന യാത്ര തുടരുകയാണ്, രോഗികളുടെ കണ്ണീരൊപ്പാൻ.


കടപ്പാട്: മലയാള മനോരമ (17/02/2019)

SHARE YOUR FEEDBACK

RECENT IN THIS CATEGORY