DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപ് തീരങ്ങളില്‍ കോറല്‍ ബ്ലീച്ചിങ്ങ് പ്രതിഭാസം - മല്‍സ്യങ്ങള്‍ ചത്തു പൊങ്ങുന്നു

In environment BY Admin On 25 April 2016
കവരത്തി (24/04/2016): ഓരോ വര്‍ഷവും റെക്കോര്‍ഡ് സ്വയം തിരുത്തി മുന്നേറുന്ന താപനില ഭൂമിയിലും ആകാശത്തുമുള്ളവരെ മാത്രമല്ല കടലിലുള്ളവര്‍ക്കും അപകടം വിതച്ചു തുടങ്ങി. നമ്മുടെ അമിതമായ പരിസ്ഥിതി ചൂഷണവും പവിഴപ്പുറ്റ് നശിപ്പിക്കലും ജെല്ലി ശേഖരിക്കലും ആവാസ വ്യവസ്ഥയെ തകിടം മറിച്ച് കഴിഞ്ഞു. പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടും പൊതുജനങ്ങളുടെ ആവശ്യത്തിന് വഴങ്ങിക്കൊടുക്കുന്ന എന്‍വയോണ്‍മെന്‍റ് വാര്‍ഡന്‍മാര്‍ ഇനിയെങ്കിലും കണ്ണ്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ വര്‍ഷവും പുതിയ തസ്തികകളില്‍ പരിസ്ഥിതി സംരക്ഷിക്കാനും മോണിറ്റര്‍ ചെയ്യാനും താല്‍കാലികരേയും അല്ലാതെയും നിയമനം നടത്തുന്നുണ്ടെങ്കിലും അവര്‍ എന്തു ചെയ്യുന്നു എന്നത് അന്വേഷണത്തിന് വിധേയമാക്കണം. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

ഏപ്രില്‍ ആദ്യവാരം കല്‍പേനി ദ്വീപില്‍ ഗവേഷണം നടത്തുകയായിരുന്ന റോഹന്‍ ആര്‍തറാണ് പ്രകൃതിയുടെ മാറ്റം മനസിലാക്കിയത്. ദ്വീപിന്‍റെ സമുദ്രാന്തര്‍ ഭാഗത്ത് പത്തോളം വര്‍ഗത്തില്‍പ്പെട്ട കടല്‍ ജീവികള്‍ ചാവുന്നതായി അദ്ദേഹം കണ്ടെത്തി. സമുദ്രതാപം ഉയര്‍ന്നതിന്റെ പ്രത്യാഘാതമായി വിവിധ ദ്വീപുകളില്‍ മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുന്നതായി അദ്ദേഹം അനുമാനിച്ചു. 35 ഡിഗ്രി സെന്റിഗ്രേഡാണ് ലക്ഷദ്വീപ് തീരങ്ങളിലെ സമുദ്രോഷ്മാവ്. സമുദ്രജലത്തിന്റെ താപനില 33 ഡിഗ്രി ആയാല്‍ മല്‍സ്യങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യത കുറഞ്ഞുതുടങ്ങും. എല്‍നിനോ പ്രഭാവവും ഈ ഉഷ്ണത്തിന് ഒരു കാരണമാണ്. ഇതിന്‍റെ ഫലമായിട്ടാണ് കോറല്‍ ബ്ലീച്ചിങ്ങ് പ്രതിഭാസം രൂപപ്പെട്ടത്. സമുദ്ര താപം കൂടുമ്പോള്‍ പവിഴപ്പുറ്റുകള്‍ കോശങ്ങളിലെ ആല്‍ഗകളെ പുറംതള്ളും. ഇതോടെ പവിഴപ്പുറ്റുകള്‍ വെളുത്ത നിറം പ്രാപിക്കും. സമുദ്ര താപം കുറയുന്നതോടെ ആള്‍ഗകള്‍ തിരിച്ച് പവിഴപ്പുറ്റുകളില്‍ പ്രവേശിക്കും അഥവാ പ്രവേശിച്ചില്ലെങ്കില്‍ അവ നശിക്കും. കോറല്‍സ് നശിക്കുന്നതോട് കൂടി സമുദ്ര പ്രാണവായു കുറയുന്നു. കല്‍പേനി ദ്വീപില്‍ നാല് ദിവസം തുടര്‍ച്ചയായി നീരീക്ഷണം നടത്തിയപ്പോള്‍ മീനുകള്‍ ശ്വസിക്കാന്‍ പ്രയാസപ്പെടുന്നതായി ആര്‍തര്‍ സാക്ഷ്യപ്പെടുത്തുന്നു. (അവര്‍ പകര്‍ത്തിയ മീന്‍ ചാവുന്നതിന്‍റെ ചിത്രമാണ് മുകളില്‍). സമുദ്രതാപം കുറയുന്ന സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കൂടി ഗവേഷണത്തിന് സാധിക്കുന്നുണ്ടെങ്കില്‍ പവിഴ നാശം എത്രത്തോളം ദ്വീപിനെ ബാധിക്കുമെന്ന് പറയാനാവുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

1998ലും 2010ലുമാണ് ഇതിന് മുമ്പ് ലക്ഷദ്വീപില്‍ കനത്ത ബ്ലീച്ചിങ്ങ് പ്രതിഭാസമുണ്ടായത്. 1998ലെ ബ്ലീച്ചിങ്ങില്‍ നാശനത്തിന്‍റെ വക്കിലെത്തിയ ചില ദ്വീപുകളിലെ പവിഴപ്പുറ്റുകള്‍ 2005-2006 വര്‍ഷങ്ങളില്‍ 100% പഴയ രൂപത്തിലേക്ക് തിരിച്ച് വന്നു. പവിഴപ്പുറ്റുകള്‍ പുറം തള്ളിയ ആള്‍ഗകള്‍ തിരിച്ച് പ്രവേശിക്കുമ്പായാണ് ഇത് സാധ്യമാവുന്നത്. എന്നാല്‍ 2010 ലെ ബ്ലീച്ചിങ്ങില്‍പ്പെട്ടവ പൂര്‍ണമായി നശിച്ചു. ഇപ്പോഴത്തെ ബ്ലീച്ചിങ്ങിലും നാശവക്കിലെത്തിയ പവിഴപ്പുറ്റുകള്‍ സ്വയം തിരിച്ച് വരുമെന്ന പ്രതീക്ഷ കുറവാണ്. ലക്ഷദ്വീപിലെ പോള്‍ ആന്‍ഡ് ലൈന്‍ ഫിഷിങ്ങ് സമ്പ്രദായം അമിത മീന്‍പിടിത്തത്തെ നിയന്ത്രിക്കുന്നു. ഇത് ഒരു പരിതിവരെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നു എന്ന്‍ "ദക്ഷിണ ഫൌണ്ടേഷനിലെ" ഗവേഷക മഹിമ ജൈനി പറയുന്നു. എങ്കിലും സുഹേലി, മഞ്ഞപ്പാര്‍, വലിയ പന്നിയം, ചെറിയ പന്നിയം പ്രദേശങ്ങളില്‍ മണ്‍സൂണ്‍ സമയങ്ങളില്‍ വന്‍കരയില്‍ നിന്നുള്ള വമ്പന്‍ ബോട്ടുകള്‍ കിലോമീറ്ററോളം വലയിട്ട് മീന്‍ വാരി കൊണ്ടു പോകുന്നു. മല്‍സ്യ ബന്ധന നിരോധന സമയത്താണ് ഈ കൊള്ള എന്നും ശ്രദ്ധേയമാണ്.
സുഹേലി ദ്വീപിലെ പോലീസ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ അനുഭവം ഇങ്ങനെ:- മണ്‍സൂണ്‍ സമയങ്ങളില്‍ നിറയെ ബോട്ടുകള്‍ പുറം കടലില്‍ വരും തങ്ങള്‍ക്ക് അവരെ കരയില്‍ നിന്ന്‍ കാണാനല്ലാതെ അവരെ പിന്‍തുടരാന്‍ ഒരു ബോട്ട് പോലും ഇല്ല. കവരത്തി കട്രോള്‍ റൂമില്‍ അറിയിച്ചാല്‍ അവര്‍ പോകുന്ന ദിക്കുകള്‍ രേഖപ്പെടുത്തി വെക്കാന്‍ പറയും. വേറേ ഒരു നടപടിയും ഉണ്ടാവാറില്ല.

രാഷ്ട്രീയം മാത്രം നമുക്ക് പോരാ. സ്വയം ബോധവാനായും മറ്റുള്ളവരെ അവബോധപ്പെടുത്തിയും നാം ഇറങ്ങിത്തിരിച്ചില്ലെങ്കില്‍ നമ്മുടെ നാശം വളരെ അടുത്ത് തന്നെയായിരിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.


(മുന്‍ വര്‍ഷങ്ങളിലെ സമുദ്രോഷ്മാവ്)

SHARE YOUR FEEDBACK

RECENT IN THIS CATEGORY