DweepDiary.com | ABOUT US | Wednesday, 24 April 2024

രക്ഷകനെ കാണാന്‍ പതിവ് തെറ്റിക്കാതെ ഡിന്‍ഡിം പെന്‍ഗ്വിനെത്തി

In environment BY Admin On 13 October 2016
ചിറക് വിടര്‍ത്തി പറക്കാന്‍ ഡിന്‍ഡിമിന് സുരക്ഷിതമായ താവളം നല്‍കിയത് ജാവോ പെരേര ഡിസൂസയാണ്.അതുകൊണ്ടാകാം തന്നെ വളര്‍ത്തിയതിന്റെ സ്‌നേഹപ്രകടനം തിരിച്ചു കാണിക്കാന്‍ ഡിന്‍ഡിം എന്ന പെന്‍ഗ്വിന്‍ ഇടയ്ക്കിടെ ജാവോ അപ്പൂപ്പനെ കാണാന്‍ ഇങ്ങനെ വന്നു പോകുന്നത്. 2011 ലാണ് എണ്ണയില്‍ കുളിച്ച് നീന്താന്‍ കഴിയാതെ തീരത്തടിഞ്ഞ പെന്‍ഗ്വിനെ ബ്രസീലിലെ റിയോ ഡി ഡെനീറോ സ്വദേശിയായ ജാവോ പെരേര ഡിസൂസയ്ക്കു കിട്ടുന്നത്. ജാവോയുടെ കൈയിലെത്തുമ്പോള്‍ തീരെ അവശനിലയിലായിരുന്നു പെന്‍ഗ്വിന്‍. ഭക്ഷണവും പരിചരണവും നല്‍കി ജാവോ പെന്‍ഗ്വിനെ മിടുക്കനാക്കിയെടുത്തി. ഡിന്‍ഡിം എന്ന് പേരും നല്‍കി. പിന്നീട് സുഖകരമായ അന്തരീക്ഷത്തിലേക്ക് ഡിന്‍ഡിം മാറിയപ്പോള്‍ ജാവോ പെന്‍ഗ്വിനെ ബോട്ടില്‍ കയറ്റി സമീപത്തുള്ള ദ്വീപില്‍ കൊണ്ടുപോയി വിട്ടു. ഡിന്‍ഡിം എപ്പോളെങ്കിലും തിരിച്ചു വരുമെന്നോ കാണാന്‍ സാധിക്കുമെന്നോ ജാവോ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് പിറ്റേന്നു തന്നെ അപ്പൂപ്പന്റെ വീട്ടില്‍ ഡിന്‍ഡിം മടങ്ങിയെത്തി. കുറച്ചു മാസങ്ങള്‍ ജാവോ അപ്പൂപ്പനൊപ്പം താമസിച്ച ഡിന്‍ഡിം 2012 ഫെബ്രുവരിയില്‍ അപ്രത്യക്ഷനായി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറില്‍ വീണ്ടും എല്ലാവരെയും അത്ഭുതപ്പെടുത്തി ഡിന്‍ഡിം തിരികെയെത്തി. പിന്നീട് എല്ലാ വര്‍ഷവും ജാവോ പെരേര ഡിസൂസ എന്ന 71 കാരനെ തേടി ഈ പെന്‍ഗ്വിനെത്തും. ജാവോയ്‌ക്കൊപ്പം വീട്ടില്‍ 8 മാസത്തോളം താമസിക്കും. പിന്നെ വീണ്ടും പര്യടനം.എല്ലാ വര്‍ഷവും സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഡിന്‍ഡോമിന്റെ സന്ദര്‍ശനം. വര്‍ഷത്തിലൊരിക്കല്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്ന വളര്‍ത്തു മകന്‍ എന്നാണ് ഡിന്‍ഡിമിനെ കുറിച്ച് ജാവോ പറയുന്നത്. ബാക്കി സമയം ഡിന്‍ഡിം എവിടെയാണെന്ന കാര്യം വ്യക്തമല്ല. മഗല്ലനിക് വിഭാഗത്തില്‍ പെട്ട പെന്‍ഗ്വിന്റെ സ്വദേശം പാറ്റഗോണിയ ആയിരിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. അയ്യായിരം മൈലുകള്‍ താണ്ടിയാണ് തന്റെ രക്ഷകനെ കാണാന്‍ എല്ലാ വര്‍ഷവുംഡിന്‍ഡിം എത്തുന്നത്.

(Coutersy: http://www.theindiantelegram.com)

SHARE YOUR FEEDBACK

RECENT IN THIS CATEGORY