DweepDiary.com | ABOUT US | Friday, 19 April 2024

ജില്ലാപഞ്ചായത്ത് സഭയില്‍ എന്താണ് സംഭവിച്ചത്!!!

In editorial BY Admin On 25 March 2016
22 -ആം തിയതി 11 മണിക്ക് ജില്ലാപഞ്ചായത്ത് കൗണ്‍സിലര്‍മാര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച അവിശ്വാസ പ്രമേയ വേളയില്‍ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു സംഭവിച്ചത്?. രണ്ട് രാഷ്ട്രീയ കക്ഷികള്‍ക്കിടയില്‍ നിന്ന് പരസ്പര വൈരുധ്യങ്ങളായ റിപ്പോര്‍ട്ടുകളാണ് സഭയിലില്ലാത്തവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതില്‍ ഏതാണ് സത്യം? ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ കൃത്യമായ ചിത്രം നമുക്ക് ലഭിക്കുന്നില്ല. അതിന് കാരണം ഇത് തത്സമയമായി മറ്റുള്ളവര്‍ക്ക് കാണാനോ കേള്‍ക്കാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഉള്ള അവസരം ഇല്ലാത്തത് തന്നെയാണ്. ഇനി പങ്കെടുത്തവരോട് ചോദിച്ചാല്‍ അവര്‍ക്ക് അനുകൂലമായ മറുപടി !!
എന്നാല്‍ സഭക്കകത്ത് നടന്ന രംഗങ്ങള്‍ നമുക്ക് ഏറെക്കുറെ ഇങ്ങനെ വിലയിരുത്താം. രാവിലെ 11 മണിക്ക് സഭ ആരംഭിച്ചപ്പോള്‍ ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍പേഴ്സണ്‍ ശ്രീ.എന്‍.ബര്‍ത്തുള്ളക്കെതിരെ ഉന്നയിക്കപ്പെട്ട അവിശ്വാസ പ്രമേയം ചീഫ് കൗണ്‍സിലര്‍ ശ്രീ.ആച്ചാട അഹ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചര്‍ച്ചക്കെടുത്തു. തുടര്‍ന്ന് പ്രമേയത്തെ അംഗീകരിക്കുന്നവരുടെ വോട്ടെടുപ്പ് നടന്നു. ഇതിനെ പ്രതിപക്ഷ സീറ്റിലുണ്ടായിരുന്ന അംഗങ്ങള്‍ മുഴുവന്‍ അനുകൂലിച്ചു. എന്നാല്‍ ഭരണ പക്ഷത്തെ സീറ്റിലുണ്ടായിരുന്ന അമിനി ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.എം.മുനീര്‍ (സ്വതന്ത്ര സ്ഥാനാര്‍ത്ഥി) പ്രമേയത്തെ അനുകൂലിക്കുന്നതായും ഭരണപക്ഷത്തിലെ ചിലര്‍ ബലം പ്രയോഗിച്ച് അദ്ദേഹത്തെ തടഞ്ഞ് വെച്ചതായും പ്രതിപക്ഷം ആരോപണമുന്നയിച്ചു. തുടര്‍ന്ന് സഭയില്‍ ആകെ ബഹളമാവുകയും കയ്യാം കളിയില്‍ എത്തുന്ന സാഹചര്യം ഉടലെക്കുമെന്നായപ്പോള്‍ സഭ അനിശ്ചിത കാലത്തേക്ക് നീട്ടി വെക്കുകയായിരുന്നു. ഉടനെ തന്ന ഭരണപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷം തങ്ങളുടെ വാദം ശരിയാണെന്ന് അവകാശപ്പെട്ട് സഭക്കകത്ത് തന്നെ ഇരുന്നു. പിന്നീട് ഇവര്‍ സഭയില്‍ സംഭവിച്ച കാര്യങ്ങള്‍ കാണിച്ച് അഡ്മിനസ്ട്രേറ്ററെ കാണുകയും സഭ പൂര്‍ത്തിയാക്കാനുള്ള അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തു.
നേരത്തെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ദ്വീപ് ഡയറിക്ക് ചിലതെറ്റുകള്‍ സംഭവിച്ചതില്‍ ഖേദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സഭയില്‍ പങ്കെടുത്തവരോട് ചോദിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ അതുപോലെ കൊടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ലക്ഷദ്വീപില്‍ ഇത്തരം വാര്‍ത്തകള്‍ നിക്ഷപക്ഷമായി ആരും പറയാത്തതും തുടക്കത്തില്‍ സൂചിപ്പിച്ച കാരണത്താലും തെറ്റുകള്‍ കടന്ന കൂടി. ഈ റിപ്പോര്‍ട്ടും 100% ശരിയാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇതിന്റെ കേന്ദ്ര കഥാപാത്രങ്ങളാകുന്ന രണ്ട് വിഭാഗങ്ങളിലേയും മെമ്പര്‍മാരുമായി ദ്വീപ് ഡയറി അഭിമുഖം നടത്തുന്നു. വരും ദിവസങ്ങളില്‍ അത് വായനക്കാര്‍ക്ക് പ്രസിദ്ധീകരിക്കുന്നതായിരിക്കും. അതോടെ ഇതിന്റെ നിജസ്ഥിതി എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രതികരണങ്ങളോ വെളിപ്പെടുത്തലുകളോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ദ്വീപ്ഡയറി രാഷ്ട്രീയ പ്രതിനിധിയുമായി (മൊബൈല്‍- 9496175496) രാഷ്ട്രീയ നേതാക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
മറ്റൊരു കാര്യം കൂടി ഞങ്ങള്‍ക്ക് വായനക്കാരുമായി പങ്കുവെക്കാനുള്ളത് ദ്വീപുഡയറിയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചാണ്. തീര്‍ത്തും നിക്ഷപക്ഷമായി തന്നെയാണ് ഇതിലെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ദ്വീപ്ഡയറിക്ക് ദ്വീപിലെ ഏതെങ്കിലും ഒരു രാഷ്ടീയ പാര്‍ട്ടിയോട് പ്രത്യേക താല്പര്യം ഇല്ല. ഇനി ഏതെങ്കിലും വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. പല വാര്‍ത്തകളും ഞങ്ങള്‍ക്ക് കൊടുക്കാന്‍ സാധിക്കാതെയും വന്നിട്ടുണ്ട്. നെറ്റ് വര്‍ക്കിന്റെ അപാകതയും ജോലിത്തിരക്കും അതിനൊരു കാരണമായി പറയാം. ദ്വീപ്ഡയറി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചരണായുധമാണെന്ന് പറയുന്നവരോട് വിനയപൂര്‍വ്വം ഒരു കാര്യം സൂചിപ്പിക്കട്ടെ. ഇന്ന് സോഷ്യല്‍ മീഡിയകളുടെ അതിപ്രസരമാണല്ലോ? വെബ്സൈറ്റ്, ബ്ലോഗ്, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങി നിരവധിയാണ്. ഇതില്‍ ആര്‍ക്ക് വേണമെങ്കിലും എവിടെനിന്നും 'എന്തും' റിപ്പോചെയ്യാമെന്നിരിക്കേ എന്ത് കൊണ്ട് ഇന്നേവരെ ലക്ഷദ്വീപിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പോലും ഔദ്യോഗികമായ ഒരു പത്രം അഥവാ ഇതുപോലൊരു സോഷ്യല്‍ മീഡിയ സെല്‍ ഇല്ലാത്തത്. അതിലൂടെ നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളും അഭിമുഖങ്ങളും വായനക്കാര്‍ക്കായി ആരേയും കൂസാതെ നല്‍കാന്‍ സാധിക്കുമായിരുന്നല്ലോ? എന്താ അതിന് മുതിരാത്തത്. നിങ്ങള്‍ക്ക് സമയം കിട്ടാഞ്ഞിട്ടാണോ? അതോ നിങ്ങള്‍ എഴുതുന്നത് ആരും വിശ്വസിക്കുന്നില്ലെന്ന് കരുതിയാണോ?. നമ്മുടെ അയല്‍ സംസ്ഥാനമായ കേരളത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും മുഖ പത്രവും ഔദ്യോഗിക സോഷ്യല്‍ മീഡിയാസൈറ്റുകളും ചാനലുകളും ഉണ്ടെന്നുള്ള വിവരം നമ്മള്‍ കണ്‍മുമ്പില്‍ കാണുന്നുണ്ടല്ലോ? അവിടത്തെ നേതാക്കള്‍ സോഷ്യല്‍ മീഡിയകളിലൂടെ നാട്ടുകാരുമായി സംവദിക്കുന്നതും നമുക്ക് കാണുന്നു. ഇവിടത്തെ ഏത് നേതാവിനെയാണ് ഇങ്ങനെ കാണിക്കാന്‍ സാധിക്കുക. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നമ്മുടെ മിടുക്കന്മാര്‍ പുരസ്കാരങ്ങളും മെഡലുകളും നേടുമ്പോള്‍ നമ്മുടെ ഏതെങ്കിലും ഒരു നേതാവ് ഈ സോഷ്യല്‍ മീഡിയയിലൂടെ അവരെ അഭിനന്ദിച്ചത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഒരു മുഖ്യമന്ത്രിക്ക് അല്ലെങ്കില്‍ പ്രധാനമന്ത്രിക്കില്ലാത്ത തിരക്ക് ഇവര്‍ക്ക് എന്താണ്? ഇനിയെങ്കിലും ദ്വീപിലെ നല്ലൊരു ശതമാനം ജനങ്ങളെങ്കിലും രാഷ്ട്രീയ തിമിരം ബാധിച്ചവരെല്ലെന്ന് മനസ്സിലാക്കുന്നത് ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്ക് നല്ലതാണ്.

-എഡിറ്റര്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY