DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപ് ദിനാശംസകള്‍

In editorial BY Admin On 01 November 2015
ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശമായി ഇന്നേക്ക് 59 വര്‍ഷം പൂര്‍ത്തിയാകുന്നു. അറബിക്കടലിന്റെ വിരിമാറില്‍ പച്ചത്തുരുത്തുകളായി ചിതറിക്കിടക്കുന്ന പവിഴദ്വീപുകള്‍ക്ക് ഒരു പാട് കഥകള്‍ പറയാനുണ്ട്. അറക്കലും, ചിറക്കലും, അറബികളും, പറങ്കികളും, ടിപ്പുവും, വെളളക്കാരും കയറി ഇറങ്ങിയ മണ്ണ്. ഇന്ന് ഇവള്‍ സര്‍വ്വ പ്രൌഡിയോടും കൂടി തലയുയര്‍ത്തിനില്‍ക്കുന്നു. 1956 നവംബര്‍ ഒന്നിന് ലക്ഷം ദ്വീപുകള്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റായി. ഇന്നേക്ക് 59 വര്‍ഷം... 1947 ആഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാനന്ത്ര്യം ലഭിച്ചെങ്കിലും ലക്ഷദ്വീപ് കടുത്ത അവഗണനിയിലായിരുന്നു. പഴയ ആമീന്‍ കാരാണി ഭരണം തന്നെയായിരുന്നു പിന്നീടും ഇവിടെ തുടര്‍ന്നത്. ആദ്യം മദ്രാസ് സ്റ്റേറ്റിന്റെ കീഴിലായിരുന്ന ദ്വീപുകള്‍ പിന്നോക്ക സമുദായക്കാരായി പരിഗണിച്ചെങ്കിലും അതിന്റെ ഒരു ആനുകൂല്യം പോലും ലഭിച്ചില്ലായിരുന്നു. മദ്രാസ്സ് അസംബ്ലിയിലേക്ക് ചേവായൂര്‍ മണ്ഡലത്തിന്റെ ഭാഗമായ ദ്വീപില്‍ നിന്ന് അപ്പു എന്ന വ്യക്തിയെ തിരെഞ്ഞെടുത്തെങ്കിലും ഫലത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. ദ്വീപിനെ പ്രതിനിധീകരിച്ച് ശ്രീ.കെ.നല്ലകോയാ തങ്ങള്‍ 1957 ല്‍ പാര്‍ലമന്റില്‍ എത്തിയ ശേഷമാണ് ദ്വീപിന്റെ പുരോഗതിക്ക് തുടക്കം കുറിക്കുന്നത്. 1952 ല്‍ ശ്രീ.പി.ഐ.പൂക്കോയാ അടക്കമുള്ള ബുദ്ധി ജീവികളുടെ കൂട്ടാഴ്മയില്‍ പിറവിയെടുത്ത 'ജമാഅത്തേ ജസീറ' എന്ന സംഘടനയിലൂടെയാണ് ദ്വീപുകാരുടെ പ്രശ്നം ആദ്യം കേന്ദ്രത്തിലെത്തുന്നത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന് ദ്വീപിന്റെ ഉന്നമനത്തിന് ഉതകുന്ന പല പദ്ധതികളും ഈ സംഘട സമര്‍പ്പിക്കുകയുണ്ടായി. അതിന്റെ ശ്രമ ഫലമായാണ് ഫലമായാണ് 1956 നവംബര്‍ 1 ന് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപ് ഭരണം നേരിട്ട് ഏറ്റെടുത്തത്. ഇന്ത്യന്‍ ഭരണ ഘടനയുടെ 239 -ാം വകുപ്പ് പ്രകാരം ഇന്ത്യന്‍ പ്രസിഡന്റ് പ്രതിനിധിയായി ഒരു അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയുണ്ടായി. ശ്രീ.യു.ആര്‍.പണിക്കര്‍ അഡ്മനിസ്ട്രേറ്ററായി 6 ദിവസം പണിയെടുത്തെങ്കിലും ശ്രീ.എസ്. മണി അയ്യര്‍ 1956 നവംബര്‍ 8 ന് മലബാര്‍ കളക്ടറില്‍ നിന്ന് ഭരണം ഏറ്റെടുത്തതോടെയാണ് ലക്ഷദ്വീപ് ഒരു പുതുയുഗത്തിലേക്ക് കുതിച്ചത്.
ലക്ഷദ്വീപ് എന്ന പേരിന് പിന്നില്‍:- ....നമ്മുടെ ദ്വീപുകള്‍ക്ക് ലക്ഷദ്വീപുകള്‍ എന്ന പേര് ലഭിച്ചതിന്റെ പിന്നില്‍ പല ഐതീഹ്യങ്ങളും, ചില യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. വാസ്കോഡഗാമാ യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് തന്റെ പ്രഥമ യാത്ര ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് വഴികാട്ടിയായത് ഇബ്നു മാജ എന്ന അറബി സഞ്ചാരിയായിരുന്നു. അദ്ദേഹം പറഞ്ഞു “നമ്മള്‍ പോകുന്ന വഴിക്ക് അറബിക്കടില്‍ കുറെ ദ്വീപുകള്‍ ശ്രദ്ധയില്‍പെടും. ഈ ദ്വീപുകള്‍ കാണുമ്പോള്‍ കപ്പല്‍ നേരെ കിഴക്കോട്ട് തിരിച്ച് വിട്ടാല്‍ കേരളതീരത്തെവിടെയെങ്കിലും ചെന്നെത്താം.” അങ്ങനെ യാത്രാ മദ്ധ്യേ ഈ ദ്വീപുകള്‍ കണ്ണില്‍ പെടുകയും ഗാമ ആകാശത്തേക്ക് ആചാരവെടികള്‍ മുഴക്കി ആഹ്ലാദം പങ്കിടുകയും ചെയ്തു. തുടര്‍ന്നുള്ള യാത്രകളില്‍ ലക്ഷ്യം കാണിച്ചിരുന്ന ഈ ദ്വീപുകളെ അദ്ദേഹം 'ലാക്ക ഡീവ്സ്' എന്ന് വിളിച്ചു. ഇംഗ്ലീഷില്‍ Lake എന്ന വാക്കിനര്‍ത്ഥം തടാകം, പൊയ്ക, ജലാശയം എന്നൊക്കെയാണ്. ദ്വീപീന്റെ പടിഞ്ഞാറുഭാഗത്തുള്ള ലഗൂണ്‍ കണ്ടിട്ട് അങ്ങനെ വിളിച്ചതാവാം. എന്തായാലും പില്‍ക്കാലത്തെ റിക്കാര്‍ഡുകളില്‍ ലാക്കഡീവ്സ് ആമിന്‍ദീവി & മിനിക്കോയ് ഐലന്റ് എന്നെഴുതിക്കാണുന്നു. അത് പിന്നീട് 1973-ല്‍ ശ്രീ.പി.എം.സഈദ് സാഹിബ് പാര്‍ലമന്റില്‍ ഒരു ബില്‍ അവതരിപ്പിച്ച് കൊണ്ട് ലാക്കഡീവ്സ് എന്ന പേര് ലക്ഷദ്വീപ് എന്നാക്കി മാറ്റുകയായിരുന്നു.
ലക്ഷദ്വീപ് പിറവി ദിനം വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ സാംസ്ക്കാരിക പരിപാടികളോടെ ആഘോഷിച്ചിരിന്നു. ഇന്ന് ഇത് ഒരു 'മിനി മാരത്തോണ്‍' മത്സരത്തിലൊതുങ്ങിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. മിനിക്കോയി ഫെസ്റ്റ് എന്ന ഉത്സവത്തിന് ലക്ഷങ്ങള്‍ സര്‍ക്കാര്‍ ചെലവിടുമ്പോള്‍ ദ്വീപോദയത്തിനായി ഈ ഓട്ടത്തിനുപരിയായി ഒന്നും ചെയ്യാന്‍ സാധിക്കാത്തത് സാംസ്ക്കാരിക ദ്വീപ് വളരെ സങ്കടത്തോടെയാണ് നോക്കിക്കാണുന്നത്.

ഒരു ഫ്ളാഷ് ബാക്ക്...
ബി.സി-1500- ദ്വീപില്‍ ജനവാസ മാരംഭിച്ചെന്ന് പറയപ്പെടുന്നു.
എ.ഡി-6-ആമ് നൂറ്റാണ്ട്- ചിറക്കല്‍ രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
664- ഹസ്രത്ത് ഉബൈദുളളാ(റ) അമേനിയില്‍ എത്തി
12-ആമ് നൂറ്റാണ്ട്- കോലത്തിരി രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
1310- മാര്‍ക്കോപോളോ എന്ന സഞ്ചാരി മിനിക്കോയില്‍.
1342- ഇബ്ന് ബത്തൂത്ത എന്ന സഞ്ചാരി മിനിക്കോയില്‍.
1500- കണ്ണൂര്‍ രാജാവ് അബൂബക്കര്‍ എന്നയാള്‍ മുഖേന ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമേനിയില്‍ പോര്‍ച്ചുഗീസുകാരെ കൊന്നൊടുക്കി (പാമ്പിന്‍ പളളി സംഭവം)
1501- പാമ്പിന്‍ പളളി സംഭവത്തിന്റെ പ്രതികാരമായി അമിനി ഖാളി അടക്കം 600 ഓളം ആളുകളെ പോര്‍ച്ചുഗീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തി.
1502- പോര്‍ച്ചുഗീസുകാര്‍ അമിനി ദ്വീപ് പിടിച്ചെടുത്തു.
16 -ആമ് നൂറ്റാണ്ട്- ദ്വീപുകള്‍ കണ്ണൂര്‍ ആലിരാജയുടെ ഭരണത്തിന്‍ കീഴില്‍
1654- മുഹമ്മദ് ഖാസിം (റ) കവരത്തിയില്‍ എത്തി.
1700- മിനിക്കോയി ദ്വീപ് ലക്ഷദ്വീപിനോട് കൂട്ടിച്ചേര്‍ത്തു.
1787- വടക്കന്‍ ദ്വീപുകള്‍ ടിപ്പുവിന്റെ അധീനതയിലായി.
1798- കില്‍ത്താന്‍ ദ്വീപിന്റെ ചരിത്ര പുരുഷന്‍ അഹ്മദ് നഹ്ശ ബന്ദി(റ) ജനിച്ചു.
1799- ദ്വീപുകള്‍ മംഗലാപുരം കളക്ടറുടെ അധീനതയിലായി.
1800- അറക്കല്‍ രാജവംശം ദ്വീപുഭരണം ഏറ്റെടുത്തു.
1835- റോബിന്‍സണ്‍ ബിത്ര ദ്വീപ് സന്തര്‍ശിച്ചു.
1842- അമേനി ദ്വീപ് ആസ്ഥാനമാക്കിയുളള മനേഗാര്‍ ഭരണം നിലവില്‍ വന്നു.
1848- കല്‍പേനി, അഗത്തി, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ നാശം വിതച്ച കൊടുങ്കാറ്റ്.
1863- മോറിസ് കില്‍ത്താന്‍ സന്തര്‍ശിച്ചു.
1873- ദ്വീപിലെ പ്രഥമ സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1874- ദ്വീപിലെ പ്രഥമ ഡിസ്പെന്‍സറി അമിനിയില്‍ ആരംഭിച്ചു.
1875- അറക്കല്‍ ബീവിയുടെ കൈയില്‍ നിന്നും ബ്രിട്ടീഷുകാര്‍ ദ്വീപ് കൈക്കലാക്കി.
1904- ആദ്യ ഗവ.സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1905- ദ്വീപുകള്‍ മദ്രാസ് ഗവ.ന്റെ കീഴിലായി.
1911- കില്‍ത്താനില്‍ സ്കൂള്‍ ആരംഭിച്ചു.
1921- ആര്‍.എച്ച്. എല്ലീസ് ദ്വീപ് സന്തര്‍ശിച്ചു.
1928- ബിത്ര ദ്വീപില്‍ ജനവാസമാരംഭിച്ചു.
1932- ലക്ഷദ്വീപ് ചരിത്രം എന്ന പുസ്തകം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1936- നാവികശാസ്ത്രം എന്ന ഗ്രന്ഥം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1948- കടമത്ത് ദ്വീപിലെ ചാലകാട് എന്ന വീടിന്റെ പരിസരത്തുനിന്ന് ഒന്നും രണ്ടും നൂറ്റാണ്ടിന്റെ സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെത്തി.
1952- ജമാഅത്തെ ജസീറ എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു.
1956 നവംബര്‍1- ദ്വീപുകള്‍ ഒരു കേന്ദ്രഭരണ പ്രദേശമായി. യു.ആര്‍ പണിക്കര്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റിന്റെ പ്രഥമ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.
(അവലംബം- www.laccadives.blogspot.in. ലക്ഷദ്വീപ് ചരിത്രവുമം ഭരണവും ഒരു സമഗ്രപഠനം- ശ്രീ.കെ.എന്‍.കാസ്മിക്കോയ)
ലക്ഷദ്വീപില്‍ ആദ്യത്തേത്
1. ആദ്യത്തെ മെട്രിക്കുലേഷന്‍? - പി.എ.കോയക്കിടാവ് കോയ, കല്‍പേനി
2. ആദ്യത്തെ ബിരുദധാരി? - കെ.കെ.സൈദ് മുഹമ്മദ് കോയ, ആന്ത്രോത്ത്
3. ആദ്യത്തെ ഡോക്ടര്‍? - എസ്.വി.പി.ശൈഖ് കോയ, ആന്ത്രോത്ത്
4. ആദ്യത്തെ അധ്യാപകന്‍? - പി.എ.കോയക്കിടാവ് കോയ, കല്‍പേനി
5. ആദ്യത്തെ പി.എച്ച്.ഡി ബിരുദധാരി? - എം.എസ്.സൈദ് ഇസ്മാഇല്‍ കോയ,ചെത്ത്ലാത്ത്
6. ആദ്യത്തെ എല്‍.എല്‍.ബി ? - കെ.കെ.സൈദ് മുഹമ്മദ് കോയ, ആന്ത്രോത്ത്
7. ആദ്യത്തെ വനിതാ ഡോക്ടര്‍? - ഡോ.റഹ്മത്ത് ബീഗം, അഗത്തി
8. ആദ്യത്തെ മുന്‍സിഫ്? - ബി.അമാനുള്ളാ, കില്‍ത്താന്‍
9. ആദ്യത്തെ എന്‍ജീനിയര്‍? - കെ.അലി മണിക്ഫാന്‍, മിനിക്കോയി
10.ആദ്യത്തെ പാലമെന്റ് മെമ്പര്‍? - കെ.നല്ലകോയ തങ്ങള്‍, ആന്ത്രോത്ത്
അഡ്മിനിസ്ട്രേറ്ററുമാര്‍ ഇതുവരെ
1. ശ്രീ.യു.ആര്‍.പണിക്കര്‍ 2. ശ്രീ. എസ്.മണി അയ്യര്‍ 3. ശ്രീ. സി.കെ.നായര്‍ 4. ശ്രീ.എം.രാമുണ്ണി 5. ശ്രീ.സി.എച്ച്.നായര്‍ 6. ശ്രീ.കെ.ഡി.മേനോന്‍ 7. ശ്രീ.ഡബ്ല്യു.ഷൈസാ 8. ശ്രീ.എം.സി.വര്‍മ്മാ 9. ശ്രീ.എസ്.ഡി.ലഹ്ക്കര്‍ 10.ശ്രീ.പി.എം.നായര്‍ 11.ശ്രീ.പ്രദീപ് മെഹ്റാ 12.ശ്രീ.ഒമേശ് സൈഗാള്‍ 13.ശ്രീ.ജഗദീശ് സാഗര്‍ 14.ശ്രീ.വജഹത്ത് ഹബീബുള്ളാ 15.ശ്രീ.പ്രദീപ് സിങ്ങ് 16.ശ്രീ.എസ്.പി.അഗര്‍വാള്‍ 17.ശ്രീ.സദീശ് ചന്ദ്രാ 18.ശ്രീ.ജി.എസ്.ചീമാ 19.ശ്രീ.രാജീവ് തല്‍വാര്‍ 20.ശ്രീ.ആര്‍.കെ.വര്‍മ 21.ശ്രീ.ചമന്‍ലാല്‍ 22.ശ്രീ.ആര്‍.കെ.വര്‍മ 23.ശ്രീ.കെ.എസ്.മെഹ്റ 24.ശ്രീ.എസ്.പി.സിങ്ങ് 25.ശ്രീ.പെരുമാള്‍ റായി 26.ശ്രീ.രാജേന്ദ്ര കുമാര്‍ 27.ശ്രീ.ബി.വി.ശെല്‍വരാജ് 28.ശ്രീ.സത്യഗോപാല്‍ 29.ശ്രീ.ജെ.കെ.ദാദൂ 30.ശ്രീ.അമര്‍നാഥ് 31.ശ്രീ.രാജേഷ് പ്രസാദ്.32. ശ്രീ.വിജയ് കുമാര്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY