DweepDiary.com | ABOUT US | Thursday, 18 April 2024

ഹാജിമാരുടെ ശ്രദ്ധയ്ക്ക് (തുടര്‍ച്ച)

In editorial BY Admin On 06 September 2015
ഏഴ് പ്രാവശ്യം സഫാമര്‍വക്കിടയില്‍ നടക്കണം. മര്‍വയില്‍ സയിഅ് അവസാനിക്കുന്നു. മുടി കളയുന്നതോടെ ഉംറ പൂര്‍ത്തിയാകുന്നു. പിന്നീട് ദുല്‍ ഹജ്ജ് 7 വൈകുന്നേരം വരെ മക്കയില്‍ താമസിക്കുന്ന സമയത്ത് ധാരാളം ത്വവാഫ് വര്‍ദ്ദിപ്പിക്കണം. ആയിഷാ പള്ളി (തന്‍ഇ) പോയി ഉംറയ്ക്ക് നിയ്യത്ത് ചെയ്ത് വന്ന് ഉംറ നിര്‍വ്വഹിക്കാം. പുണ്യഭൂമിയില്‍ ഒരു അമലിന് ഒരു ലക്ഷം പ്രതിഫലമാണ് ലഭിക്കുന്നത്. ഇവിടെ വെച്ച് ധാരാളം ഇബാദത്തുകള്‍ ചെയ്ത് പുണ്യം കരസ്ഥമാക്കാന്‍ ശ്രമിക്കണം.
ദുല്‍ഹജ്ജ് 8 ന് മുഴുവന്‍ ഹാജിമാരെയും മീനയില്‍ എത്തിക്കും. മീന തമ്പുകളുടെ നാടാണ്. ലോഹ വളയും ID കാര്‍ഡും തമ്പിന്റെ പാസ്സും കയ്യില്‍ കരുതണം. തോള്‍ സഞ്ചിയില്‍ ആവശ്യത്തിന് ഉണക്ക ഭക്ഷണവും മനാസിക്കും കരുതണം. 8,11,12,13 ദിവസങ്ങളില്‍ മീനയില്‍ താമസിക്കണം.
ദുല്‍ ഹജ്ജ് 8 ന് ഇഷായിക്ക് ശേഷം അറഫയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. 9 ന് ഉച്ചയ്ക്ക് മുമ്പായി എല്ലാവരേയും അറഫയില്‍ എത്തിക്കും. ഹജ്ജിന്റെ വളരെ പ്രധാനപ്പെട്ട കര്‍മ്മമാണ് അറഫയില്‍ താമസിക്കല്‍. ളുഹര്‍ മുതലാണ് അറഫയിലെ സമയം ആരംഭിക്കുന്നത്.ളുഹറും അസറും അവിടെ വെച്ച് നിസ്ക്കരിക്കുകയും ഒട്ടും സമയം പാഴാക്കാതെ ദിക്കിറും ഖുര്‍ആന്‍ പാരായണവും ദുആയുമായി കഴിച്ച് കൂട്ടണം. മനസ്സുരുകി ചെയ്ത് പോയ പാപങ്ങള്‍ക്കായി അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കണം.
അടുത്തത് മുസ്തലിഫയില്‍ രാപ്പാര്‍ക്കലാണ്. അതിനായി മഗ്വിബ് ബാങ്കോടുകൂടി അറഫയില്‍ നിന്ന് മുസ്തലിഫയിലേക്ക് എല്ലാവരും യാത്ര തിരിക്കും. രാത്രിയില്‍ പ്രാര്‍ത്ഥനയും ദിക്റുമായി അവിടെ ചെലവഴിക്കണം. മുസ്തലിഫയില്‍ വെച്ച് മീനയിലെ ജംറകളില്‍ എറിയാനായി 70 കല്ലുകള്‍ (കടല മണിയുടെ വലിപ്പമുള്ളവ) പെറുക്കിയെടുത്ത് ഒരു സഞ്ചിയില്‍ സൂക്ഷിക്കണം. സുബഹിക്ക് ശേഷം മീനയിലെ ജംറകളെ ലക്ഷ്യം വെച്ച് മെട്രോ ട്രൈനില്‍ യാത്ര തിരിക്കുന്നു. ജംറത്തുല്‍ അഖബിയിലാണ് പെരുന്നാള്‍ ദിവസം കല്ലെറിയേണ്ടത്. നന്നായി ജംറയ്ക്ക് അടുത്തെത്തിയാല്‍ കൈയുയര്‍ത്തി തക്ബീര്‍ ചൊല്ലി തുടര്‍ച്ചയായി 7 പ്രാവശ്യം കല്ലെറിയണം. ബലികര്‍മ്മത്തിന് ഹജ്ജ് കമ്മിറ്റി തന്നെ ഏര്‍പാട് ചെയ്തിട്ടുണ്ട്.
ഇതിന് ശേഷം മുടികളയുന്നവര്‍ക്ക് മീനായില്‍ വെച്ച് തന്നെ മുടി കളയാം. അല്ലാത്തവര്‍ക്ക് ഹറമില്‍ എത്തി ത്വവാഫുല്‍ ഇഫാളയും തുടര്‍ന്നുള്ള സഅലും നിര്‍വ്വഹിച്ച് അവിടെ വെച്ച് മുടി എടുക്കാവുന്നതാണ്. വീണ്ടും മീനായില്‍ തിരിച്ചെത്തി ദുല്‍ഹജ്ജ് 11,12,13 അവിടെ താമസിച്ച് മൂന്ന് ജംറകളിലും കല്ലെറിയുന്നു. ജംറകളിലേക്ക് പോകുമ്പോള്‍ ബാഗോ മറ്റ് സാധനങ്ങളോ കൊണ്ട് പോകാന്‍ പാടുള്ളതല്ല. കല്ലേറ് കഴിഞ്ഞാല്‍ ടെന്‍ഡില്‍ വന്ന് ബാഗെടുത്ത് മക്കയിലേക്ക് മടങ്ങാവുന്നതാണ്. ഹറമിലെത്തി നമസ്ക്കാരവും, ത്വവാഫും, ഖുര്‍ ആന്‍ പാരായണവുമായി കഴിച്ച് കൂട്ടണം. ഒരു പക്ഷെ ജീവിതത്തില്‍ ഇനിയൊരിക്കലും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഈ അവസരം പരമാവധി എല്ലാവരും ഉപയോഗപ്പെടുത്തണം.
മദീനാ യാത്രയുടെ സമയം അറിഞ്ഞാല്‍ ത്വവാഫിന്റെ വിദാ നിര്‍വ്വഹിച്ച് റുമില്‍ എത്തി ലഗ്ഗേജുകള്‍ പാക്കു ചെയ്യേണ്ടതാണ്. മക്കയില്‍ നിന്നും മദീനയിലേക്ക് ഏകദേശം 450 കി.മീ ദൂരമുണ്ട്. 10 മണിക്കൂറെങ്കിലും ബസ്സില്‍ യാത്ര ചെയ്യണം. മദീനയിലെ താമസ സൗകര്യം എല്ലാവര്‍ക്കും ഒരുപോലെയാണ്. മഹാനായ മുത്ത് മുസ്തഫാ (സ) നബിയും സ്വഹാബാക്കളും ജീവിച്ചിരുന്നതും വിശ്രമിക്കുന്നതുമായ പുണ്യ മദീനയിലേക്ക് വളരെ ക്ഷമയോടും അച്ചടക്കത്തോടും ആദരവോടും പ്രവേശിക്കുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം കവാടങ്ങളാണ് മദീനയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പുണ്യ നബി(സ) യും സ്വഹാബത്തിന്റെ സാന്നിധ്യമുള്ള ജമാഅത്തില്‍ എല്ലാവരും പങ്കെടുക്കണം. അവിടുത്തെ മിമ്പറിനും ഖബര്‍ശ്ശരീഫിനും ഇടയിലുള്ള സ്വര്‍ഗ്ഗത്തോപ്പില്‍ നിസ്ക്കരിക്കാന്‍ ശ്രമിക്കുക. ചരിത്ര പ്രസിദ്ധമായ പള്ളികളും സ്ഥലങ്ങളും മദീനയിലുണ്ട്. അവ സന്ദര്‍ശിക്കണം.
മടക്കയാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് തന്നെ നേരത്തെ സൂക്ഷിച്ച് വെച്ചിരുന്ന മടക്കയാത്രയ്ക്കുള്ള ബോര്‍ഡിങ്ങ് പാസ്സ് ഉണ്ടെന്ന് ഉറപ്പവരുത്തുക. പെട്ടികളും ഹാന്‍ഡ് ബാഗും ശരിയായി വെക്കുക. മദീന വഴി നെടുംബാശ്ശേരിയില്‍ വിമാനത്താവളത്തിലെത്തി ഇമിഗ്രേഷന്‍ കാര്യങ്ങള്‍ കഴിഞ്ഞാല്‍ വിമാന കമ്പനികളുടെ പ്രതിനിധികള്‍ 5 ലിറ്റര്‍ സംസം വെള്ളം ഓരോര്‍ത്തര്‍ക്കും നല്‍കുന്നതാണ്. വിമാനത്താവളത്തിന് പുറത്ത് ലക്ഷദ്വീപ് സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി നിങ്ങള്‍ക്കായി തയ്യാര്‍ ചെയ്യപ്പെട്ട വാഹനത്തില്‍ കയറി ഇരിക്കേണ്ടതാണ്. നിങ്ങള്‍ക്കായി തയ്യാറാക്കിയ താമസ സ്ഥലത്തെത്തി തിരികെ നാട്ടിലേക്ക് പോകാനുള്ള കപ്പല്‍ പരിപാടിക്കുവെണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്.
മഖ് ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്ത് മടങ്ങിവരാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ- ആമീന്‍
ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിക്ക് വേണ്ടി പി.പി.കുഞ്ഞിമാസ്റ്റര്‍ അമിനി മാസ്റ്റര്‍ ട്രൈനര്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY