DweepDiary.com | ABOUT US | Saturday, 20 April 2024

ഡെയ് ലി കണക്ടിവിറ്റി- ദ്വീപിന്റെ സമഗ്ര വികസനത്തിന് (കത്ത്)

In editorial BY Admin On 31 August 2015
- നൗഫല്‍.കെ.പി.വി (കല്‍പേനി)- 9495811646
സമഗ്ര വികസനം മുന്‍ നിര്‍ത്തിയാണ് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും അധികാരത്തിലേറുന്നത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവര്‍ അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇന്നത്തെ വികസനത്തില്‍ പൊതു സമൂഹം ഒട്ടും തൃപ്തരല്ല. അവര്‍ എന്ത് കൊണ്ട് തൃപ്തരാവുന്നില്ല? ഇവിടെയാണ് വികസന കാഴ്ചപ്പാടുകളുടെ വ്യത്യാസം വിഷയമാകുന്നത്.
'മൂന്ന് രൂപയുടെ അരി', 'ആള്‍താമസമില്ലാത്ത ദ്വീപുകള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാകുന്നു' , 'വിവിധ ഡിപ്പാര്‍ട്ടമെന്റുകള്‍ പോസ്റ്റുകള്‍ നികത്തുന്നു' - ഇതെല്ലാം വികസനങ്ങള്‍ തന്നെയാണ്, പക്ഷെ ഇത് കൊണ്ടൊന്നും യുവാക്കള്‍ തൃപ്തരാവുന്നില്ല.
മൂന്ന് രൂപയുടെ അരിക്ക് പകരം യുവാക്കളുടെ ആവശ്യം 30 രൂപയുടെ അരി വാങ്ങിച്ച് കഴിക്കാനുള്ള സാമ്പത്തിക വളര്‍ച്ചയാണ്. അതിന് തൊഴില്‍ വേണം. വെറും സര്‍ക്കാര്‍ ജോലികൊണ്ട് തൊഴിലില്ലാഴ്മ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് നമ്മള്‍ മനസ്സിലാക്കികഴിഞ്ഞു. എന്നിട്ടും എന്ത് കൊണ്ട് വേറെ തൊഴില്‍ മേഖലകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. എന്ത് കൊണ്ട് ജനപ്രധിനിധികള്‍ ഇതിന് വേണ്ടി സമ്മര്‍ദ്ധം ചെലുത്തുന്നില്ല. ഇത് തന്നെയാണ് മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്ന് യുവാക്കളുടെ പ്രാധിനിധ്യം കുറയാനും കാരണം.
ലക്ഷദ്വീപില്‍ സ്വകാര്യ മേഖലയ്ക്ക് ഇടപെടാന്‍ പറ്റുന്ന രണ്ട് വ്യവസായങ്ങളാണ് ഉള്ളത്. ആദ്യത്തേത് മത്സ്യ ബന്ധനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും. രണ്ടാമത്തേത് ടൂറിസവും. ഈ രണ്ട് മേഖലകളുടെ വികസനം നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായ തൊഴിലില്ലാഴ്മ പ്രശ്നം പരിഹരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
ഈ മേഖലകളുടെ വികസനത്തിന്റെ കാര്യത്തിലും കാഴ്ചപ്പാട് വിഷയമാവുന്നുണ്ട്. ഉദാഹരണത്തിന് ഫിഷര്‍മാന്‍ വില്ലേജ് നല്ലൊരു കാര്യമാണ് അതില്‍ ഒരുപാട് കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കും. പക്ഷെ ഇതിനേക്കാള്‍ പ്രാധാന്യം കല്‍പിക്കേണ്ടത് ലക്ഷദ്വീപിലെ മത്സ്യ സമ്പത്തിന് നല്ലൊരു കമ്പോളം കണണ്ടെത്തലിലാണ്. കുറഞ്ഞത് കൊച്ചി മാര്‍ക്കറ്റില്‍ പോയെങ്കിലും വില്‍ക്കാനുള്ള സൗകര്യമെങ്കിലും തൊഴിലാളികള്‍ക്കുണ്ടാവണം. ദിവസേന കരയുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചാലേ ഇത് സാധ്യമാകൂ. അതായത് അടിസ്ഥാന സൗകര്യ വികസന മില്ലാഴ്മ മൂലം ഈ മേഖലയുടെ വള്‍ച്ച മുരടിച്ചിരിക്കുന്നു. ദ്വീപുകളില്‍ എന്ത് തന്നെ നിര്‍മ്മിച്ചാലും അത് തക്ക സമയത്ത് പുറത്തുള്ള കമ്പോളങ്ങളില്‍ എത്തിക്കാനുള്ള സൗകര്യം ഈ 21-ാം നൂറ്റാണ്ടില്‍ നിലവിലില്ല.

ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖല സ്പോര്‍സിന്റെ അധീനതയിലാണ്. ഇതില്‍ നിന്ന് ദ്വീപുകാര്‍ക്ക് എന്താണ് ലാഭം?. ഈ ചോദ്യം ചോദിക്കുന്നതിന് മുമ്പേ ഉത്തരമുണ്ട്. 600 ഓളം പേര്‍ക്ക് ജോലിനല്‍കുന്നു. 600 എന്ന് പറയുമ്പോള്‍ ലക്ഷദ്വീപിലെ ജനസംഖ്യയുടെ 1% പോലുമില്ല. എന്നുള്ളത് ഒരു നഗ്ന സത്യമാണ്. ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തില്ലെങ്കിലും സ്പോര്‍സില്‍ തന്നെ ഒണ്‍ ഡേപാക്കേജുകളുടെ എണ്ണം കൂട്ടി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ പറ്റണമെങ്കില്‍ എല്ലാ ദ്വീപില്‍ നിന്നും വന്‍കരയിലേക്കും തിരിച്ചും ദിവസേന പോയി വരാനുള്ള സൗകര്യം ഉണ്ടാവണം. സമുദ്രാ പാക്കേജില്‍ നിന്നും വ്യത്യസ്തമായി എല്ലാ ദ്വീപുകളേയും കേന്ദ്രീകരിച്ച് ഒണ്‍ ഡേ പാക്കേജുകള്‍ നടപ്പിലാക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് നേരിട്ടുള്ളതല്ലാത്ത വരുമാനം ലഭിക്കുകയും ലക്ഷദ്വീപിലെ സാമ്പത്തിക മേഖലയില്‍ വന്‍ കുതിപ്പുണ്ടാവുകയും ചെയ്യും. ഇതിനെല്ലാം തടസ്സമാകുന്നത് ഡെയ് ലി കണക്ടിവിറ്റി അഥവാ ദിവസേന പോയിവരാനുള്ള സൗകര്യം ഇല്ലെന്നുള്ളതാണ്.
ഈ സാഹചര്യത്തില്‍ കല്‍പനൈറ്റ് യൂണൈറ്റഡ് എന്ന NGO പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന് സമര്‍പ്പിച്ച വികസന നിര്‍ദ്ദേശങ്ങളിലെ മുഖ്യ ലക്ഷ്യമായ ഡെയ് ലി കണക്ടിവിറ്റി അഥവാ ദിവസേന പോയിവരാനുള്ള സൗകര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. നിര്‍ദ്ദേശങ്ങള്‍ ഉന്നത അധികാരികള്‍ക്ക് സമര്‍പ്പിച്ചെങ്കിലും പ്രതീക്ഷിച്ചത്ര സ്വീകരണം അവരുടെ ലക്ഷ്യത്തിനോ നിര്‍ദ്ദേശത്തിനോ ലഭിച്ചില്ല. പോര്‍ട്ട് ഡയരക്ടര്‍ ഡെയ് ലി കണക്ടിവിറ്റി അഥവാ ദിവസേന പോയിവരാനുള്ള സൗകര്യം ജനങ്ങളുടെ ആവശ്യമാണോ എന്ന് വരെ ചോദിക്കുകയും അവരുടെ പ്രൊപോസലിന്റെ കോപ്പിവരെ വാങ്ങിക്കാതെ തിരിച്ചയക്കുകയും ചെയ്തു.
പോര്‍ട്ട് ഡയരക്ടര്‍ പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. കാരണം ഇതുവരെയുള്ള പ്രോഗ്രാം കമ്മിറ്റികളില്‍ ജനങ്ങള്‍ക്ക് തക്കതായ പ്രാധിനിധ്യം ഉണ്ടായിട്ട് പോലും ആരും ഇന്നേവരെ ഡെയ് ലി കണക്ടിവിറ്റി അഥവാ ദിവസേന പോയിവരാനുള്ള സൗകര്യത്തെക്കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ഇവിടെയാണ് നേരത്തെ പറഞ്ഞ കാഴ്ചപാടിന്റെ വ്യത്യാസം ചര്‍ച്ച ചെയ്യപ്പെടേണ്ട്ത്.
യുവ തലമുറയുടെ കാഴ്ചപാടുകള്‍ വ്യത്യസ്തമാണ്. അവര്‍ക്കെന്നും പോയിവരാനുള്ള സൗകര്യമാണ് വേണ്ടത്. ചിന്തിക്കുന്ന യുവത്വത്തേയാണ് ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനിധീകരിക്കുതെങ്കില്‍ നമ്മുടെ പ്രോഗ്രാം കമ്മിറ്റികള്‍ ഡെയ് ലി കണക്ടിവിറ്റി അഥവാ ദിവസേന പോയിവരാനുള്ള സൗകര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സജീവമാകണം. പ്രോഗ്രാം ആരു തന്നെ നിര്‍ദ്ദേശിച്ചാലും അത് ദിവസേന പോയി വരാനുള്ള സൗകര്യം എന്ന അജണ്ടയെ മുന്‍നിര്‍ത്തിയാവണം. (തുടരും)

SHARE YOUR FEEDBACK

RECENT IN THIS CATEGORY