DweepDiary.com | ABOUT US | Thursday, 28 March 2024

ഇള്ത്ത് ഫുര ----- ദ്വീപുകാരോട് ദ്വീപുഭാഷ സംസാരിച്ച കുന്നുമംബം സാഹിബ്

In editorial BY Admin On 05 May 2015
- എന്‍.ഇസ്മത്ത് ഹുസൈന്‍
അഡ്വ.അമാനുള്ളാ സാഹിബെന്ന് എല്ലാരും വിളിക്കുന്ന ഞങ്ങളുടെ സ്വന്തം കുന്നുമംബംന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മനസ്സ് വിങ്ങുകയായിരുന്നു. മരണം സ്ഥിരീകരിച്ചപ്പോള്‍ അടക്കിപ്പിടിച്ച ധൈര്യമെല്ലാം തകര്‍ന്നുനില്‍ക്കുന്ന സബീഹിനെ സാന്ത്വനിപ്പിക്കുമ്പളും എന്റെ ഉള്ളിലെ നീറ്റല്‍ അടക്കിവെക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു. മൂത്ത മകന്‍ സമീറിന്റെ അവസരോചിതമായ സാന്ത്വനം ആ കുടുംബത്തിന്റെ താങ്ങായി അനുഭവപ്പെടുകയും ചെയ്തു. കുന്നിമംബം എനിക്ക് ഏറ്റവും മൂത്ത സഹോദരനായിരുന്നു. ഒരു അമ്മാവനെക്കാളും എന്റെ ബാപ്പ കുന്നുമംബന് പിതാവിനെപോലെയായിരുന്നു. മുന്‍സിഫായിരുമ്പോള്‍ നാട്ടില്‍ വരുന്ന കുന്നിമംബന്‍ കൊപ്പരാകളത്തിലെത്തുമ്പോള്‍ അവിടം ഒരു സാംസ്ക്കാരിക കേന്ദ്രമായി മാറും. എല്ലാ കാര്യങ്ങളും തുറന്ന ചര്‍ച്ചയാകും. രാഷ്ട്രീയവും, സാംസ്ക്കാരികവും, സാമൂഹികവും, സാഹിത്യവുമെല്ലാം ചര്‍ച്ചയില്‍ വരും. ഇടക്ക് ബാപ്പാന്റെ റേഡിയോ വാര്‍ത്തകളും. LSA എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം രൂപീകരിച്ചത് കുന്നിമംബന്റെ നേതൃത്വത്തിലായിരുന്നു. ദീര്‍ഘകാലത്ത് ആ പ്രസ്ഥാനത്തിന്റെ സെക്രട്ടറി സ്ഥാനത്ത് അദ്ദേഹമായിരുന്നു. ഡി.അലിമണിക്ഫാനായിരുന്നു സ്ഥാപക പ്രസിഡന്റ്. ഇടക്കിടക്ക് പ്രസിഡന്റ്മാര്‍ മാറി മാറി വന്നപ്പോഴും അതിന്റെ നെട്ടെല്ലായി നിന്ന കുന്നിമംബന്റെ പേര് അത്രക്കൊന്നും മുകളിലാക്കി പറയുന്നത് കേട്ടിട്ടില്ല. ഒരു പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവിനെ അത് അല്ലെന്നാക്കിയാല്‍ ചരിത്രം മാപ്പ് നല്‍കുമോ? പലപ്പോഴും എന്റെ ഉള്ളില്‍ വന്ന ചോദ്യമാണ്. കോണ്‍ഗ്രസ്സ് ഐ യില്‍ നിന്നും അര കോണ്‍ഗ്രസ്സിലേക്ക് കൂറുമാറി സഈദ് സാഹിബ് കല്‍ക്കരി മന്ത്രിയായപ്പോള്‍ ഇന്തിരാഗാന്ധി കോണ്‍ഗ്രസ്സ് ഐ ടിക്കറ്റ് കുന്നിമെബന് അനുവധിച്ചു. അപ്പോള്‍ കുന്നിമംബം എന്റെ ബാപ്പാനെ വിളിച്ച് ചോദിച്ച കാര്യം ബാപ്പ എപ്പോഴും പറയുമായിരുന്നു. രാഷ്ട്രീയവും പൊതു പ്രവര്‍ത്തനവും ഉള്ളില്‍ ജ്വലിച്ച് കൊണ്ടിരുന്ന കുന്നിമംബന്‍ സ്വതന്ത്രനായി മത്സര രംഗത്തേക്ക് വരുന്നതിനെക്കുറിച്ച് ബാപ്പയോട് ചോദിച്ചപ്പോള്‍ പറഞ്ഞത് സമയമായിട്ടില്ല കാത്തിരിക്കുക. കോണ്‍ഗ്രസ്സ് ഐ ടിക്കറ്റ് കിട്ടിയപ്പോള്‍ ബാപ്പ പറഞ്ഞു നമുക്ക് മത്സരിക്കാം ജനങ്ങള്‍ കയ്യിലില്ലെങ്കിലും പാര്‍ട്ടി നമ്മള്‍ക്കൊപ്പം ഉണ്ടാകും. അന്ന് വിളിച്ച മുദ്രാവാക്യം പലരും പറഞ്ഞ് ഞാനറിഞ്ഞു. “ ജൈ അമാന്‍ ബി അമാന്‍ -ഇന്തിര ചൊല്ലിയ ബി അമാന്‍ ".
ദ്വീപുകാരായ സായിബന്മാരെല്ലാം കാല്‍കുപ്പായവും മേല്‍ കുപ്പായവുമിട്ട് ഗസറ്റഡ് റാങ്കിലെത്തുമ്പോഴേക്കും മലയാളം സംസാര ഭാഷയായി സ്വീകരിക്കും. ദ്വീപുകാരെ കണ്ടാലും അവര്‍ക്ക് ദ്വീപ് ഭാഷ വഴങ്ങില്ല. എന്നാല്‍ അവര്‍ പറയുന്നത് മലയാളവുമല്ല. മലയാളത്തിനും ദ്വീപു ഭാഷയ്ക്കു മിടയില്‍പെട്ട ഒരു നപും സക ഭാഷയാണ്. അത്തരം ഓഫീസര്‍മാര്‍ അവര്‍ സംസാരിക്കുന്ന ഭാഷപോലെ അവരുടെ പെരുമാറ്റവും രൂപാന്തരം മാറുന്നു എന്ന്ത വിചിത്രമായ അനുഭവ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കുന്നിമംബം ദ്വീപുകാരോട് മലയാളം സംസാരിച്ചില്ല. തനി നാടന്‍ ഭാഷയില്‍ അവരോട് സംസാരിച്ചും ബന്ധം നിലനിര്‍ത്തി. ആ സ്വഭാവ വൈവിധ്യവും കുന്നിമംബനില്‍ കാണാമായിരുന്നു.
നാട്ടിലെത്തിയാല്‍ ബീച്ച് വലയും തോളിലിട്ട് കീളാബായിക്ക് ബീച്ചുവലയുമായി ഇറങ്ങുന്നയാള്‍ നാടിനെ വലംവെച്ച് വടക്കും തലയും ചുറ്റി ചിലപ്പോള്‍ മേലാവായിലൂടെയാവും കയറുക. കടല്‍ കുന്നിമംബന് ലഹരിയായിരുന്നു. മെട്ടിയും, ശമ്മലിയും, കുളുവലും, മണക്കനും എപ്പോഴും കുന്നിബംന്റെ തീന്‍ മേശയിലുണ്ടാവും. സ്വന്തം വലയിട്ട്, തങ്കീസെറിഞ്ഞ് വറ്റെടുത്ത മീനുകള്‍.
കവരത്തിയില്‍ ജില്ലാജഡ്ജിയായിരിക്കുമ്പോള്‍ ഒരിക്കലെന്നെ വിളിച്ചു. ഞാന്‍ ചെന്നപ്പോള്‍ പറഞ്ഞു. ആന്ത്രോത്ത് കുട്ടികളുടെ കൊലപാതക കേസിന്റെ വിധി നാളെയാണ്. പ്രതി കോടതിയില്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. ഒന്ന് അയാളുമായി സംസാരിക്കണം. ഞാന്‍ ജയിലില്‍പോയി അയാളുമായി ദീര്‍ഘനേരം സംസാരിച്ചു. കാര്യങ്ങള്‍ കുന്നിമംബനെ ധരിപ്പിച്ചു. തന്റെ തീരുമാനങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുകയായിരുന്നെന്ന് പീന്നീട് എനിക്ക് ബോധ്യമായി.
ഞങ്ങള്‍ കുട്ടികളും കള്ളനും പോലീസും കളിക്കുമ്പോള്‍ ജഡ്ജിക്കൊത്തവിധി എന്ന് പറയുമ്പോള്‍ ആ കഷണ്ടി നിറഞ്ഞ കുന്നിമംബനെ മനസ്സിലേക്ക് കയറിവരും. ജഡ്ജിക്കൊത്ത വിധി പറഞ്ഞ് ലക്ഷദ്വിപിലെ പ്രിയപ്പെട്ട ന്യായാധിപന്‍ വിടപറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഞങ്ങളുടെ സ്വന്തം അക്ഷരങ്ങളില്‍ ഒതുക്കാനാവാത്ത എന്തൊക്കയോ ആയിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY