DweepDiary.com | ABOUT US | Friday, 29 March 2024

നമ്മുടെ ദ്വീപിന്റെ 58 ആം ജന്മദിനം

In editorial BY Admin On 01 November 2014
അറബിക്കടലിലെ മരതക മുത്തുകളായാണ് ലക്ഷദ്വീപുകള്‍ അറിയപ്പെടുന്നത്. 36 ദ്വീപുകളുടെ കൂട്ടമാണ് ലക്ഷദ്വീപുകള്‍. ലക്ഷദ്വീപ് എന്ന പേരിന് മുന്പ് ലാക്കഡീവ്സ് ആമിന്‍ദീവി & മിനിക്കോയ് ഐലന്റ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. വ്യക്തമായ ഒരു ചരിത്ര പശ്ചാത്തലം ലക്ഷദ്വീപിന് ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ കല്‍പേനി സ്വദേശികളായ പി.ഐ.കോയക്കിടാവ് കോയയുടെ ലക്ഷദ്വീപ് ചരിത്രവും പി.ഐ.പൂക്കോയയുടെ ദ്വീപോല്‍പ്പത്തിയും ദ്വീപിന്റെ ഇരുളടഞ്ഞ ചരിത്രത്താളുക ളിലേക്ക് വെളിച്ചം വീശുന്നവയാണ്. ദ്വീപുകള്‍ക്കായി ഒരിക്കല്‍ പോലും ഒരു ഭരണ സംവിധാനം നിലനിന്നിരുന്നില്ല. സുശക്തമായ ഒരു ഭരണ കൂടത്തിന്റെ അഭാവത്തില്‍ പ്രാദേശിക നാടുവാഴികള്‍ ഭരണം നടത്തിയിരുന്ന ഒരു പ്രദേശമായിരുന്നു പ്രാചീന ലക്ഷദ്വീപ്. 1947 -ല്‍ ഇന്ത്യയോടൊപ്പം ലക്ഷദ്വീപും ബ്രിട്ടീഷുകാരുടെ കരങ്ങളില്‍ നിന്ന് സ്വതന്ത്രമാകുന്നത് വരെ കോലത്തിരി, പോര്‍ച്ച്ഗീസ്, അറക്കല്‍, ടിപ്പുസുല്‍ത്താന്‍ തുടങ്ങിയവര്‍ മാറി മാറി ഭരണം നടത്തിയിരുന്നു. ദ്വീപുകളില്‍ സുലഭമായി ലഭിച്ചിരുന്ന കക്ക, കവിടി, ആമത്തോട്, കയര്‍, തേങ്ങ, കൊപ്ര, അമ്പര്‍ മുതലായവയ്ക്ക് വേണ്ടി മാത്രമായിരുന്നു ഇവരിലും കൂടുതലും ലക്ഷദ്വീപില്‍ ആധിപത്യം സ്ഥാപിച്ചിരുന്നത്.
ലക്ഷദ്വീപ് എന്ന പേരിന് പിന്നില്‍
നമ്മുടെ ദ്വീപുകള്‍ക്ക് ലക്ഷദ്വീപുകള്‍ എന്ന പേര് ലഭിച്ചതിന്റെ പിന്നില്‍ പല ഐതീഹ്യങ്ങളും, ചില യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. വാസ്കോഡഗാമാ യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് തന്റെ പ്രഥമ യാത്ര ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് വഴികാട്ടിയായത് ഇബ്നു മാജ എന്ന അറബി സഞ്ചാരിയായിരുന്നു. അദ്ദേഹം പറഞ്ഞു “നമ്മള്‍ പോകുന്ന വഴിക്ക് അറബിക്കടില്‍ കുറെ ദ്വീപുകള്‍ ശ്രദ്ധയില്‍പെടും. ഈ ദ്വീപുകള്‍ കാണുമ്പോള്‍ കപ്പല്‍ നേരെ കിഴക്കോട്ട് തിരിച്ച് വിട്ടാല്‍ കേരളതീരത്തെവിടെയെങ്കിലും ചെന്നെത്താം.” അങ്ങനെ യാത്രാ മദ്ധ്യേ ഈ ദ്വീപുകള്‍ കണ്ണില്‍ പെടുകയും ഗാമ ആകാശത്തേക്ക് ആചാരവെടികള്‍ മുഴക്കി ആഹ്ലാദം പങ്കിടുകയും ചെയ്തു. തുടര്‍ന്നുള്ള യാത്രകളില്‍ ലക്ഷ്യം കാണിച്ചിരുന്ന ഈ ദ്വീപുകളെ അദ്ദേഹം 'ലാക്ക ഡീവ്സ്' എന്ന് വിളിച്ചു. ഇംഗ്ലീഷില്‍ Lake എന്ന വാക്കിനര്‍ത്ഥം തടാകം, പൊയ്ക, ജലാശയം എന്നൊക്കെയാണ്. ദ്വീപീന്റെ പടിഞ്ഞാറുഭാഗത്തുള്ള ലഗൂണ്‍ കണ്ടിട്ട് അങ്ങനെ വിളിച്ചതാവാം. എന്തായാലും പില്‍ക്കാലത്തെ റിക്കാര്‍ഡുകളില്‍ ലാക്കഡീവ്സ് ആമിന്‍ദീവി & മിനിക്കോയ് ഐലന്റ് എന്നെഴുതിക്കാണുന്നു. അത് പിന്നീട് 1973-ല്‍ ശ്രീ.പി.എം.സഈദ് സാഹിബ് പാര്‍ലമന്റില്‍ ഒരു ബില്‍ അവതരിപ്പിച്ച് കൊണ്ട് ലാക്കഡീവ്സ് എന്ന പേര് ലക്ഷദ്വീപെന്നാക്കി മാറ്റി.
ലക്ഷദ്വീപ് ലോകസഭയിലേക്ക്
ലക്ഷദ്വീപിന് ഒരു സംസ്ഥാന പദവിയുണ്ടെങ്കിലും തെരെഞ്ഞെടുക്കപ്പെട്ട ഒരു നിയമ നിര്‍മ്മാണ സഭയില്ല. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കുന്ന എല്ലാ നിയമങ്ങളും ദ്വീപുകളില്‍ നടപ്പിലുണ്ട്. സംസ്ഥാന പുന:സംഘടനയ്ക്ക് മുന്പ് ദ്വീപുകള്‍ ചേവായൂര്‍ അസംബ്ലി മണ്ഡലത്തിന്റെ ഭാഗമായിരുന്നു. പാര്‍ലമെന്റ് മണ്ഡലം എന്ന നിലയില്‍ അന്നത്തെ മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായ കോഴിക്കോടിനൊപ്പവും ആയിരുന്നു. ചേവായൂര്‍, കോഴിക്കോട് മണ്ഡലങ്ങളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്നവര്‍ 1956 വരെ, ദ്വീപുകളെ കൂടി പ്രതിനിധീകരിച്ചിരുന്നു. അന്ന് ചേവായൂര്‍ മണ്ഡലത്തില്‍ നിന്നും മദ്രാസ്സ് അസംബ്ലിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ശ്രീ.അപ്പു, എം.എല്‍.എ ലക്ഷദ്വീപിനെ കൂടി പ്രതിനിധീകരിച്ചിരുന്നു. ഒന്നാം ലോകസഭ തെരെഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിന്റെ ഭാഗമായിരുന്നു ലക്ഷദ്വീപുകള്‍. അന്ന് കോഴിക്കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ച ശ്രീ.കെ.ദാമോദര മേനോനാണ് ലക്ഷദ്വീപിന് വേണ്ടി പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചത്. 1956- ല്‍ ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശമായപ്പോള്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപ് ഒരു പാലമെന്റ് നിയോജക മണ്ഡലമായി അംഗീകരിക്കുകയായിരുന്നു. 1956-ലെ പാര്‍ലമെന്റ് നിയമമനുസരിച്ച് ഇന്ത്യന്‍ പ്രസിഡന്റ് ഒരു ദ്വീപുകാരനെ പാലമന്റ് മെന്പറായി നിയമിച്ചിരുന്നു. അങ്ങനെ 1957-ലും 1962-ലും നോമിനേഷനിലൂടെ ലക്ഷദ്വീപിനെ പ്രതിനിധികരിച്ച് ആദ്യമായി ലോകസഭയിലെത്തിയത് ആന്ത്രോത്ത് ദ്വീപുകാരനായ ശ്രീ.കൊയിലാട്ട് നല്ലകോയ തങ്ങള്‍ എന്ന ഭാഗ്യശാലിയായിരുന്നു.
ലക്ഷദ്വീപില്‍ ആദ്യത്തേത്

1. ആദ്യത്തെ മെട്രിക്കുലേഷന്‍?
- പി.എ.കോയക്കിടാവ് കോയ, കല്‍പേനി
2. ആദ്യത്തെ ബിരുദധാരി?
- കെ.കെ.സൈദ് മുഹമ്മദ് കോയ, ആന്ത്രോത്ത്
3. ആദ്യത്തെ ഡോക്ടര്‍?
- എസ്.വി.പി.ശൈഖ് കോയ, ആന്ത്രോത്ത്
4. ആദ്യത്തെ അധ്യാപകന്‍?
- പി.എ.കോയക്കിടാവ് കോയ, കല്‍പേനി
5. ആദ്യത്തെ പി.എച്ച്.ഡി ബിരുദധാരി?
- എം.എസ്.സൈദ് ഇസ്മാഇല്‍ കോയ,ചെത്ത്ലാത്ത്
6. ആദ്യത്തെ എല്‍.എല്‍.ബി ?
- കെ.കെ.സൈദ് മുഹമ്മദ് കോയ, ആന്ത്രോത്ത്
7. ആദ്യത്തെ വനിതാ ഡോക്ടര്‍?
- ഡോ.റഹ്മത്ത് ബീഗം, അഗത്തി
8. ആദ്യത്തെ മുന്‍സിഫ്?
- ബി.അമാനുള്ളാ, കില്‍ത്താന്‍
9. ആദ്യത്തെ എന്‍ജീനിയര്‍?
- കെ.അലി മണിക്ഫാന്‍, മിനിക്കോയി
10.ആദ്യത്തെ പാലമെന്റ് മെമ്പര്‍?
- കെ.നല്ലകോയ തങ്ങള്‍, ആന്ത്രോത്ത്
അഡ്മിനിസ്ട്രേറ്ററുമാര്‍ ഇതുവരെ
1. ശ്രീ.യു.ആര്‍.പണിക്കര്‍ 2. ശ്രീ. എസ്.മണി അയ്യര്‍ 3. ശ്രീ. സി.കെ.നായര്‍ 4. ശ്രീ.എം.രാമുണ്ണി 5. ശ്രീ.സി.എച്ച്.നായര്‍ 6. ശ്രീ.കെ.ഡി.മേനോന്‍ 7. ശ്രീ.ഡബ്ല്യു.ഷൈസാ 8. ശ്രീ.എം.സി.വര്‍മ്മാ 9. ശ്രീ.എസ്.ഡി.ലഹ്ക്കര്‍ 10.ശ്രീ.പി.എം.നായര്‍ 11.ശ്രീ.പ്രദീപ് മെഹ്റാ 12.ശ്രീ.ഒമേശ് സൈഗാള്‍ 13.ശ്രീ.ജഗദീശ് സാഗര്‍ 14.ശ്രീ.വജഹത്ത് ഹബീബുള്ളാ 15.ശ്രീ.പ്രദീപ് സിങ്ങ് 16.ശ്രീ.എസ്.പി.അഗര്‍വാള്‍ 17.ശ്രീ.സദീശ് ചന്ദ്രാ 18.ശ്രീ.ജി.എസ്.ചീമാ 19.ശ്രീ.രാജീവ് തല്‍വാര്‍ 20.ശ്രീ.ആര്‍.കെ.വര്‍മ 21.ശ്രീ.ചമന്‍ലാല്‍ 22.ശ്രീ.ആര്‍.കെ.വര്‍മ 23.ശ്രീ.കെ.എസ്.മെഹ്റ 24.ശ്രീ.എസ്.പി.സിങ്ങ് 25.ശ്രീ.പെരുമാള്‍ റായി 26.ശ്രീ.രാജേന്ദ്ര കുമാര്‍ 27.ശ്രീ.ബി.വി.ശെല്‍വരാജ് 28.ശ്രീ.സത്യഗോപാല്‍ 29.ശ്രീ.ജെ.കെ.ദാദൂ 30.ശ്രീ.അമര്‍നാഥ് 31.ശ്രീ.രാജേഷ് പ്രസാദ്

SHARE YOUR FEEDBACK

RECENT IN THIS CATEGORY