DweepDiary.com | ABOUT US | Saturday, 20 April 2024

സ്വയംഭരണ സംവിധാനം കാല്‍ നൂറ്റാണ്ട് കാലം പിന്നിടുമ്പോള്‍...(Editorial)

In editorial BY Admin On 29 October 2014
ദ്വീപു പഞ്ചായത്ത് നിലവില്‍ വന്ന് ഇത് ഇരുപതാം വര്‍ഷ ഭരണമാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. അതിന് മുന്പ് ഐലന്റ് കൗണ്‍സിലിന്റെ ഏഴ് വര്‍ഷവും കൂടി ചേര്‍ക്കുന്പോള്‍ സ്വയംഭരണ സംവീധാനത്തിന് ലക്ഷദ്വീപില്‍ കാല്‍ നൂറ്റാണ്ട് കാലം പിന്നിടുന്നു. സ്വയം തീരുമാനമെടുക്കാനും നാടിന്റെ പൊതു കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും കിട്ടിയ നീണ്ട കാലം നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ എങ്ങനെ ഉപയോഗിച്ചുവെന്ന് ഓരോരുത്തരും വിശകലനം ചെയ്യുന്നത് നന്നായിരിക്കും. സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ വിതരണം ചെയ്യുന്ന (ഐ.ആര്‍.ഡി.പി, എന്‍.ആര്‍.ഇ.പി, തൊഴിലുറപ്പ് പദ്ധതി, മുതലായവ ) ഒരു ഏജന്‍സി മാത്രമാകുന്നരീതിയില്‍ അധ:പതിച്ചു. ദീര്‍ഘ വീക്ഷണമോ പദ്ധതി വീക്ഷണമോ ഇല്ലാതെ നമ്മുടെ പഞ്ചായത്തുകള്‍ ഇപ്പോള്‍ കക്കൂസിന്റെയും കിണറിന്റെയും നിര്‍മ്മാണത്തിന് തൊഴിലാളികളെ എടുക്കുന്നതിന് തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു. വളരെ കുറഞ്ഞ ജനസംഖ്യയുള്ള കൊച്ചു കൊച്ചു ദ്വീപുകളാണ് നമ്മുടേത്. നമ്മുടെ നാടിന്റെ ആവശ്യങ്ങള്‍ വേര്‍തിരിച്ച് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അഞ്ചോ പത്തോ വര്‍ഷം മാത്രം മതിയാവും ഓരോ ദ്വീപും സ്വയം പര്യാപ്തമാവാന്‍. കേരളം, തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമ പഞ്ചായത്തുകളില്‍ സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രാക്ടിക്കല്‍ പദ്ധതി വിശകലനത്തിലൂടെയാണ് ദ്വീപ് ഡയറി ഇത് പറയുന്നത്. എന്ത് കാര്യം പറയുമ്പോഴും ഫണ്ടിന്റെ ദൗര്‍ലഭ്യതെക്കുറിച്ച് മാത്രമാണ് നേതാക്കള്‍ സംസാരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ടിനെ ആശ്രയിക്കാതെ തന്നെ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാന്‍ നമുക്ക് സാധിക്കും. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തി മുന്നിട്ടിറങ്ങാന്‍ തയ്യാറുള്ള ഒരു ചെയര്‍പേഴ്സണോ പഞ്ചായത്ത് മെന്പറോ ദ്വീപില്‍ ഇല്ലെന്നാണ് സങ്കടം. തിരഞ്ഞെടുപ്പ് വന്നാല്‍ നാടിന്റെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വ്യക്തികളെ അന്വേഷിക്കാതെ വോട്ട് ബാങ്കുള്ള ആളുകളെ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ കാഴ്ചപ്പാടില്ലാഴ്മയാണ് ആദ്യം മാറേണ്ടത്. എനിക്ക് ഇത് യോജിച്ചതല്ല എന്ന് തോന്നുന്ന ചെയര്‍പേഴ്സണ്‍മാരും മെന്പര്‍മാരും ഉണ്ടെങ്കില്‍, നമ്മുടെ നാടിന് വര്‍ഷവും സമയവും നഷ്ടപ്പെടുത്താതെ രാജിവെച്ചൊഴിഞ്ഞ് കാഴ്ചപ്പാടുള്ള വ്യക്തികളെ കണ്ടെത്തി രംഗത്ത് കൊണ്ടുവരാന്‍ ശ്രമിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അതല്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY