DweepDiary.com | ABOUT US | Friday, 29 March 2024

വീണ്ടും കുറെ കടല്‍ കഥകള്‍!

In editorial BY Admin On 11 October 2014
തിമിര്‍ത്ത് പെയ്തും ഭൂവാകെ സുഖം നല്‍കിയും തൂഫാനായി ഭദ്രഭാവം കാണിച്ചും വമ്പന്‍ മോസയായി കരകവര്‍ന്നും താണ്ടവമാടിയ ബരിശം മെല്ലെ പിന്‍വാങ്ങിയിരിക്കുന്നു. ഇനി പുതിയ കടല്‍ക്കാറ്റിന്‍റെ ഗന്ധം! കടല്‍ക്കരയില്‍ അന്നത്തെ 'അദ്ധ്വാനവും' കൊണ്ട് മല്‍സ്യ നൌകകള്‍ അണഞ്ഞു തുടങ്ങി. കടപ്പുറത്തെ 'മാസ്' ബേലികളിലെ ചൂരയുടെ പ്രത്യേക ഗന്ധം പണ്ടത്തെ സമൃതിയുടെ ഓര്‍മ്മകളിലേക്ക് ആനയിക്കുന്നു. സ്കൂള്‍ വിട്ടാല്‍ 'മേലാബാ'യില്‍ കൂട്ടം കൂടുകയും ബോട്ടുകള്‍ വരുന്നത് വരെ ഉപ്പ് വിളിച്ചും 'കടലാടി'യും ഉല്ലസിച്ച്, ബോട്ട് വന്നാല്‍ 'ഫനഞ്ഞി'യും ചൂരത്തലയില്‍ നിന്നും 'കൊമ്മക്ക'യും അടര്‍ത്തി ഓലയില്‍ കോവകോര്‍ക്കുന്ന ബാല്യങ്ങളും സജീവമായി. ഫാണ്ടിയാല വെടിപ്പാക്കിയും പുതിയ കമാനങ്ങള്‍ വെച്ചും മൌലൂദുകള്‍ പാരായണം ചെയ്തും ബോട്ടുകാര്‍ സമൃതിയെ വരവേല്‍ക്കാന്‍ ഒരുങ്ങി. ചിലര്‍ വയസന്‍ ബോട്ടിനെ പുതുക്കി ചെറുപ്പമാക്കി, മറ്റു ചിലര്‍ പുതിയ ബോട്ട് തന്നെ നീറ്റിലിറക്കി. ചങ്ങമ്പുഴ ഭാഷയില്‍ ഇപ്പോള്‍ മേലാബാ കടലില്‍ എവിടെത്തിരിഞ്ഞാലും വെറും ബോട്ടുകള്‍ മാത്രം!

മല്‍സ്യബന്ധനത്തിന്‍റെ തലസ്ഥാനം എന്ന്‍ ലക്ഷദ്വീപില്‍ പരക്കെ വിശേഷിപ്പിക്കുന്ന അഗത്തി ദ്വീപിലെ ദ്യശ്യങ്ങളാണ് മേല്‍ ഉദ്ധരണികള്‍. ഇവിടെ ബോട്ടുകള്‍ ഏറെ കുറെ കടലില്‍ ഇറങ്ങി മല്‍സ്യ ബന്ധനം തുടങ്ങി കഴിഞ്ഞു. പരമകാരുണ്യവാന്‍റെ കടലില്‍ നിന്നും ഉദാരതയും ധാരാളിത്വവും പ്രതീക്ഷിച്ച് പതിവ് പോലെ സീസണിലെ ഒന്നാമത്തെ ചൂരകൂട്ടം സര്‍വ്വരും സ്വദക്ക (ധര്‍മ്മം) ചെയ്തു. ചിലര്‍ക്ക് 200 ചൂര കിട്ടി. ചിലര്‍ക്ക് അതിലും കൂടുതല്‍. എല്ലാം ധര്‍മ്മം ചെയ്തു. കാപ്പാന്‍ വരുന്ന ആചാരം ഏറെ കുറെ അപ്രത്യക്ഷമായ ഈ കാലഘട്ടത്തില്‍ ഇതൊരു അനുഗ്രഹം തന്നെ.

ഒരു വേള കടലില്‍ നിന്ന്‍ മീന്‍ ലഭ്യത കുറഞ്ഞതോടെയും ഹോം ടൂറിസത്തിന്‍റെ വരവോടെയും ചിലര്‍ 'മീന്‍ പണി' നിര്‍ത്തുകയും ബോട്ട് വില്‍ക്കുകയും ടൂറിസം മേഖലകളിലേക്ക് തിരിയുകയും ചെയ്തിരുന്നു. ഇത് മല്‍സ്യ ബന്ധന ഭൂപടത്തില്‍ ദ്വീപിന്‍റെ പ്രശസ്തിക്ക് ഏറെ കോട്ടം വരുത്തിയിരുന്നു. എന്നാല്‍ ലക്ഷദ്വീപ് ടൂറിസം കോടതി കയറിയതോടെ ബോട്ട് വിറ്റവര്‍ പെരുവഴിയിലായി. കടവും കടത്തിന്‍മേല്‍ കടവുമായി നിന്നവര്‍ വീണ്ടും പഴയ പണിക്കിറങ്ങിയതോടെ അഗത്തി വീണ്ടും പഴയ കാല പ്രതാപത്തേക്ക് തിരിച്ചെത്തിയിരിക്കുന്ന കാഴ്ച ഏറെ സന്തോഷമുണ്ടാക്കുന്നു. പ്രകൃതി തന്ന വരദാനത്തെ മറന്ന്‍ കൊണ്ട് പ്രൌഡിയുടെ ജോലി തേടിപ്പോയ തങ്ങളുടെ കഥ എല്ലാവര്‍ക്കും പാഠമാവട്ടെ എന്ന്‍ നീണ്ട നെടുവീര്‍പ്പോടെ അഗത്തിക്കാര്‍ മറ്റു ദ്വീപുകാരെ ഓര്‍മ്മിപ്പിക്കുന്നു. ആധുനിക ഉപകരണങ്ങളോടും ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ വഴി മീനിന്‍റെ സാന്നിധ്യം അറിയാനുള്ള സങ്കേതങ്ങളോടും അധികാരികളും മുക്കുവന്മാരും കാണിക്കുന്ന അയിത്തവും കൂടി ഒഴിവാക്കിയാല്‍ നമ്മുടെ മല്‍സ്യ ബന്ധന ഗ്രാമങ്ങള്‍ കൂടുതല്‍ പുരോഗമനത്തിലേക്ക് എത്തുമെന്ന ചിന്താധാരയോടെ ലേഖനം അവസാനിപ്പിക്കട്ടെ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY