DweepDiary.com | ABOUT US | Wednesday, 24 April 2024

യാക്കൂബ് മാസ്റ്റര്‍ സ്കൂളിന്റെ പടിയിറങ്ങുമ്പോള്‍

In editorial BY Admin On 06 October 2014
കുട്ടികള്‍ സ്കൂളില്‍ ചേര്‍ന്ന് പഠിച്ച് പഠിച്ച് പത്താം തരവും കഴിഞ്ഞ് പുറത്ത് പോയി. ഓരോ വര്‍ഷവും പുതിയ തലമുറ ക്ലാസ്സ് മുറികളിലേക്കെത്തുകയും ഓരോ തലമുറ സ്കൂളില്‍ നിന്ന് പുറത്ത് പോവുകയും ചെയ്തു കൊണ്ടിരിക്കുന്നു. എത്രയോ തലമുറ യാക്കൂബ് മാസ്റ്ററിന്റെ കണ്‍മുമ്പുലൂടെ കടന്ന് പോയി. പഠിപ്പിച്ച് വിട്ടവര്‍ മാഷിന്റെ സഹപ്രവര്‍ത്തകരായെത്തി. അവരെ സുഹൃത്തുക്കളാക്കി തമാശ പറഞ്ഞ് കാക്കാന്റെ, ബീക്കാന്റെ, മൈഷാന്റെ ഹോട്ടലുകളിലേക്ക് ചായകുടിക്കാന്‍ പോയിക്കൊണ്ടിരുന്നു. ചെവി പിടിച്ച് നുള്ളിയ വാക്ക് കൊണ്ട് നക്ഷത്രമെണ്ണിച്ച ചൂരല്‍ കശായമൂട്ടിയ പഴയ പിള്ളേരാണെന്ന ഭാവമൊന്നും മാഷിന്റെ മുഖത്തില്ല. അധ്യാപകന്റെ എല്ലാ ബഹുമാനവും നല്‍കി യാക്കൂബ് സാര്‍ അവരുടെയെല്ലാം പ്രിയ അധ്യാപകനായി. യാക്കൂബ് മാസ്റ്റര്‍ വിരമിക്കുകയാണ്. അദ്ദേഹത്തിന് അത്രയും പ്രായമായോ? താടിയും മുടിയും നരച്ചിട്ടുണ്ട്. വായനക്ക് കണ്ണട ഉപയോഗിക്കുന്നുണ്ട്. പക്ഷെ ആ സരസമായ സംസാരത്തിന് ഇന്നും യുവത്വമാണ്. ക്ലാസ്സ് മുറിയില്‍ ഉയര്‍ത്തിവിട്ട ഭാഷാ പഠനത്തിലെ ഫലിത വിപ്ലവം മറ്റൊരു അധ്യാപകനും അനുകരിക്കാനാവാത്തതായിരുന്നു. നാടക പ്രവര്‍ത്തകനായയി, കലാ സാഹിത്യ പ്രവപര്‍ത്തകനായി, സാംസ്ക്കാരിക മുന്നേറ്റകനായി ഒരധ്യാപകന്‍ സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു യാക്കൂബ് മാസ്റ്റര്‍. അദ്ദേഹം സെപ്റ്റംബര്‍ 30 ന് സംഭവ ബഹുലമായ ഔദ്യോഗിക ജീവിത്തില്‍ നിന്നും വിരമിച്ചു. അത് കില്‍ത്താന്‍ ദ്വീപിന്റെ മനസ്സിന് ഉള്‍ക്കൊള്ളാനാവാത്ത ഒരു സത്യമായിരുന്നു. അദ്ദേഹത്തിന്റെ ഭാവി ജീവിതം സര്‍വ്വശക്തന്‍ ദീര്‍ഘായുസ്സും സുഖ ജീവിതവും നല്‍കുമാറാകട്ടെ.
ജീവിതരേഖ:- 1954 ജൂലായ് മാസം 9-ആം തിയതി കില്‍ത്താന്‍ ദ്വീപില്‍ ജനനം. പിതാവ് കാസ്മി ആച്ചാമ്മാട. മാതാവ് -ജമീലത്ത് പുതിയത്തക്കല്‍. കില്‍ത്താന്‍ ദ്വീപ് പ്രൈമറി സ്കൂള്‍, അമിനി ദ്വീപ് ഹൈസ്കൂള്‍, , പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിഭ്യാസം. കോഴിക്കോട് ട്രൈനിങ്ങ് കോളേജില്‍ നിന്നും ബി.എഡ്. 1979 ല്‍ ലക്ഷദ്വീപില്‍ നിന്നുള്ള രണ്ടാമത്തെ മലയാള അധ്യാപകനായി കില്‍ത്താന്‍ ദ്വീപ് ഹൈസ്കൂളില്‍ നിയമിതനായി. മിനിക്കോയി, ആന്ത്രോത്ത്, അമിനി, കടമത്ത് സ്കൂളുകളില്‍ സേവന മനുഷ്ടിച്ചു. 2012 ല്‍ അദ്ദേഹത്തെ ഏറ്റവും നല്ല അധ്യാപകനുള്ള രാഷ്ട്രപതി അവാര്‍ഡിനായി തിരഞ്ഞെടുത്തു.

യാത്രയയപ്പ് ചടങ്ങ്
കില്‍ത്താന്‍- സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ നെഴ്സറി ക്ലാസ്സ് മുതല്‍ പ്ലസ്ടൂ ക്ലാസ്സ് വരെയുള്ള എല്ലാ അധ്യാപകരും പങ്കെടുത്തു. പകരം വെക്കാനില്ലാത്ത അധ്യാപകനാണ് യാക്കൂബ് മാസ്റ്ററെന്ന് പ്രസംഗിച്ച എല്ലാവരും തന്നെ അടിവരയിട്ട് പറഞ്ഞു. ശ്രീ.കാദര്‍കോയ മാസ്റ്റര്‍, ശ്രീ.റഹ്മത്തുള്ളാ മാസ്റ്റര്‍, ശ്രീ.സൈദ് മുഹമ്മ് കോയാ മാസ്റ്റര്‍ തുടങ്ങിവര്‍ യാക്കൂബ് മാസ്റ്റര്‍ക്ക് അനുമോദനമര്‍പ്പിച്ച് സംസാരിച്ചു. എസ്.എം.സി ചെയര്‍മാന്‍ അബ്ദുള്ളാകോയ ബാഖവി യാക്കൂബ് മാസ്റ്ററുടെ സേവനങ്ങളും ക്ലാസ്സുകളും ജനഹൃയത്തില്‍ എന്നും മായാതെ നില്‍ക്കുമെന്നും, ഇദ്ദേഹത്തെ പോലുള്ളവരുടെ വിരമിക്കല്‍ ഖിയാമത്ത് നാളിലേക്കുള്ള അടയാളമെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പണ്ടത്തെ വിദ്യാര്‍ത്ഥികളുടെ അര്‍പ്പണ ബോധവും ഗുരു ശിഷ്യ ബന്ധവും പുകഴ്ത്തിയപ്പോള്‍ ഇപ്പോഴുള്ള തലമുറ കാട്ടിക്കൂട്ടുന്ന കോപ്രാങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവും നടത്തി. തനിക്ക് ഉപഹാരമായി നല്‍കിയ ഇരുപതിനായിരത്തോളം രൂപ സ്കൂളിനായി സംഭാവന ചെയ്ത അദ്ദേഹം പത്താം ക്ലാസ്സില്‍ എപ്ലസ് വാങ്ങിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടായിരം രൂപ വീതം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തെ കുറിച്ച് രചിച്ച ഒരു ഗാനം ഗായകന്‍ ദര്‍വേശ് ഖാന്‍ ആലപിച്ചത് സദസ്യരെ മനസ്സലിയിച്ചു. വിഭവ സമൃദമായ വിരുന്നിന് നന്ദി പറഞ്ഞ് യാക്കൂബ് മാസ്റ്റര്‍ സ്കൂളിന്ന് പടിയിറങ്ങി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY