DweepDiary.com | ABOUT US | Thursday, 25 April 2024

മാധ്യമ ചിന്തകള്‍ അവസാനിക്കുന്നില്ല (Editorial)

In editorial BY Admin On 15 September 2014
സ്വന്തമായി മാധ്യമമില്ലാത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ്വ ജന വിഭാഗങ്ങളിലൊന്നാണ് ലക്ഷദ്വീപ്. ഒരു സമൂഹത്തിന്റെ സമൂലമായ പുരോഗതി മാധ്യമങ്ങളെ ആശ്രയിച്ചാണ് വികസിക്കുന്നത്. സംസ്ക്കാരം, വിദ്യാഭ്യാസം, ചരിത്രം, ശാസ്ത്രം, സാമ്പത്തികം, കല, സാഹിത്യം, യാത്രാ സൗകര്യം, പരിസ്ഥിതി, രാഷ്ട്രീയം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളുടെ വിലയിരുത്തലിലൂടെയാണ് ഒരു പ്രദേശത്തിന്റെ പുരോഗതി വിലയിരുത്തപ്പെടേണ്ടത്. ഇത്തരം കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ നമ്മള്‍ തൊട്ടടുത്ത കേരളത്തെ അപേക്ഷിച്ച് പതിറ്റാണ്ടുകള്‍ക്ക് പുറകിലാണ്. വേണ്ട വഭവശേഷി ഇല്ലാഞ്ഞിട്ടോ ചരിത്ര പരവും സാംസ്ക്കാരികപരവുമായ പാരമ്പര്യ മില്ലാഞ്ഞിട്ടൊ അല്ല, മറിച്ച് ഇതിനെയെല്ലാം ഏകീകരിക്കാനും പ്രചോദിപ്പിക്കാനുമുള്ള മാധ്യമങ്ങളുടെ അഭാവമാണ് മുഖ്യമായ കാരണം. ഒപ്പം ദീര്‍ഘ വീക്ഷണമില്ലാത്ത രാഷ്ട്രീയ നേതൃത്വവും. ഇടക്കിടക്ക് തലപൊക്കി അസ്തമിച്ച് പോയ കുറേ ശ്രമങ്ങള്‍ ദ്വീപിലെ മാധ്യമ മേഖലയില്‍ നടന്നിട്ടുണ്ട്. ദ്വീപപ്രഭയും ആഴിനാദവും പവിഴദ്വീപും ലക്ഷദ്വീപ് എക്സ് പ്രസ്സും പിന്നെ ഇരു രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ചില ശ്രമങ്ങളും ഈ ഗണത്തില്‍‍ പെടുന്നു. മാസികാ സ്വഭാവത്തില്‍ വന്നവയില്‍ ജലജിഹ്വയും അല്‍ഖലവും ലക്ഷദ്വീപ് ഡയറിയും ഐലന്റ് ടുഡേയും കണ്ണാടിപ്പാത്തയും ഉള്‍പ്പെടുന്നു. ഇവയുടെ എല്ലാം പ്രവര്‍ത്തനം മുടങ്ങാത്ത ഒരു മാധ്യമശ്രമത്തിന് തീര്‍ച്ചയായും ഒരു മുതല്‍കൂട്ടായി മാറും. ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍ ഈ ശ്രമങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത്തരം ഒരു ചിന്തയാണ് ദ്വീപ് ഡയറി എന്ന ഈ പത്രത്തിലേക്ക് ഞങ്ങളെ കൊണ്ടെത്തിച്ചത്. കാത്തിരുന്ന ഒരു സംരംഭം എന്ന പോലെയാണ് ദ്വീപു ജനത ദ്വീപുഡയറിയെ സ്വീകരിച്ചത്. തെരെഞ്ഞെടുപ്പ് കാലത്ത് ദ്വീപ് ഡയറി ദ്വീപുകളില്‍ ആഘോഷിക്കപ്പെടുകയായിരുന്നു. ദ്വീപിലെ ഭുമിശാസ്ത്ര ഒറ്റപ്പെടലും രാഷ്ടീയ മനസ്സും ഞങ്ങളുടെ ചില വിലയിരുത്തലുകളില്‍ തടസ്സമുണ്ടാക്കിയിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യം ലക്ഷദ്വീപില്‍ മുടങ്ങാത്ത നിഷ്പക്ഷമായ ഒരു മാധ്യമമാണ്. അതിന് വേണ്ടിയുള്ള ഒരു കൂട്ടായ പരിശ്രമത്തിലാണ് ഞങ്ങള്‍. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതുണ്ടെന്ന ബോധ്യത്തോടെ ലക്ഷദ്വീപിന്റെ സമൂലമായ വളര്‍ച്ചയ്ക്ക് പോരാടാന്‍ ഒരു മാധ്യമം എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ നടന്നടുക്കുക തന്നെ ചെയ്യും തീര്‍ച്ച.
ദ്വീപ് ഡയറിയുടെ പ്രിന്റഡ് എഡീഷന്‍ ഇനിമുതല്‍ എല്ലാ തിങ്കളാഴ്ചയും ലഭ്യമാകും. സോഫ്റ്റ് കോപ്പി(pdf) ഫയല്‍ ആവശ്യമുള്ളവര്‍ dweepdiary@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY