DweepDiary.com | ABOUT US | Tuesday, 23 April 2024

ഗൃഹാതുരത്വം ഉണര്‍ത്തി വീണ്ടുമൊരു അധ്യാപക ദിനം

In editorial BY Admin On 05 September 2014
ഗുണന പട്ടികയും ഈണത്തില്‍ ചൊല്ലിയ കവിതകളും മൂല പൊട്ടിയ സ്ലേറ്റും പിന്നെ കേട്ടാലും കേട്ടാലും കൊതി തീരാത്ത കഥകളും സ്കൂള്‍ പരിസരത്തില്‍ നിന്നുള്ള ഏതോ കടയില്‍ നിന്ന്‍ നാണയ തുട്ടുകള്‍ക്ക് വാങ്ങിയ പുളിയും ഈര്‍ക്കിലില്‍ കുത്തിയ മധുരമുള്ള ഐസും ഗൃഹപാഠം ചെയ്യാഞ്ഞിട്ട് കിട്ടിയ ചൂരല്‍ മരുന്നുകളും പിന്നേയും കാലചക്രത്തില്‍ തേഞ്ഞ് മറന്നുപോയ മധുരമുള്ള ഓര്‍മകള്‍... കുഞ്ഞിക്കാലത്തിന്‍റെ ഗൃഹാതുരത്വമുള്ള ഓര്‍മകള്‍ സമ്മാനിച്ച് കൊണ്ട് വീണ്ടുമൊരു അധ്യാപക ദിനമെത്തിയിരിക്കുന്നു. അധ്യാപകരുടെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ത്ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റെയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു. എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം 1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പടുകയും 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി. ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു, "എന്റെ ജന്‍മദിനമാഘോഷിക്കുന്നതിനേക്കാള്‍ നല്ലത് അത് അദ്ധ്യാപകരുടെ ദിനമായി ആഘോഷിക്കുന്നതാണ്."

ഉത്തരത്തിന് നേരെ ശരിയിട്ട ശേഷം സ്ലേറ്റിനടിയില്‍ മനോഹരമായി പായോടം വരച്ചു തരുന്ന ഒന്നാം ക്ലാസിലെ സയിദ് മുഹമ്മദ് സാറും പാഠമെടുക്കും മുമ്പ് അത് പാഠത്തിലെ കഥയെന്ന് അറിയിക്കാതെ മറ്റൊരു മനോഹര ശൈലിയില്‍ കഥ പറഞ്ഞു തരുന്ന ആറ്റക്കോയ സാറും മനസിലേക്ക് ഓടിയെത്തുന്നു. നിങ്ങളുടെ മനസിലേക്കും നിങ്ങളുടെ പ്രിയ അദ്ധ്യാപകര്‍ ഓടിയെത്തുന്നുണ്ടാവും. പക്ഷെ പുതു ലോകത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരെക്കുറിച്ച് നന്മയുള്ള ഓര്‍മയില്ലാതാവുന്നു. പുതിയ വിദ്യാഭ്യാസ ശൈലിയാണോ അതോ സമൂഹത്തിന് മൂല്യ സംസ്കാരം നഷ്ടപ്പെട്ടത് കൊണ്ടാണോ എന്തോ, ഈ മൂല്യ തകര്‍ച്ചയ്ക്ക് കാരണം നിഷ്പക്ഷമായി ചിന്തിക്കേണ്ടിരിക്കുന്നു. പത്താം ക്ലാസ് പാസായവര്‍ നന്നായി ഹരജി എഴുത്തുന്ന കാലം കഴിഞ്ഞിരിക്കുന്നു, പത്ത് പാസായവനെ ബഹുമാനത്തോടെ നോക്കിയിരുന്ന കാലവും കഴിഞ്ഞു, മാര്‍ച്ച് മാസത്തിന്‍റെ അവസാനം ജയിച്ചോ തോറ്റോ എന്നറിയാനായി വിളറിയ മുഖത്തോടെ നില്‍ക്കുന്നവരെയും കാണാനില്ല. ക്ലാസ് റൂമിലും വന്നു സമൂല മാറ്റം! കഥ പറയുന്ന അദ്ധ്യാപകരെ കാണുന്നില്ല (അതിന് സമയവും കാണുന്നില്ല), പാഠ്യ പദ്ധതി പാഠ്യേതരമാവുകയും പാഠ്യേതരം പാഠ്യ പദ്ധആവുകയും ചെയ്തിരിക്കുന്നു.


വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമമങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ്‌ അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്‌നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന്‌ ധാരാളം വായിക്കാനും തയാറെടുക്കുവാനും സമയം വേണമെന്നിരിക്കെ ബിസിനസു കാര്യത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന്‌ അനിവാര്യമാണ്‌. ''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY