DweepDiary.com | ABOUT US | Saturday, 20 April 2024

കവരത്തി ജയിൽപദ്ധതി: അന്യവൽക്കരണത്തിന് മറ്റൊരായുധം

In editorial BY Salahudheen KLP On 19 February 2022
മുഹമ്മദ് സലീം ചെറുകോട്
ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപിൽ പുതിയ ജില്ലാ ജയിൽ നിർമ്മാണത്തിന്റെ തയ്യാറെടുപ്പിലാണ് അഡ്മിനിസ്ട്രേഷൻ. കവരത്തിയിൽ തന്നെയുള്ള സബ്ജയിലിന് പുറമെയാണ് പുതിയ ജയിൽ വരുന്നത്. നിലവിൽ അമിനി, ആന്ത്രോത്ത്, മിനിക്കോയ് ദ്വീപുകളിലും ചെറിയ ജയിലുകളുണ്ട്. മറ്റു ദ്വീപുകളിൽ പോലീസ് സ്റ്റേഷനോട് ചേർന്ന് തടവറയുമുണ്ട്. ആകെ അഞ്ച് തടവുകാരാണ് നാല് ജയിലുകളിലുമായുള്ളത്. ഇതിൽ നാല് പേരും വിചാരണ തടവുകാരാണ്. 14 കോടി രൂപ ചെലവിൽ 7, 360 സ്ക്വയർ മീറ്റർ വിശാലതയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന കൂറ്റൻ ജയിൽ ജനങ്ങളുടെ സമാധാനം കെടുത്തുമെന്നതിൽ യാതൊരു സംശയവുമില്ല. ഇങ്ങനെ ഒരു പദ്ധതിയുടെ യാതൊരാവശ്യവുമില്ല എന്നാണ് ദ്വീപുകാർ പറയുന്നത്. തടവുകാർ തീരെയില്ലാത്തതും, ക്രൈംറേറ്റ് വളരെ കുറവായതും, രാജ്യത്ത് ഏറ്റവും കുറവ് ജയിൽ അധിവാസനിരക്കുള്ളതും (6%), സുരക്ഷാഭീഷണികൾ ഒന്നും തന്നെയില്ലാത്തതുമായ ഒരു പ്രദേശത്ത് വൻ വികസനപദ്ധതിയായി അനാവശ്യമായ ജയിലിനെ അവതരിപ്പിക്കുന്നത് സംഘപരിവാർ അജണ്ട മാത്രമാണ്.
ജയിൽ നിർമ്മാണപദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ Social Impact Assessment പഠനത്തിന്റെ ഡ്രാഫ്റ്റ്‌ റിപ്പോർട്ട് (DRAFT REPORT on Social Impact Assessment Land Acquisition for the construction of District Jail at Kavaratti, UT of Lakshadweep) ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12 അദ്ധ്യായങ്ങളിലായി 65 പേജുള്ള സർവ്വേ റിപ്പോർട്ട് എം.എം ടിപ്പു സുൽത്താന്റെ നേതൃത്വത്തിലുള്ള Samaha Geo Solutions എന്ന ആറംഗ പഠനസംഘമാണ് തയ്യാറാക്കിയിട്ടുള്ളത്. ജയിലിന്റെ കൃത്യമായ രൂപരേഖയും റിപ്പോർട്ടിലുണ്ട്. പൊതുവെ ഇങ്ങനെ ഒരു പ്രൊജക്റ്റിന് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ പരിഗണിക്കുമ്പോൾ നിർദ്ദിഷ്ട പദ്ധതിക്ക് പ്രത്യാഘാതങ്ങൾ വളരെ കുറവാണെന്നും മെച്ചങ്ങളാണ് കൂടുതൽ കാണുന്നത് എന്നും വിലയിരുത്തി ജയിൽ നിർമ്മാണത്തിനും ഭൂമിയേറ്റെടുക്കലിനും അംഗീകാരം നൽകുകയാണ് റിപ്പോർട്ട് ചെയ്യുന്നത്.
നിലവിലുള്ള കവരത്തി സബ്ജയിലിന്റെ സ്ഥലപരിധി 450 സ്ക്വയർ മീറ്ററാണ്. പുതിയ ജില്ലാജയിൽ 7,360 സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് നിർമ്മിക്കാൻ പോകുന്നത്. ഇതിൽ 7, 280 സ്ക്വയർ മീറ്ററും ഫലഭൂയിഷ്ടമായ കാർഷികഭൂമിയാണ്. ഏറ്റെടുക്കാനുള്ളതിൽ 1510 സ്ക്വയർ മീറ്റർ ഗവൺമെന്റ് ഭൂമിയും 5850 സ്ക്വയർ മീറ്റർ പണ്ടാരം ഭൂമി ( സർക്കാർ വക ഭൂമി)യുമാണ്. മുമ്പ് സുഹേലി ദ്വീപിലും മറ്റുമുള്ള, ദ്വീപുകാർ പാരമ്പര്യമായി കൈവശം വെച്ചുപോരുന്ന പണ്ടാരം ഭൂമികളുടെ ക്രയവിക്രയങ്ങളിലും അഡ്മിനിസ്ട്രേഷൻ ഇടപെട്ടിരുന്നു. റിപ്പോർട്ടിൽ ലക്ഷദ്വീപിലെ ജയിലുകളെ കുറിച്ച് പറയുന്ന ഭാഗത്ത് കവരത്തി സബ് ജയിലിന്റെ ഇപ്പോഴത്തെ അവസ്ഥ മെച്ചപ്പെട്ടതാണെന്ന് വിലയിരുത്തുന്നുണ്ട്. 450 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ മതിയായ സൗകര്യങ്ങളുള്ള സബ് ജയിലിൽ വരെ തടവുകാർ കുറവായിട്ടും എന്തുകൊണ്ടാണ് ഇത്രയധികം പരിധി വികസിപ്പിക്കുന്നത്? ഒരു ജനകീയ വികസനപദ്ധതിയാണെന്ന് പറയാൻ കഴിയാത്ത ഈ ജയിൽ നിർമ്മാണത്തിന് ഇത്രയും ഭൂമി ഇവരിൽനിന്ന് കൈവശപ്പെടുത്തുന്നത് ഭാവിയിൽ ലക്ഷദ്വീപിനെ കുത്തകകൾക്ക് ഒഴിഞ്ഞുകൊടുക്കാൻ ലക്ഷ്യമിട്ടുള്ള, ദ്വീപുകാരുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന LDAR എന്ന അതിക്രൂര ലക്ഷ്യത്തിലേക്കാണെന്നതിൽ സംശയമില്ല.
നിലവിൽ 16 പേരെ ഉൾക്കൊള്ളുന്നതാണ് സബ്ജയിൽ. 50 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യങ്ങളാണ് പുതിയ ജയിലിൽ ഒരുക്കാൻ പോകുന്നത്. ഇത് 40 പുരുഷന്മാരും 10 സ്ത്രീകളും എന്ന രൂപത്തിൽ 4:1 എന്ന അനുപാതത്തിലായിരിക്കും. പദ്ധതി കൊണ്ടുള്ള ഔട്ട്പുട്ടായി റിപ്പോർട്ട് അവകാശപ്പെടുന്നത് A well - established District Jail in Lakshadweep എന്നാണ്. റിപ്പോർട്ടിന്റെ നാലാമത്തെ ചാപ്റ്ററിൽ Verification and Assessment of Land എന്ന ഭാഗത്ത് ഭൂമി ഏറ്റെടുക്കലിന്റെ ആവശ്യകതയായി ചൂണ്ടിക്കാണിക്കുന്നത് 50 തടവുകാരെ പാർപ്പിക്കാവുന്ന നൂതനസൗകര്യങ്ങളോടെയുള്ള മെച്ചപ്പെട്ട ജയിൽ നിർമ്മിക്കണം എന്നുമാത്രമാണ്. ലക്ഷദ്വീപിലെ ജയിലുകളിൽ അടിസ്ഥാന സൗകര്യവും മറ്റു വികസനവും വേണ്ടത്ര ഇല്ല എന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്?
പദ്ധതിയുടെ പ്രധാന നേട്ടങ്ങളായി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നോക്കാം.
1. നിർദിഷ്ട പദ്ധതിയായ ജില്ലാ ജയിലിൽ അന്തേവാസികൾക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മെച്ചപ്പെട്ട താമസസ്ഥലങ്ങളായിരിക്കും ഉണ്ടാവുക.
2 . ജയിലിലെ തടവുകാരും പരിസരവും മുഴുവൻ സമയ CCTV നിരീക്ഷണത്തിലായിരിക്കും. ഇതിനാവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. 3. നിർദ്ദിഷ്ട പദ്ധതിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ കെട്ടിടങ്ങൾ ഉണ്ടായിരിക്കും. ഉയർന്ന സുരക്ഷാമതിലുകളും മറ്റ് ആവശ്യമായ സൗകര്യങ്ങളും ഒരുക്കും. തടവുകാർ ഈ സുരക്ഷാ മതിലുകൾക്കുള്ളിലായിരിക്കും. 4. പദ്ധതിയുടെ ഭാഗമായി അഡ്മിൻ ബ്ലോക്ക്, മെസ് തുടങ്ങിയ മതിയായ സ്ഥാപനസൗകര്യങ്ങൾ ഉറപ്പു വരുത്തും. ഇൻഡോർ ഗെയിമുകൾ, ടിവി ഓഡിയോ/വിഷ്വൽ റൂം, ജനറേറ്റർ റൂം, RO പ്ലാന്റ്മുറി, വാച്ച് ടവർ, കാവൽ പോസ്റ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ടാകും. ഇവയോടനുബന്ധിച്ചൊക്കെ കേന്ദ്രീകൃത സെർവർ റൂമും വീഡിയോ വാളും ഉൾപ്പെടുന്ന സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കും.
10 ദ്വീപുകളിലായി 64,473 ജനസംഖ്യയുള്ള നാലു ജയിലുകളിലായി വെറും 17 സെല്ലുകൾ മാത്രമുള്ള ലക്ഷദ്വീപിൽ ഇത്ര ആധുനികസൗകര്യങ്ങളോടെ 14 കോടിയിലേറെ രൂപ ചെലവഴിച്ച് ജയിൽ നിർമ്മിക്കുന്നതുകൊണ്ട് ഇതൊക്കെയാണ് നേട്ടങ്ങളായി പറയുന്നത്. കുറ്റകൃത്യങ്ങൾ ഏറെ വർദ്ധിച്ചതും നൂറുകണക്കിന് തടവുകാരുള്ളതും അതീവ സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നതുമായ ഒരു പ്രദേശത്തായിരുന്നു ഈ പറയുന്ന നേട്ടങ്ങൾ മുന്നിൽ കണ്ട് ജയിൽ നിർമ്മാണം നടത്തുന്നതെങ്കിൽ വികസനപ്രവർത്തനമായി കണക്കാക്കാമായിരുന്നു. എന്നാൽ ക്രൈംറേറ്റ് തീരെ കുറഞ്ഞ ജനസംഖ്യയും, വളരെ കുറഞ്ഞ തടവുകാരും മാത്രമുള്ള ലക്ഷദ്വീപിൽ ഇങ്ങനെ ഒരു ഗംഭീരജയിൽ നിർമ്മിക്കുന്നത് സദുദ്ദേശപരമല്ല.
ജയിലിൽ ഇത്രയും ആധുനിക സൗകര്യങ്ങൾ ഒരുക്കേണ്ട സാഹചര്യം ലക്ഷദ്വീപിൽ ഉണ്ടോ? എന്ത് ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ലക്ഷദീപ് ജയിൽ സംവിധാനം നേരിടുന്നത്? ജയിൽ വികസനം നടക്കാത്തത് ഇന്നേവരെ പ്രദേശത്തിന്റെ ക്രമസമാധാനത്തിനെയോ സുരക്ഷിതത്വത്തിനെയോ സമാധാനത്തെയോ ബാധിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്.
നിർദിഷ്ട ജയിൽ നിർമ്മാണത്തിനുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ പൊതുതാല്പര്യ പ്രകാരം മാത്രമേ പൂർത്തീകരിക്കുകയുള്ളൂവെന്നും അനവധി കുറ്റകൃത്യങ്ങളിൽ പെട്ടവരും സുരക്ഷയും സ്വസ്ഥതയും സമാധാനവും വേണ്ടവരാണ് തദ്ദേശീയരെന്നുമാണ് പറയുന്നത്.
ജയിൽ നിർമ്മാണപദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളിയായി റിപ്പോർട്ട് പറയുന്നത് ലക്ഷദ്വീപിൽ കെട്ടിടനിർമ്മാണ സാധനസാമഗ്രികൾ ലഭ്യമല്ലാത്തതിനാൽ അവശ്യവസ്തുക്കൾ മുഴുവൻ വൻകരയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുമെന്നാണ്. ഇത് ദ്വീപുകാർ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധിയാണ്. വൻകരയിൽ നിന്ന് വീടുനിർമ്മാണത്തിനുള്ള കല്ലും മണലുമെല്ലാം എത്തിച്ചിട്ടു വേണം ദ്വീപിൽ പണി തുടങ്ങാൻ. ചുരുക്കത്തിൽ വൻകരയിൽ ഒരു വീട് നിർമ്മിക്കാൻ 25 ലക്ഷം ചിലവാകുന്നിടത്ത് ദ്വീപിലത് 40 ലക്ഷമെങ്കിലും ആയിട്ടുണ്ടാകും. അപ്പോൾ നിർദിഷ്ട പദ്ധതിയുടെ നിർമ്മാണച്ചെലവു പോലെ പണിയും അല്പം ബുദ്ധിമുട്ടായിരിക്കും.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പരാതികൾ ഉന്നയിക്കാനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനുമായി പബ്ലിക് ഹിയറിങ് സംഘടിപ്പിക്കും. ഭൂമിയേറ്റെടുക്കൽ നടപടികൾ അവിടെ വിശദീകരിക്കും. സോഷ്യൽ ഇമ്പാക്ട് അസെസ്മെന്റ് റിപ്പോർട്ടിന്റെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചതിന് ശേഷമായിരിക്കും ഹിയറിങ് നടക്കുക എന്നാണ് റിപ്പോർട്ടിലുള്ളത്. ഡ്രാഫ്‌റ്റ് വന്നതിനാൽ ഹിയറിങ്ങിനുള്ള നോട്ടിഫിക്കേഷൻ ഉടൻ വരുമെന്ന് പ്രതീക്ഷിക്കാം. ദ്വീപ് ഖാളി, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുമായി കൂടിയാലോചിച്ചു കൊണ്ട് സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക സർവ്വേ നടത്തുമെന്നും റിപ്പോർട്ടിലുണ്ട്.
പ്രദേശവാസികൾക്ക് നിർദിഷ്ട പദ്ധതിയിൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുമെന്നും പദ്ധതി നേരിട്ട് ബാധിക്കുന്നവർക്ക് ബദൽ ജോലി നൽകുമെന്നും റിപ്പോർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ തൊഴിലുകൾ ജയിൽ നിർമ്മാണസമയത്തേക്ക് മാത്രമായിരിക്കും. പട്ടേൽ അധികാരത്തിൽ വന്നതിനുശേഷം ഏകദേശം 3000 ത്തിലധികം പേരെയാണ് വിവിധജോലികളിൽ നിന്നായി പിരിച്ചുവിട്ടിരുന്നത്. അവസാനം ഈ മാസം എട്ടിന് 19 അംഗണവാടി ജീവനക്കാരെയും പിരിച്ചുവിട്ട് ഉത്തരവായിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട വലിയൊരു ശതമാനത്തിനും മറ്റു താൽക്കാലിക ജോലിയായിട്ടില്ല. എന്നാൽ കവരത്തിയിലെ ജയിൽ പദ്ധതി കുറെ പേർക്ക് തൊഴിൽ നൽകും എന്നു പറയുന്നത് പ്രദേശവാസികളെ ഒപ്പം നിർത്താനുള്ള മാർഗ്ഗമായേ കാണാനാവൂ.
ജയിൽ പരിസരം സൗന്ദര്യവത്ക്കരിക്കുന്നതിനായി അലങ്കാരച്ചെടികൾക്ക് പകരമായി ദ്വീപിലെ നാടൻ തൈകളും പഴച്ചെടികളുമായിരിക്കും ഉപയോഗിക്കുക എന്ന് പറയുന്നുണ്ട്. ദ്വീപിന്റെ പാരിസ്ഥിതിക വൈവിദ്ധ്യത്തെ പരിഗണിക്കുന്നു എന്ന തോന്നലുണ്ടാക്കാനായിരിക്കും ഇങ്ങനെ ചെയ്യുന്നത്.
ജയിൽ നിർമ്മാണത്തിന്റെ ഭാഗമായി 7 റെസിഡൻഷ്യൽ കോട്ടേഴ്സുകളും ഒരു ചുറ്റുമതിലും പൂർണ്ണമായി പൊളിച്ചുകളയേണ്ടി വരും. 40 sq m അഥവാ ഒരു സെന്റിന് കവരത്തിയിൽ 2.5 ലക്ഷമാണ് സ്വകാര്യഇടപാടുകളിൽ വില നിശ്ചയിക്കാറുള്ളത്. ഇത് റോഡ്സൈഡിലോ സ്കൂളുകൾക്ക് അടുത്തോ ഈസ്റ്റേൺ ജെട്ടി പരിസരത്തോ ആണെങ്കിൽ 5 ലക്ഷമായി വരെ ഉയരാറുണ്ട്. എന്നാൽ കളക്ടറേറ്റിന്റെ കണക്കു പ്രകാരം ഒരു sq m ന് ₹ 7,546 എന്ന രീതിയിലാണ് പദ്ധതി സ്ഥലത്തിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഈ തുകയായിരിക്കും ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകുക എന്ന് കരുതാം.
പദ്ധതി കാരണം പൊതു സ്വത്തുവിഭവങ്ങൾ ഒന്നും തന്നെ നഷ്ടപ്പെടില്ലെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്. ഉത്പാദനക്ഷമമായ ഇത്രയും ഭൂമി നഷ്ടപ്പെടുന്നതും 195 മരങ്ങൾ വെട്ടിയൊഴിവാക്കേണ്ടി വരുന്നതും റിപ്പോർട്ടിൽ എടുത്തുപറയുന്നുമുണ്ട്. ഇതിൽ 189 എണ്ണവും തെങ്ങുകളാണ്. ദ്വീപുകാരുടെ ഉപജീവന മാർഗ്ഗത്തിൽ പ്രധാനമാണ് തെങ്ങ്. പദ്ധതി വന്നു കഴിഞ്ഞാൽ നിരവധി തെങ്ങുകൾ വെട്ടിമാറ്റുന്നത് കാരണം പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ വരുമാനത്തിൽ കുറവ് വരുമെന്ന് Impacts on land , livelihood & income എന്ന് പ്രത്യേകം രേഖപ്പെടുത്തി പറയുന്നുണ്ട്. ഭൂവിഭവങ്ങൾ നഷ്ടമാകുന്നതിനും പദ്ധതി കാരണമാകുമെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. പാർപ്പിട സൗകര്യങ്ങളും കുറയും.
അടിസ്ഥാനപരമായി യാതൊരു ആവശ്യവുമില്ലാത്ത പദ്ധതിയാണിത്. ലക്ഷദ്വീപിനെ ഭൂമിശാസ്ത്രപരമായും സാമൂഹികമായും പാരിസ്ഥിതികമായും ബാധിക്കുകയും ചെയ്യും. ഗുണ്ടാആക്റ്റൊന്നും വെറുതെയല്ല എന്നും പൗരത്വനിയമം നടപ്പാക്കുമ്പോൾ ഇത് ഡിറ്റക്ഷൻ ക്യാമ്പായിരിക്കുമെന്നും പറയപ്പെടുന്നുണ്ട്. അത് പ്രചരിക്കുന്നത് തന്നെ കേന്ദ്രം ദ്വീപിൽ ഉദ്ദേശിക്കുന്ന സമാധനം കെടുത്തലിന് ആക്കം കൂട്ടുകയേയുള്ളൂ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY