DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് ഇപ്പോഴും ഒരു കേന്ദ്ര ഭരണപ്രദേശമാണ്, സ്വകാര്യ കമ്പനിയല്ല. (എഡിറ്റോറിയൽ)

In editorial BY Atta koya On 30 June 2021
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് , ലക്ഷദ്വീപ് ഒരു കേന്ദ്ര ഭരണപ്രദേശവുമാണെന്ന് സ്കൂൾ കുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ് എന്നാലും ഇപ്പോള്‍ ഇക്കാര്യം ആവർത്തിക്കപ്പെടേണ്ടത് അനിവാര്യമാണ്.

ഇവിടെയിപ്പോള്‍ എല്ലാ സർക്കാർ സംവിധാനങ്ങളും നിയമങ്ങളും, കീഴ് വഴക്കങ്ങളും അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജില്ലാ കളക്ടർ അസ്കർ അലി താൻ വഹിക്കുന്ന കളക്ടർ പദവിക്കപ്പുറം ഔദ്യോഗികമായും അനൗദ്യോഗികമായും വഹിക്കുന്ന പദവികൾ നിരവധിയാണ്. ലക്ഷദ്വീപിൽ ടൂറിസം നടത്തുന്ന ഏജൻസിയായ SPORTS ഇന്റെ മാനേജിങ് ഡയറക്ടർ മുതൽ സബ്ജയിലുകളുടെ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് (യഥാർത്ഥത്തിൽ അത്തരം പദവികൾ സബ് ജയിലുകൾക്ക് ഇല്ല) അടക്കമുള്ള പദവികളുടെ ചുമതലകൾ വഹിക്കുന്നത് ജില്ലാ കളക്ടർ നേരിട്ടാണ്.

പ്രഫുൽ കെ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ തന്റെ കിരാതമായ നയങ്ങളിലൂടെ ലക്ഷദ്വീപിനെ വില്പനചരക്കാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഒരാൾ മാത്രമായി ചുരുങ്ങുകയാണ് അസ്കർ അലി എന്ന യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു എറണാകുളത്തെ പ്രസ് ക്ലബ്ബിലെത്തി ലക്ഷദ്വീപിനെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നു , ലക്ഷദ്വീപിൽ ആരും പട്ടിണി കിടക്കുന്നില്ല എന്ന് കോടതിയിൽ സത്യവാങ്മൂലം നൽകുന്നു. ഏറ്റവും പുതിയതായി ഹൈക്കോടതി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർക്ക് വീടുകൾ പൊളിച്ചു മാറ്റാനുള്ള നോട്ടീസ് കൊടുക്കാൻ അധികാരമില്ല എന്നു നിരീക്ഷിച്ചപ്പോൾ അവർക്ക് ഡെപ്യൂട്ടി കളക്ടറുടെ അധിക ചുമതല കൊടുത് കോടതി വിധി മറികടക്കാൻ ശ്രമിച്ചതടക്കം രാജ്യത്തെ മൊത്തം ഐ.എ.എസു കാർക്കും നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് കളക്ടർ ദ്വീപുകളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ് പ്രഫുൽ പട്ടേൽ ദാമനിലിരുന്നു കൊണ്ട് നിർദേശിക്കുന്ന കാര്യങ്ങൾ ഒരു നിയമ സാധുതയും അന്വേഷിക്കാതെ നടപ്പിൽ വരുത്താൻ ശ്രമിക്കുകയാണ് കലക്ടര്‍ അസ്കർ അലി. അതായത് പ്രഫുൽ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള ലക്ഷദ്വീപ് കമ്പനിയുടെ മാനേജരാണ് എന്ന നിലയിലാണ് കലക്ടറുടെ പ്രവർത്തനങ്ങൾ.

കലക്ടര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഭരണ സംവിധാനത്തിൽ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന എന്തും നടപ്പിലാക്കേണ്ട ഒരാളല്ല കളക്ടർ എന്നതാണ് . അഡ്മിനിസ്ട്രേറ്റർ ഒരു രാഷ്ട്രീയക്കാരനാണ് അയാൾ എന്തെങ്കിലും നിർദേശിച്ചാൽ അതിന്റെ നിയമ സാധുത പരിശോധിച്ച് നടപ്പിലാക്കേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കളക്ടറാണ്.

അഡ്മിനിസ്ട്രേറ്റർ ആവശ്യപ്പെടാതെ തന്നെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ചിവപ്പു കൊടി നാട്ടി ഓവർ സ്മാർടായ താങ്കൾ ചില്ലറ കോലഹലങ്ങളല്ല ലക്ഷദ്വീപിണകത്തും പുറത്തും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

അസ്കർ അലി എന്നല്ല ഒരു ഐ.എ. എസ് ഉദ്യോഗസ്ഥനും ഇത്രയും തരം താഴാൻ പാടില്ല. താങ്കളുടെ നിർബന്ധം പ്രകാരം BDO മാർ ഇറക്കിയ വീടുകൾ പൊളിച്ചു നീക്കാനുള്ള ഉത്തരവുകളിൽ Land Revenue and Tenancy Regulation 1965, Integrated Island Management Plan എന്നീ രണ്ട് നിയമങ്ങളാണ് സൂചിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് നിയമങ്ങളിലെവിടെയും തന്നെ കെട്ടിടങ്ങൾ പൊളിച്ചു നീക്കണം എന്ന് പറയുന്നില്ല.ഇത് കൃത്യമായി അറിയാമായിരുന്ന താങ്കൾ എന്തിനാണ് അത്തരമൊരു നോട്ടീസ് നൽകാൻ പോലും അധികാരമില്ലാത്ത BDO മാരെ അതിന് നിർബന്ധിച്ചത്? ഹൈക്കോടതി BDO മാർക്ക് അത്തരമൊരു അധികാരമില്ല എന്ന് നിർദേശിച്ചപ്പോള്‍ കവരത്തി BDO യ്ക്ക് ഡെപ്യൂട്ടി കളക്ടറുടെ അധിക ചുമതല നൽകി എന്ത് വില കൊടുത്തും വീടുകൾ പൊളിച്ചിരിക്കും എന്ന ഒരു സന്ദേശമാണ് താങ്കൾ ജനങ്ങൾക്ക് നൽകിയത്.

ഡെപ്യൂട്ടി കളക്ടർ എന്നല്ല സാക്ഷാൽ കളക്ടർ തന്നെ ഒപ്പു വെച്ചാലും ലക്ഷദ്വീപിൽ നിലനിൽക്കുന്ന ഒരു നിയമവും ആൾതാമസമുള്ള വീടുകൾ പൊളിച്ചു നീക്കാനുള്ള അധികാരം ആർക്കും നൽകുന്നില്ല എന്ന യാഥാർഥ്യം മറച്ചു വെച്ചുകൊണ്ട് പാവപ്പെട്ടവരുടെ വാസസ്ഥലങ്ങൾ തർക്കഭൂമിയാക്കി മാറ്റി ജനങ്ങളെ ഭീതിയുടെ നിഴലിൽ നിർത്താനാണ് താങ്കൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

നിങ്ങൾക്ക് മുൻപും ഇവിടെ ഒരു കളക്ടറുണ്ടായിരുന്നു നിങ്ങൾക്ക് ശേഷവും ഒരാളുണ്ടാകും ഇവിടെ സ്ഥിരമായി താമസിക്കുന്നവർ ജനങ്ങൾ മാത്രമാണ്.

കോവിഡ് പ്രതിരോധ മേഖലകളിലടക്കം ഫണ്ടിന് ക്ഷാമം നേരിടുകയും പണമില്ല എന്ന കാരണം കാണിച്ച് ആയിരത്തോളം തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്ത ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഏകദേശം ഒരു കോടിയോളം രൂപ അഡ്മിനിസ്ട്രേറ്റർക്ക് യാത്ര ചെയ്യാൻ വേണ്ടി മാത്രം ചെലവഴിച്ചു കഴിഞ്ഞു.

2013 ഇൽ ഐ.എ.എസ് പരീക്ഷ പാസായ താങ്കൾക്ക് ഒരുപാട് മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് കളക്ടർ സ്ഥാനം നൽകിയതിന്റെ മാനദണ്ഡം കഴിവല്ല വിധേയത്വമാണെന്നത് പരസ്യമായ രഹസ്യമാണ്.

ഭരണ ഘടനയോടും ലക്ഷദ്വീപിലെ ജനങ്ങളോടും സ്വന്തം മനസ്സാക്ഷിയോടും നീതി പുലർത്തുക. നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുക. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് ഇവിടെ ജനസേവകർ മാത്രമേ ഉളളൂ രാജ സേവകൻ എന്ന തസ്തിക നിലവിലില്ല എന്നോര്‍മ്മിക്കുക. കലക്ടറുടെ അമിതാധികാര പ്രയോഗങ്ങള്‍ ഇനിയും ചോദ്യം ചെയ്യപ്പെടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ വേണ്ടി ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കേണ്ട കലകടര്‍ അതെല്ലാം കാറ്റില്‍ പറത്തി പ്രഫുല്‍ ഖോടാ പട്ടേല്‍ പ്രെെവറ്റ് ലിമിറ്റഡ് കമ്പനിയാക്കി ദ്വീപിനെ മാറ്റാന്‍ ശ്രമിക്കുകയാണ്. എല്ലാത്തിലുമപരി ഇന്ത്യയിപ്പോഴും ജനാധിപത്യ രാജ്യമാണ്. ഇവിടത്തെ കോടതികളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY