DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപിനെ പട്ടിണിക്കിട്ടു കൊല്ലരുത്; സർക്കാർ സമാശ്വാസ നടപടികൾ കൈകൊള്ളണം

In editorial BY Admin On 11 June 2021
കോവി‍ഡ്‍ വ്യാപനത്തിന്റെ പേരിൽ ലക്ഷദ്വീപ് അടച്ചുപൂട്ടിയിട്ട് രണ്ടുമാസമാവാറായി. ട്രിപ്പിൾ ലോക്ഡൗണിലായ കവരത്തി, അമിനി, ആന്ത്രോത്ത്, കല്പേനി, മിനിക്കോയ് എന്നിവിടങ്ങളിൽ ജനങ്ങൾ പൂർണ്ണമായും വീടുകളിൽ കഴിയുകയാണ്. മറ്റു ദ്വീപുകളിൽ ഇളവുകളുണ്ടെങ്കിലും ലോക്ഡൗൺ സാഹചര്യം മാറിയിട്ടില്ല. അതുകൊണ്ടുതന്നെ ദ്വീപുകളിൽ നിന്നും വരുന്ന വാർത്തകൾ ഒട്ടും ആശ്വാസകരമല്ല. ഓരോദിവസം കഴിയുന്തോറും ജനജീവിതം കൂടുതൽ ദുഷ്കരമായിത്തീരുകയാണ്. ദ്വീപിലെ മഹാഭൂരിപക്ഷവും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരാണ്. അവർക്ക് പണിയുണ്ടായിട്ട് രണ്ടുമാസമാവാറായി. പലരും പട്ടിണിയിലാണ്; പുറത്തേക്ക് പറയുന്നില്ലന്നെയുള്ളു.

ലോകത്ത് എല്ലായിടങ്ങളിലും കോവി‍ഡിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ഉണ്ടായിട്ടുണ്ട്. പക്ഷെ, അതെല്ലാം മനുഷ്യരെ രക്ഷിക്കാൻ വേണ്ടിയിട്ടായിരുന്നു. ഒരു ഭരണകൂടവും ഇക്കാലയളവിൽ ഒരാളെയും പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിച്ചിട്ടില്ല. ജോലിയും കൂലിയുമില്ലാതെ ദുരിതത്തിലായ ഇന്ത്യയിലെ ഒട്ടുമിക്കജനങ്ങളെയും സൗജന്യറേഷനും ഭക്ഷ്യക്കിറ്റും സാമ്പത്തികസഹായവും നൽകി അതതു സംസ്ഥാനഭരണകൂടങ്ങൾ ചേർത്തുപിടിച്ചിട്ടുണ്ട്. എന്നാൽ ലക്ഷദ്വീപിലെ സ്ഥിതിയെന്താണ്? കോവിഡിന്റെ ഒന്നാംതരംഗത്തിൽ രാജ്യവ്യാപകമായി ലോക്ഡൗൺ ഉണ്ടായപ്പോൾ - ഇവിടെ ഒറ്റക്കേസുപോലും റിപ്പോർട്ട് ചെയ്യാത്ത സമയമായിരുന്നിട്ടും - അടച്ചുപൂട്ടേണ്ടിവന്നു. എങ്കിലും അന്നത്തെ അഡ്മിനിസ്ട്രേറ്ററായ ദിനേശർശർമ്മയുടെ ജനക്ഷേമനടപടികൾ മൂലം ജനങ്ങൾക്ക് പട്ടിണി കിടക്കേണ്ടിവന്നിട്ടില്ല. 2021 ഏപ്രീൽ 18നാണ് ഇപ്പോഴത്തെ ലോക്ഡൗൺ ആരംഭിക്കുന്നത്. മാസം രണ്ടു തികയാറായി. ഇതുവരെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഒരു നടപടിയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇവിടെ ആളുകൾ എങ്ങനെ ജീവിക്കുന്നു എന്നുപോലും അവർ അന്വേഷിച്ചിട്ടില്ല. 2021 മെയ് 12 നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, ജനങ്ങൾക്ക് ഭക്ഷ്യക്കിറ്റും മറ്റു സഹായങ്ങളും നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ട്രിപ്പിൾ ലോക്ഡൗൺ കൊണ്ടുവന്നു് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. കോവി‍ഡിനെ പ്രതിരോധിക്കാൻ ലോക്ഡൗൺ നല്ല മാർഗ്ഗം തന്നെയാണ്. പക്ഷെ, ജനങ്ങൾക്ക് ജീവിക്കാനുള്ള മാർഗ്ഗം കൂടി കാട്ടിത്തരാൻ സർക്കാരിനു ബാധ്യതയുണ്ട്. ഇതിനിടയിൽ അഞ്ചിടത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് മൂന്നുമണിക്കൂർ കടകൾ തുറക്കാൻ അനുമതി നൽകി. പക്ഷെ, ജനങ്ങൾക്ക് കടയിൽ പോകാൻ അനുമതിയില്ല. സർക്കാർ നിയോഗിക്കുന്ന വളണ്ടിയർമാർ സാധനങ്ങൾ വീടുകളിലെത്തിക്കുമെന്നാണ് ഭരണകൂടം പറയുന്നത്. എന്നാൽ ഇതുവരെ എവിടെയും അങ്ങനെയൊരു വളണ്ടിയറെയും നിയമിച്ചിട്ടില്ല. ആർക്കുവേണ്ടിയാണപ്പോൾ ഈ കടകൾ തുറന്നുവെക്കുന്നത്?

കയ്യിൽ കാശില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ലോക്ഡൗണിനൊപ്പം മൺസൂൺകാലംകൂടി വന്നതോടെ മത്സ്യത്തൊഴിലാളികൾ പട്ടിണിയിലായി. തെങ്ങുകയറ്റത്തൊഴിലാളികളുടെയും നിർമ്മാണമേഖലയിലും മറ്റും ജോലി ചെയ്തിരുന്ന കൂലിപ്പണിക്കാരുടെയും സ്ഥിതി കഷ്ടത്തിലാണ്. വിവിധ ഡിപ്പാർട്ടുമെന്റുകളിൽ മാസം പതിനായിരം രൂപയ്ക്ക് ജോലി ചെയ്തിരുന്ന ആയിരത്തി മുന്നോറോളം ജീവനക്കാരെ കഴിഞ്ഞ അഞ്ചുമാസത്തിനിടയിൽ പിരിച്ചുവിട്ടിട്ടുണ്ട്. ആ പതിനായിരം രൂപ കൊണ്ടു ഒട്ടേറെ കുടുംബങ്ങൾ ഇവിടെ ജീവിച്ചിരുന്നു. അവരൊക്കെ ഇന്ന് മുഴുപട്ടിണിയിലാണ്. സന്നദ്ധസംഘടനകളുടെയും സുമനസ്സുകളുടെയും സഹായം കൊണ്ടാണ് പലരും ജീവിക്കുന്നത്..

സർക്കാർ എന്നത് ജനങ്ങൾക്കു വേണ്ടിയിള്ളതാണ്. ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്ററും ലക്ഷദ്വീപ് ഭരണകൂടവും ഈ തുരുത്തുകളിലെ മനുഷ്യർ എങ്ങനെയാണ് കഴിയുന്നതെന്നു് ഒന്നന്വേഷിക്കണം. അവർക്ക് സഹായമേകണം. ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഇന്ന് ഇക്കാര്യങ്ങൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ദ്വീപുകാരുടെ എല്ലാ ജീവിതോപാധികളും നിലച്ചുപോയിരിക്കുന്നു. അവരുടെ വിശപ്പിനു വില കൽപ്പിക്കണം. കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനാവാതെ കരയുന്ന ഉമ്മമാരുടെ ദൈന്യത കാണാതിരിക്കരുത്.സ്വന്തം രാജ്യത്തെ പൗരൻമാരെ ശത്രുക്കളായി പരിഗണിക്കരുത്. ദ്വീപുകളിൽ സാധാരണജീവിതം സാധ്യമാകുംവരെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യണം.തൊഴിലും വരുമാനവുമില്ലാത്തവർക്ക് സാമ്പത്തികസഹായം നൽകണം. കേന്ദ്രസർക്കാരിന്റെ സൗജന്യറേഷൻ വിപുലപ്പെടുത്തണം...
പട്ടിണിമരണങ്ങളുടെ നാടായി ലക്ഷദ്വീപിനെ മാറ്റരുത് !

SHARE YOUR FEEDBACK

RECENT IN THIS CATEGORY