DweepDiary.com | ABOUT US | Saturday, 20 April 2024

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! നിങ്ങള്‍ കൊള്ളക്കാരുടെ പിടിയിലാണ്...?

In editorial BY Admin On 13 April 2014
കവരത്തി (12/04/2014): ഇന്ത്യയിലെവിടേയും കച്ചവട വസ്തുക്കള്‍ വില്‍ക്കുമ്പോള്‍ ചില നിയമങ്ങള്‍ കച്ചവടക്കാര്‍ പാലിക്കേണ്ടതുണ്ട്. അത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതായാലും ശരി. എന്നാല്‍ ലക്ഷദ്വീപിലെ കപ്പലുകളിലും ഹൈ സ്പീഡ് ക്രാഫ്റ്റുകളിലും യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന കഫ്തീരിയകളിലും കാന്‍റീനുകളിലും പൂഴ്ത്തിവെപ്പുകാരെയും നാണിപ്പിക്കുന്ന തരത്തിലാണ് വില നിശ്ചയിക്കുന്നത്. ആരെങ്കിലും ഈ വിലപ്രയോഗത്തെ ചോദ്യം ചെയ്താല്‍ സര്‍ക്കാര്‍ നഷ്ടത്തിലാണെന്നും സബ്സിഡിയിലാണ് കപ്പല്‍ ഗതാഗതം നടക്കുന്നതെന്നും പറഞ്ഞ് യാത്രക്കാരെ ഊമകളാക്കുന്നു. 7 UP പോലെയുള്ള സോഫ്റ്റ് ഡ്രിങ്ക് വിഭാഗത്തില്‍ നിന്നും 5 മുതല്‍ 10 രൂപവരെ അധികം ഈടാക്കുന്നു. കപ്പ, ചിപ്സ് തുടങ്ങിയ ചെറുകടികള്‍, ഫ്രൂട്ടി, പഴവര്‍ഗങ്ങള്‍ മുതലായവയില്‍ നിന്നും യാതൊരു സങ്കോചവുമില്ലാതെ അധികം പണം ഈടാക്കുന്നു.

SPORTS എന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമാണ് ലക്ഷദ്വീപ് കപ്പലുകളില്‍ യാത്രക്കാര്‍ക്കുള്ള ഭക്ഷണ വസ്തുക്കളുടെ വില്‍പന ചുമതല. വാങ്ങിയ സാധനങ്ങള്‍ക്ക് ബില്ലോ മറ്റു തെളിവുകളോ നല്‍കുന്നുമില്ല. യാത്രക്കാരനില്‍ നിന്നും കൊള്ളയടിക്കുന്ന ഈ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നില്ല എന്ന് ഇവിടെ ജോലി ചെയ്യുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കാന്‍റീന്‍ ക്രൂ ദ്വീപ് ഡയറി പ്രതിനിധികളോട് പറഞ്ഞു. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തിനു പുറമെ ഇത്തരത്തില്‍ ഇരട്ടി പണം സമ്പാദിക്കാന്‍ അധികാരികള്‍ മൌന സമ്മതം നല്‍കുന്നു എന്നാണ് യാത്രക്കാരുടെ ആരോപണം. ഇന്ത്യയിലെ "Legal Metrology (Pacakged Commodities) Rules" നിയമ പ്രകാരം പാക്കറ്റ് സാധനങ്ങളുടെ മേല്‍ പ്രസ്താവിച്ചിട്ടുള്ള "പരമാവധി വില"ക്ക് മേലെ കൂടുതല്‍ തുക ഈടാക്കാന്‍ പാടുള്ളതല്ല. അങ്ങനെ ഈടാക്കിയാല്‍ ഏതൊരു പൌരനും അതാത് പ്രദേശത്തുള്ള കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാവുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY