DweepDiary.com | ABOUT US | Friday, 29 March 2024

അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ

In editorial BY Mubeenfras On 13 December 2020
എൻ്റെ കോലോടത്തിന് അവതാരിക എഴുതിക്കാൻ യു. എ. ഖാദറിനെ ആയിരുന്നു ആദ്യം തീരുമാനിച്ചത്. കേരളത്തിലെ പ്രമുഖനായ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ. പി. കുഞ്ഞു മൂസ ആയിരുന്നു കാദർക്കയുമായി ചെന്ന് സംസാരിച്ചത്. ലക്ഷദ്വീപ് സാഹിത്യപ്രവർത്തക സംഘത്തിൻ്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ വന്ന കെ. പി. കുഞ്ഞി മൂസക്കാ കോലോടത്തിൻ്റെ ഡി.ടി.പി. കോപ്പിയും ആയിട്ടാണ് കോഴിക്കോട്ടേക്ക് പോയത്.
യു. എ. ഖാദർ എന്നത് എൻ്റെ സ്വപ്നത്തിനുമപ്പുറത്തെ നക്ഷത്രമായിരുന്നു. ഇങ്ങ് കടലിനു നടുവിൽ ഇരുന്ന് സ്വപ്നം കണ്ട് എഴുതിയ ഒരു നോവലിന് അവതരണ ഭാക്ഷ്യം ചമയ്ക്കാൻ കേരളത്തിലെ സാഹിത്യകാരണവർ എന്നത് എനിക്ക് ചിന്തിക്കാൻപോലും ആവില്ലായിരുന്നു. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ കുഞ്ഞു മൂസക്കാ കോഴിക്കോട്ടിന്ന് വിളിച്ചു. ഖാദർക്കാനെ കണ്ടിരുന്നു. നോവൽ ഏൽപ്പിച്ചിട്ടുണ്ട്. അദ്ദേഹം നോവൽ വായിച്ചു കഴിഞ്ഞു. എഴുതാമെന്നേറ്റിട്ടുണ്ട്. നിങ്ങളെ അറിയുമെന്നും പറയുന്നു. ശരീരമാസകലം കോരിത്തരിച്ചു പോയി. യു. എ. ഖാദർ എന്ന തൃക്കോട്ടൂർ പെരുമ ചമച്ച എഴുത്തുകാരന് ഈ ദ്വീകാരനെ അറിയും പോലും. ഖാദർക്കയുമായി അങ്ങനെ ഒരു പരിചയം എനിക്കുണ്ടായിരുന്നു. ലക്ഷദ്വീപ് സാഹിത്യ കലാ അക്കാദമിയുടെ ആർട്ടിസ്റ്റ് ക്യാമ്പ് കവരത്തിയിൽ നടക്കുന്നു. സൗഹൃദം ആത്മബലം പോലെ കൊണ്ടുനടക്കുന്ന മാതൃഭൂമിയിലെ പ്രശസ്തനായ ചിത്രകാരൻ മദനൻ വിളിക്കുന്നു. കവരത്തിയിൽ കുറേ സ്ഥലത്ത് ചെന്ന് ചിത്രം വരയ്ക്കണം. കവരത്തിയിലേക്ക് വരാമോ? സ്നേഹത്തോടെയുള്ള ക്ഷണം നിരസിക്കാനായില്ല. ഒരു വർഷം മുമ്പ് അഗത്തിയിൽ നടന്ന എഴുത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ വന്ന ശിഹാബുദ്ദീൻ പൊയ്ത്തുംകടവും മദനേട്ടനും ഞാനും സിറാജും ഒന്നിച്ച് കടൽ തീരത്ത് രാ ഉറങ്ങിയതും അതിരാവിലെ മദനേട്ടനും ഞാനും അഗത്തി മുഴുവനും ചെന്ന് വരച്ചതിൻ്റെ ഓർമ്മകൾ മറക്കാനാവില്ല. ഞാൻ കിട്ടിയ കപ്പലിൽ കവരത്തിയിൽ എത്തി. പിറ്റേന്ന് വന്ന കപ്പലിൽ പ്രശസ്തരായ ചിത്രകാരൻമാരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. എൻ. കെ. പി. മുത്തുകോയ, ഫ്രാൻസിസ് കോടംകണ്ടത്ത്, മദനൻ, വിജയരാഘവൻ, കൂട്ടത്തിൽ യു. എ. ഖാദർ എന്ന കഥാകാരനും. ഒരു ചിത്രകാരൻ ആയിട്ടായിരുന്നു അദ്ദേഹത്തിൻറെ വരവ്. കവരത്തി മുട്ടിയാർ ബീച്ചിൽ ചിത്രകാരൻമാരോടൊപ്പം ചിത്രം വരച്ചു. പച്ചപായൽ മൂടി കിടക്കുന്ന ഒരു പള്ളിയുടെ എണ്ണഛായ ചിത്രമായിരുന്നു ഖാദർക്കാൻ്റെത്. ഖാദർക്കാ കഥയിൽ പറഞ്ഞിടുന്ന തൃക്കോട്ടൂർ അംശം ദേശം വക നാട്ടു പശിമ ആ ചിത്രത്തിലും മൂടിക്കിടന്നു. നാലഞ്ചുദിവസം ഖാദർക്ക കവരത്തിയിൽ ഉണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും ഞങ്ങളെല്ലാവരും കടപ്പുറത്ത് ഒത്തുകൂടി. ആർട്ടിസ്റ്റുമാരായ ജാഫർ ഷായും വിടപറഞ്ഞ അനീഫ മാസ്റ്ററും ഒക്കെ ഉണ്ടായിരുന്നു. അവർ കൊണ്ടുവന്ന ലഗൂൺ മത്സ്യം തീകൂട്ടി ചുട്ടു. ചുട്ട മീനും കരിക്കും കൂട്ടി തിന്നുന്നതിനിടയിൽ ഖാദറിക്ക കഥതുടങ്ങി. കേരളത്തിലെ പ്രശസ്തരായ എഴുത്തുകാരേയും സിനിമക്കാരെയും ഒക്കെ കോർത്തിണക്കി പറഞ്ഞ കഥകളിലെല്ലാം നർമ്മത്തിൽ പൊതിഞ്ഞ രസകരമായ ആഖ്യാനങ്ങളായിരുന്നു. എൻ. കെ. പി. മുത്തുകോയ ഖാദർക്കയുടെ കഥ കേട്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുന്നത് ഞങ്ങൾ കണ്ടു. ആ ചരിത്രത്തിൻ്റെ ഭാഗമായി ഞാൻ ഒരു നോവൽ എഴുതുന്ന കഥ പറഞ്ഞിരുന്നു. പലതും കേൾക്കുന്ന കൂട്ടത്തിൽ എന്നെയും എൻ്റെ നോവലും മറന്നിട്ടുണ്ടാവും എന്നാണ് കരുതിയത്. പക്ഷേ കെ. പി. കുഞ്ഞി മൂസക്കാനോട് കൃത്യമായിട്ടും എൻറെ പേരും ഞാൻ ഒരു നോവൽ എഴുതുന്ന കാര്യം പറഞ്ഞു എന്നും പറഞ്ഞു. അത് കേട്ട് ഞാൻ മനസിൻ്റെ ഉള്ളിൽ അംഗീകരിക്കപ്പെട്ട ഒരു എഴുത്തുകാരനായി രൂപാന്തരപ്പെട്ടു. ദൊണ്ഡി ഹൽവയും ദ്വീപ് വിഭവങ്ങളും ഒരുക്കി ഞാൻ കോഴിക്കോട്ടേക്ക് കപ്പൽ കയറി. കോർണേഷൻ ലോഡ്ജിൽ താമസിക്കുന്ന എനിക്ക് കുഞ്ഞു മൂസക്കാൻ്റെ ഫോൺ വന്നു. പട്ടാളം പള്ളിയിൽ ഖാദർക്ക കാത്തിരിക്കും. അവിടെ പോയി കണ്ടാൽ മതി. ഞാൻ പള്ളിയിൽ ചെന്ന് കഥാകാരനെ കണ്ടു. ആ തണുത്ത കൈ എന്നെ പിടിച്ചു കുറെ നേരം സന്തോഷം പങ്കുവെച്ചു. 'അക്ഷരം' എന്ന കിണാശ്ശേരിയിലെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാൻ എല്ലാം മറന്നു എഴുത്തുകാരൻ്റെ കയ്യിൽ തൊട്ടു നിന്നു. അവതാരികക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങി. ഉടനെ കിട്ടും എന്ന് പറയുന്നതല്ലാതെ എഴുത്തു കിട്ടയില്ല. ഭാര്യയുടെ ഉമ്മാൻറെ അസുഖം, ശാരീരികാസ്വസ്ഥതകൾ അവതാരിക നീണ്ടുനീണ്ടു പോയി. കുഞ്ഞിമൂസക്കാ പറഞ്ഞു. ഇനി കാക്കേണ്ട ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനെ കൊണ്ട് എഴുതിക്കണം. എല്ലാകാര്യങ്ങളും അറിയാമായിരുന്ന ശിഹാബ്ക്ക നല്ല ഒന്നാന്തരം ഒരു അവതാരിക തന്നെ എഴുതി കോലോടം പുറത്തിറങ്ങി. നോവലിൻ്റെ കോപ്പിയുമായി ഖാദറിക്കാനെ കാണാൻ ചെന്നത് അറച്ചറച്ചാണ്. അദ്ദേഹം എന്നെ സ്വീകരിച്ചിരുത്തി. ചായ തന്നു. ഞാൻ വായിച്ച പുസ്തകമാണ്. എനിക്ക് എഴുതാൻ കഴിയാത്തതിൽ സങ്കടം ഉണ്ട് എന്നൊക്കെ പറഞ്ഞു. ആ വലിയ മനുഷ്യൻ ആണ് കഥയുടെ വലിയ ലോകത്തേക്ക് യാത്ര പോയിരിക്കുന്നത്. ബസറയിലെ ഈത്തപ്പഴത്തിൻ്റെ കഥയാണ് ഞാൻ അവസാനമായി വായിച്ചത്. തൃക്കോട്ടൂർ ദേശത്തെ ഓരോ പുൽക്കൊടിയും ഖാദർക്കാനോട് കഥ പറയാറുണ്ട് എന്ന് തോന്നും അദ്ദേഹത്തിൻറെ കഥ പറച്ചിൽ കേൾക്കുമ്പോൾ. കഥ പറയാൻ വേണ്ടി മാത്രം ജനിച്ച ഒരു മനുഷ്യൻ. ബർമയിൽ നിന്നും കേരളത്തിലെത്തി കഥയുടെ രഹസ്യങ്ങളിലേക്ക് നോക്കിയിരുന്ന യു. എ. ഖാദർ എന്ന ദേശ ഗ്രാമ കഥാ ചരിത്രങ്ങൾ കോർവ്വയാക്കിയ കഥാകാരന് ഈ അവസരത്തിൽ ഹൃദയാഞ്ജലി അർപ്പിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY