DweepDiary.com | ABOUT US | Thursday, 28 March 2024

ബ്രേക്കിങ്ങ് ന്യൂസ്..........ലക്ഷദ്വീപിലെ കില്‍ത്താന്‍ എന്ന ദ്വീപ് കടലില്‍ അപ്രത്യക്ഷമായി. (എഡിറ്റോറിയല്‍)

In editorial BY Mubeenfras On 15 August 2019
പ്രളയക്കെടുതിയില്‍ രണ്ട് വര്‍ഷം കൊണ്ട് കേരളത്തെ ആകെ താറുമാറാക്കിയിരിക്കുന്നു. പ്രവചനങ്ങളെല്ലാം നിലം പരശാക്കിക്കൊണ്ടാണ് പ്രളയം നാശം വിതച്ചത്. കണക്ക് കൂട്ടലുകള്‍ തെറ്റിച്ച ഈ പ്രകൃതിക്ഷോപത്തിന് കാരണങ്ങള്‍ നിരത്തി ഗവേഷകര്‍. പ്രകൃതിയോടുള്ള കൊടും ക്രൂരതയാണ് എല്ലാവരും എടുത്ത് കാട്ടുന്നത്. മലകള്‍വെട്ടി വീടുവെക്കുകയും പാടങ്ങള്‍ നികത്തി റിസോര്‍ട്ടുകള്‍ പണിയുകയും ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി കൊടുത്ത ഒരു സാമ്പിള്‍ വെടിക്കെട്ട് എന്നു വേണമെങ്കില്‍ നമുക്കിതിനെ പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ‍ഡോ.ഗാഡ്ഗില്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയപ്പെട്ട സ്ഥലങ്ങളിലാണ് ഉരുള്‍ പൊട്ടല്‍ പ്രതിഭാസം മുഴുവനും നടത്തന്.
എന്നാല്‍ ഇങ്ങ് അറബിക്കടിന് നടുക്ക് തിരമാലകളെ മല്ലിട്ട് നില്‍ക്കുന്ന നമ്മുടെ കൊച്ച് തുരുത്തുകള്‍ക്ക് ഇത്പോലെ പ്രളയം പരിചിതമില്ലെങ്കിലും 2004 ല്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിന്റെ ഓര്‍മ്മപ്പെടുത്തല്‍ പ്രളയ വീഡിയോകള്‍ നമ്മളില്‍ ചിലരേയെങ്കിലും കൊണ്ടെത്തിച്ചുണ്ടാവും. അന്ന് വടക്കന്‍ ദ്വീപുകള്‍ക്കാണ് പ്രഹരമേറ്റത്. തുടര്‍ന്ന് 2018ല്‍ ഓഖീ എന്ന കണ്ണ് തെക്കന്‍ ദ്വീപുകളായ മിനിക്കോയി, കല്‍പേനി ദ്വീപുകളെ നിലംപരശാക്കി. ഇതില്‍ നിന്ന് നമ്മള്‍ എന്ത് പാഠമാണ് ഉള്‍ക്കൊള്ളേണ്ടത്.
പവിഴപ്പാറകളുടെ മുകളില്‍ മണ്ണടിഞ്ഞാണ് ദ്വീപുണ്ടായതെന്നാണ് പാഠപുസ്തകങ്ങളില്‍ നമ്മള്‍ പഠിച്ച്ത്. അതായത് ദ്വീപുകളെല്ലാം തന്നെ ഒരു പാറക്കഷ്ണത്തിന്റെ മുകളിലാണ് നില്‍ക്കുന്നത്. ഈ ദ്വീപുകളുടെ കാവല്‍ ഭടന്മാരാണ് ചുറ്റുമുള്ള പവിഴപ്പാറുകളും ചരലുകളും മണലുകളും. മനുഷ്യന്‍ തന്റെ സുഖവാസത്തിന് വേണ്ടി മാളികകള്‍ (ആവശ്യത്തില്‍ കവിഞ്ഞ്) പണിയുമ്പോള്‍ അവന്റെ ആവശ്യം നിറവേറാന്‍ ഈ പഞ്ചാര മണലുകളും ചരലുകളും പാറകളുമാണ് എടുക്കുന്നത്. ഇത് വര്‍ഷം തോറും ഇരട്ടിച്ച് വരുന്നു. കാരണം കൂട്ടു കുടുംബത്തില്‍ നിന്ന് അണു കുടുംബത്തിലേക്ക് ദ്വീപുകാര്‍ മിന്നല്‍ വേഗതയില്‍ പാഞ്ഞ് കൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷകര്‍ എല്ലാ ദ്വീപിലും പേരിന് ഉണ്ട്. പക്ഷെ ഇത്തരം സംഭവങ്ങള്‍ അവര്‍ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നു. കാരണം അവര്‍ക്കും വീട് വെക്കണം. ഒരു പക്ഷെ അവരുടെ കുടുമ്പക്കാരായിരിക്കും ഇത് ചെയ്യുന്നതായി കാണുന്നത്. പല ദ്വീപുകളിലേയും തീരങ്ങള്‍ വലിയ ഗര്‍ത്തങ്ങളായി രൂപാന്തരപ്പെടുകയാണ്. ഇത് വിറ്റ് കാശാക്കി വിലസുന്ന ചെറുപ്പക്കാര്‍ ഒരുപാടുണ്ട്. അവര്‍ക്ക് ജീവിക്കാനുള്ള പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗ്ഗമെന്ന് പറയുന്നവര്‍ ഇല്ലാതില്ല. സ്വന്തം ഉമ്മയുടെ ചോര വിറ്റ് കഴിയുന്നവരേയും ഇവര്‍ ഇങ്ങനെ വിളിക്കുമായിരിക്കും.
എന്താണ് ഇതിനൊരു പരിഹാരം?. വീട് നിര്‍മ്മാണത്തിന് ആവശ്യമായ മണ്ണും ചരലും സര്‍ക്കാര്‍ തന്നെ സബ്സിഡിയായി കൊടുക്കുന്നുണ്ട്. പക്ഷെ അത് കൊണ്ട് നമ്മുടെ ആവശ്യ പൂര്‍ത്തീകരണം സാധ്യമല്ല. തന്നെയുമല്ല എല്ലാവര്‍ക്കും അത് ലഭ്യമല്ല താനും. അതിനായി നമ്മള്‍ വന്‍കരയെ ആശ്രയിക്കേണ്ടി വരുന്നു. മണ്ണും ചരലും മഞ്ചുവഴി ദ്വീപില്‍ എത്തുന്നുണ്ടല്ലോ?. ഭക്ഷണ സാധനങ്ങള്‍ വന്നില്ലെങ്കളിലും സിമന്റും കമ്പിയും മണ്ണും ചരലും വന്നാല്‍ മതിയെന്ന അവസ്ഥയിലാണിപ്പോള്‍ ദ്വീപുകാര്‍. അത്രയേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്.
ഇനി കാര്യത്തിലേക്ക് കടക്കാം. മുകളില്‍ ആദ്യം പറഞ്ഞത് (മണ്ണ് ഘനനം) നമ്മുടെ പ്രകൃതിക്ക് വന്‍ ഭീഷണിയാണെന്ന് ആരും പഠിപ്പിക്കാതെ തന്നെ നമുക്ക് മനസ്സിലാക്കാം. ഇനി കരിയില്‍ നിന്ന് ഇറക്ക്മതി ചെയ്യുന്ന ഇത്തരം സാമഗ്രികള്‍ കൊണ്ട് നമുക്ക് എന്തെങ്കിലും ഭീഷണിയുണ്ടോ?
ഒരു വര്‍ഷം ഒരു ദ്വീപില്‍ ശരാശരി 60 പ്രാവശ്യമെങ്കിലും മഞ്ചു സര്‍വ്വീസ് നടത്തുന്നുണ്ട്. അതായത് ഒരു മഞ്ചുവിന്റെ കപ്പാസിറ്റി ശരാശരി 100 ടണ്‍ എടുത്താല്‍ അത് വര്‍ഷം 6000 ടണ്‍ എന്നാകും !!! ഇത് ഏറ്റവും കുറഞ്ഞ കണക്കാണ്. ഇങ്ങനെ ഓരോ വര്‍ഷവും മറ്റ് വസ്തുക്കള്‍ കൂടാതെ നമ്മുടെ പവിഴപ്പാറിന്റെ മുകളിലേക്ക് ഇറക്കുകയാണ്. ഇത് താങ്ങാനുള്ള ശക്തി നമ്മുടെ ദ്വീപുകള്‍ക്കുണ്ടോ?. എത്ര ഭാരമാണ് നമ്മുടെ ഓരോ ദ്വീപിന്റെയും കപ്പാസിറ്റി?. ഒരു സുപ്രഭാതത്തില്‍ ബ്രേക്കിങ്ങ് ന്യൂസായി വാര്‍ത്തകളില്‍ ഇങ്ങനെ കാണുമായിരിക്കും

..................... ലക്ഷദ്വീപിലെ കില്‍ത്താന്‍ (ഉദാഹരണത്തിന് മാത്രം) എന്ന ദ്വീപ് കടലില്‍ അപ്രത്യക്ഷമായി. ഏകദേശം 5000 പേര്‍ മരിച്ചതായി പ്രാഥമിക വിവരം. .......................................

ഇത് നമുക്ക് അത്ര നിസ്സാരമായി തള്ളിക്കളയാനാകുമോ?. എന്താണ് ഇതിന് പരിഹാരം.
നമ്മുടെ സര്‍ക്കാര്‍ ദ്വീപിലെ ഭൂമിസംരക്ഷണ നിയമം അത്പോലെ എന്‍ട്രി പെര്‍മിറ്റ് നിയമം പോലെയുള്ളത് കൊണ്ടുവന്നപോലെ വീട് നിര്‍മ്മാണ നിയമവും കൊണ്ട് വരേണ്ടതായിരുന്നു. വീട് വാര്‍പ്പിന് സര്‍ക്കാരിനോ നാട്ടുകാര്‍ക്കോ അനുമതി കൊടുക്കാന്‍ പാടില്ലായിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് നമ്മുടെ ദ്വീപ് സുന്ദരിയായിരുന്നു. ദ്വീപ് ടൂറിസ്റ്റുകളെ ഹഠാതാകര്‍ഷിച്ചിരുന്നു. അവര്‍ വരുന്നത് നമ്മുടെ വാര്‍പ്പ് കെട്ടിടങ്ങള്‍ കാണാനല്ല. ഓലമേഞ്ഞ വീടുകള്‍, ഓടം കയറ്റിവെക്കുന്ന പാണ്ടായാലകള്‍, തേങ്ങയിടാനുള്ള ഓല ഷെഡുകള്‍ തുടങ്ങി നിരവധി നിര്‍മ്മാണങ്ങളെല്ലാം തന്നെ ഓലകൊണ്ട് (ഇന്ന് ഇത് ടൂറിസ്റ്റ് ഹട്ടുകള്‍ക്കേ ഉപയോഗിക്കുന്നുള്ളൂ) മേഞ്ഞതായിരുന്നു. ഭൂമിക്കടിയില്‍ നിന്ന് എടുത്ത കൊത്ത് കല്ലുകളും ചുമര്‍തേക്കാന്‍ കുമ്മായവുമായിരുന്നു നാം ഉപയോഗിച്ചത്. കുമ്മായം പൂശിയ വീട്ടില്‍ പൊതുവേ തണുപ്പനഭവപ്പെട്ടിരുന്നു. കാരണം അത് പുറത്ത് വിടുത്തത് തണുപ്പാണ്. എന്നാല്‍ വീട് വാര്‍ത്ത് വാര്‍ത്ത് നമ്മള്‍ ഇന്ന് ചൂട് കാരണം ഇരിക്കപ്പൊറുതിയില്ലാതെ കടപ്പുറത്താണ് വിശ്രമിക്കുന്നത്. അല്ലെങ്കില്‍ ചൂടിനെ അതിജീവിക്കാന്‍ എ.സി. ഫിറ്റ് ചെയ്യുന്നു. മൂന്ന് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 100CC ബൈക്ക് നിരത്തില്‍ നിറഞ്ഞിരിക്കുന്നു. ഇങ്ങനെയെങ്കില്‍ അടുത്ത മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറം നമ്മള്‍ ഉണ്ടാകുമോ?

SHARE YOUR FEEDBACK

RECENT IN THIS CATEGORY