DweepDiary.com | Wednesday, 25 November 2020

"കേരളത്തിലെ പ്രളയവും ലക്ഷദ്വീപിലെ പൊതു സമൂഹവും..."

In editorial / 03 September 2018
ക്ഷദ്വീപിൽ ഓഖി സൈക്ലോൺ ആഞ്ഞടിച്ചപ്പോഴും അടുത്തിടെ ആന്ത്രോത്തിൽ നാല് മത്സ്യ തൊഴിലാളികളെ കാണാതായപ്പോയുമൊക്കെ കാണിച്ചതിന്റെ ഇരട്ടി ആവേശമാണ് കേരളത്തിലെ പ്രളയ ദുരന്ത ബാധിതർക്ക് സഹായമെത്തിക്കാനും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുമൊക്കെ ലക്ഷദ്വീപുകാർ കാണിച്ചത്. ഈയിടേയായി സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ഒരു ചോദ്യം, ലക്ഷദ്വീപുകാർ സ്വന്തം നാട്ടിലെ ദുരന്തങ്ങളേക്കാൾ കൂടുതൽ വൻകരയിലെ ദുരന്തങ്ങൾ പ്രാധാന്യത്തോടെ കാണുന്നതിൽ അസ്വാഭാവികതയില്ലേ എന്നുള്ളതാണ്. അതിനൊരുത്തരം തേടുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

അന്വേഷണം തുടങ്ങേണ്ടത് നമ്മുടെ പാഠപുസ്തകങ്ങളിൽ നിന്നാണ്. നമ്മൾ ലക്ഷദ്വീപിനേക്കാൾ കൂടുതൽ കേരളത്തിന് പരിഗണന കൊടുക്കുന്നത് ആദ്യത്തെ സംഭവമല്ല നമ്മുടെ ജീവിതത്തിലുടനീളം നമ്മളത് പ്രകടിപ്പിക്കുന്നു. മർഹൂം ഡോ.കോയ, മർഹൂം. പി എം സെയ്ദ് , പി ഐ പൂക്കോയ തുടങ്ങി ഹസ്രത്ത് ഉബൈദുള്ളയെക്കുറിച്ച് പോലും കൂടുതലൊന്നും അറിയാത്ത നമ്മുടെ കുട്ടികൾക്ക് ചട്ടമ്പി സ്വാമികളെക്കുറിച്ചും അയ്യൻകാളിയെ ക്കുറിച്ചും നന്നായിട്ടറിയാം. കേരളം, അവരുടെ സംസ്ഥാനത്തിലെ വിദ്യാർത്ഥികളെ പ്രബുദ്ധരാക്കാൻ വേണ്ടി രൂപം നൽകിയ പാഠ്യപദ്ധതി, അത് പിന്തുടരുന്ന വിദ്യാർത്ഥി കേരളത്തിൽ ജീവിക്കുന്ന ഒരു പൗരന് വേണ്ട ഗുണങ്ങളോട് കൂടിയാണ് വളരുന്നത്. അത് ലക്ഷദ്വീപിലേക്കോ അവിടത്തെ സാഹചര്യങ്ങളിലേക്കോ വിദ്യാർത്ഥിയുടെ ശ്രദ്ധ ക്ഷണിക്കുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തലൂടെ ഒഴുകുന്ന നദികളെക്കുറിച്ചും അണക്കെട്ടുകളെക്കുറിച്ചും ഒക്കെ അറിവുള്ള കുട്ടിക്ക് ലക്ഷദ്വീപിന്റെ മുഖ്യ ഉത്പന്നമായ മാസുണ്ടാക്കുന്നത് ഏതു തരം ചൂര ഉപയോഗിച്ചാണന്ന അറിവു ഉണ്ടാകുന്നില്ല.

ഇങ്ങനെ പാഠ്യ പദ്ധതിയിൽ തുടങ്ങുന്ന ലക്ഷദ്വീപുകാരന്റെ സ്വന്തം നാടിനോടുള്ള അജ്ഞത അല്ലെങ്കില്‍ അവഗണന വളർന്ന് വരുമ്പോൾ മാറാനുളള സാഹചര്യം ഒട്ടുമില്ല. ബഹുഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തെയാണ് ആശ്രയിക്കുന്നത്. തുടക്കത്തിലൊക്കെ ഓരോ കാര്യങ്ങളെ ലക്ഷദ്വീപിനോട് താരതമ്യം ചെയ്ത് കാണാൻ കഴിയുമെങ്കിലും പിന്നീട് ഒരു കേരളീയനായി നമ്മൾ മാറുന്നു (മാറ്റുന്നു). അവിടെയും സ്വന്തം നാടിന്റെ നല്ലതും ചീത്തയുമായ ഒന്നും നമ്മളെ സ്വാധീനിക്കുന്നില്ല.

അണ്ണാ ഹസാരെയുടെ നേത്യത്വത്തിൽ ഡൽഹിയിൽ നടന്ന സമരവും CPIM ന്റെ കേരളാ സെക്രട്ടറിയേറ്റ് മാർച്ചും സോളാർ കേസും ഉമ്മൻ ചാണ്ടിയും സരിതയും ഒക്കെ നമുക്ക് സുപരിചിതമാണ്. എന്നാൽ നമ്മുടെ നാട്ടിൽ അഴിമതി ഉണ്ടോ എന്നും സെക്രട്ടറിയേറ്റ് മാർച്ചുകൾ എന്തു കൊണ്ട് വിജയകരമായി നടക്കുന്നില്ല എന്നും നമ്മൾ ചിന്തിക്കുന്നു പോലുമില്ല. വാർത്ത കേട്ടും പത്രം വായിച്ചും വളർന്നാൽ നല്ലൊരു പൗരനാകും എന്ന് പഠിപ്പിക്കുന്ന അധ്യാപകൻ പക്ഷേ, കുട്ടികളോട് എന്ത് വാർത്ത വായിക്കണമെന്ന് പഠിപ്പിക്കുന്നില്ല. നമ്മൾ വായിക്കുന്നതും കാണുന്നതും കേൾക്കുന്നതുമായ വാർത്തകളിൽ മുക്കാലും കേരളത്തിൽ നിന്നുള്ളതും ബാക്കി കാൽ ഭാഗവും ദേശീയവും അന്തർദേശീയവുമായിട്ടുള്ളതുമാണ്. കേരളത്തിലെ വാർത്തകൾ കാണണ്ട എന്നല്ല പറഞ്ഞു വരുന്നത് പകരം ലക്ഷദ്വീപിലെന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത ഒരു വ്യക്തി കേരളത്തെക്കുറിച്ച് കൂടുതൽ അറിയുക കൂടി ചെയ്യുമ്പോൾ അയാൾക്കൊരിക്കലും ലക്ഷദ്വീപിന്റെ കാര്യത്തിൽ കൂടുതൽ തത്പരനാകാൻ കഴിയില്ല അത് സ്വാഭാവികമാണ് അത് കൊണ്ടാണ് മിനിക്കോയിയിൽ ഓഖി അടിച്ച് വമ്പിച്ച നാശ നഷ്ടങ്ങളുണ്ടായപ്പോൾ അനങ്ങാത്ത ലക്ഷദ്വീപിലെ ഒരു പൊതു സമൂഹം എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഉറക്കമൊഴിച്ചിരുന്ന് സാധനങ്ങൾ പാക്ക് ചെയ്യുകയും അയക്കുകയും ചെയ്യുന്നത്. അഭയാർത്ഥി ക്യാമ്പുകളിലേക്ക് സാധനങ്ങൾ കൊടുത്തയക്കുന്നത് നല്ലതാണ്. എന്നാൽ സ്വന്തം നാട്ടുകാർക്ക് മിനിക്കോയിയിൽ കിടപ്പാടം നഷ്ടപ്പെട്ടപ്പോൾ ദുരിതാശ്വാസം എന്നൊരു വാക്ക് മിണ്ടാത്ത ലക്ഷദ്വീപിലെ പൊതു സമൂഹം കേരളക്കരയിൽ പ്രളയം സംഭവിക്കുമ്പോൾ കാണിക്കുന്ന ഈ ശുഷ്‍കാന്തി അസ്വാഭാവികത തന്നെയാണ്.

നമ്മൾക്കിടയിലെ പ്രശ്നങ്ങെളെ നമ്മൾ അവഗണിച്ചിട്ടേ ഉള്ളൂ. പിണറായി വിജയൻ അല്ലങ്കിൽ മറ്റേതെങ്കിലും കമ്മ്യൂണിസ്റ്റ് നേതാവ് ജാതിക്കെതിരെ സംസാരിക്കുമ്പോൾ രോമാഞ്ചം കൊള്ളുന്ന നമ്മൾ ലക്ഷദ്വീപിൽ കോയ, മാലി, മേലാച്ചേരി എന്നീ മൂന്ന് ജാതി (മിനിക്കോയിലും ജാതിയുണ്ട് പേര് വേറെയാണെന്ന് മാത്രം) യുണ്ടെന്നും അത് തെറ്റായ ഒരു കാര്യമാണെന്നും പറയാൻ ആര്‍ജ്ജവം കാണിക്കാത്തത് മേല്‍പറഞ്ഞ നമ്മുടെ സ്വത്വം മനസിലാക്കാത്തത് മൂലം തന്നെയാണ്.

കേരളത്തിലെ പ്രളയത്തിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യതൊഴിലാളികളെ ഇവർ നമ്മുടെ സൈന്യമാണെന്ന് പറഞ്ഞ് അഭിനന്ദിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അഭിമാനം കൊള്ളാത്തവരുണ്ടാവില്ല. എന്നാൽ ഈയൊരു സാഹചര്യത്തിൽ നമ്മുടെ വീടുകളിൽ ദിവസവും മത്സ്യമെത്തിക്കുന്ന ലക്ഷദ്വീപിലെ മത്സ്യതൊഴിലാളികളെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?? സ്വന്തം ഉത്പന്നമായ മാസിന് വിപണി കണ്ടെത്താൻ കഴിയാത്ത അവർക്ക് ഒരു കൈ സഹായം ചെയ്യണമെന്ന് ആർക്കെങ്കിലും തോന്നിയോ? ശ്രീലങ്കയിൽ ഒരു വിപണി തറക്കുമെന്ന് കരുതി സൊസൈറ്റിയിൽ കൊടുത്ത മാസിന് പറഞ്ഞ തുകയുടെ പകുതി പോലും ലഭിക്കാതെ വലയുന്ന മത്സ്യതൊഴിലാളിക്ക് അഡ്മിനിസ്ട്രേറ്ററുടെ ദുരിതാശ്വാസ നിധിയിൽ നിന്നും എന്തെങ്കിലും കൊടുക്കണമെന്ന് നമുക്കാർക്കും തോന്നിയില്ല കോടിക്കണക്കിന് രൂപ മത്സ്യതൊഴിലാളികൾക്ക് ലഭിക്കാനുണ്ട് എന്നറിഞ്ഞിട്ടും ഒരു മത്സ്യത്തൊഴിലാളിയെയും ദുരിത ബാധിതരായി നമ്മൾ കണക്കാക്കുന്നില്ല. അല്ലെങ്കില്‍ ദ്വീപിലെ രാഷ്ട്രീയ അന്തിചര്‍ച്ചയിലെ ജീവിക്കുന്ന കഥാപാത്രങ്ങളായി അവരെ വിട്ടു എന്ന് വേണം കരുതാന്‍. അവർ നമുക്ക് അന്യരാണ് കാരണം മലയാളം ടി വി ചാനലുകളിലെ അന്തിച്ചർച്ചകൾക്ക് മാത്രമാണ് നമ്മളെ സ്വാധീനിക്കാൻ കഴിയുന്നത്. നമ്മുടേത് നാടകവും... ഇരകൾ നമ്മുടെ ഇടയിൽ ഒരുപാടുണ്ട്. ആന്ത്രോത്തിലെ വെടിവെപ്പിൽ മരിച്ചവരും പരുക്കേറ്റരും, കടമത്തിൽ ബോട്ടപകടത്തിൽ മരിച്ചവർ തുടങ്ങി ഈ അടുത്തിടെ കാണാതായ ആന്ത്രോത്ത് ദ്വീപിലെ നാല് മത്സ്യതൊഴിലാളികൾ... പിന്നെ കല്പേനിയിലെയും അഗത്തിയിലേയും പവർഹൗസിന്റെ ചുറ്റും താമസിക്കുന്ന സ്വന്തം വീടു നിൽക്കുന്ന ഭൂപ്രദേശത്ത് ഡീസൽ മൂലം മലിനീകരണമുണ്ടായിട്ടും അവിടത്തന്നെ താമസം തുടരേണ്ടി വരുന്ന കുടുംബങ്ങൾ... അങ്ങനെ നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട് ദുരിതാശ്വാസമർഹിക്കുന്നവരായി നമുക്കിടയിൽ.

ലക്ഷദ്വീപിൽ ആദ്യമായി ഒരു ലക്ഷം രൂപയെങ്കിലും ലഭിച്ചത് ഇപ്പോൾ കാണാതായ മത്സ്യതൊഴിലാളികളുടെ ആശ്രിതർക്കാണ് എന്ന വസ്തുത പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. എന്നാൽ നമ്മൾ കേരളത്തിന് കൊടുക്കാൻ പോകുന്ന സംഭാവന ഒരു കോടി രൂപയാണെന്നിരിക്കേ നമ്മുടെ നാട്ടിൽ കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ട് CPI നിരാഹാര സമരം നടത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി ആ വാർത്ത ഒന്നു ഷെയർ ചെയ്യാൻ പോലും ആർക്കും സമയമില്ല. നമ്മള്‍ യഥാർത്ഥത്തില്‍ മനുഷ്യ സ്നേഹികളാണെങ്കിൽ ഏഷ്യാനെറ്റും കൈരളിയുമടങ്ങുന്ന ടി വി ചാനലുകളുടെ സ്വാധീനം കൊണ്ട് മാത്രമല്ല നിങ്ങൾ പ്രളയ ബാധിത കേരളത്തെ സഹായിച്ചതെങ്കിൽ നിങ്ങൾക്കെന്തു കൊണ്ടാണ് ആന്ത്രോത്തിൽ നടക്കുന്ന സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാൻ കഴിയാത്തത്. നിങ്ങൾ പറയാൻ പോകുന്ന ന്യായം മാധ്യമമില്ല എന്നുള്ളതാണ്, ശരിയാണ് ലക്ഷദ്വീപിന് സ്വന്തമായി ടി വി ചാനലുകളില്ല ഈയൊരു സാഹചര്യത്തിൽ സാധ്യവുമല്ല. എന്നാൽ ദ്വീപിന് വേണ്ടി പത്രം അച്ചടിക്കാനുള്ള ശ്രമങ്ങൾ നിരവധി നടന്നിട്ടുണ്ട്. ജനങ്ങളുടെ സഹകരണമില്ലായ്മയാണ് മിക്ക ശ്രമങ്ങളും പരാജയപ്പെടാൻ കാരണം. അവസാനമായി പാതി വഴിയിലായിപ്പോയത് ലക്ഷദ്വീപിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഇസ്മത്ത് ഹുസ്സെന്റെ "മിസ്റാവ്" ആണ് ഏറ്റവും പുതിയതായി ഇറങ്ങിയത് Dr സാദിഖ് നേതൃത്വം കൊടുക്കുന്ന "ദ്വീപ് ജനത" എന്ന പത്രമാണ്. ഇതൊന്നു ആരും അറിയാനോ വായിക്കാനോ ശ്രമിക്കുന്നില്ല. എന്നിട്ട് പറയും നമുക്ക് പത്രമില്ല എന്ന്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി ദ്വീപ് ഡയറിയും, രംഗപ്രവേശനം ചെയ്ത ദ്വീപ് മലയാളി, അൽ ജസരി എന്നീ ഓൺ ലൈൻ ന്യൂസ് പോർട്ടലുകളും നമുക്കുണ്ട്. ഇവ മൂന്നിനും ആണ്‍ഡ്രോയിഡ് ആപ്പുകളുമുണ്ട്. ആരും അത് ഡൗൺലോട് ചെയ്യില്ല, വായിക്കില്ല. എല്ലാവർക്കും ന്യൂസ് ഹണ്ട് വായിച്ചാ മതി. മനോരമയും മാതൃഭൂമിയും ന്യൂസ് ഹണ്ടും വായിക്കാൻ കാണിക്കുന്ന താത്പര്യത്തേക്കാൾ കൂടുതൽ നമ്മുടെ വാർത്തകൾ മാത്രം തരുന്ന പത്രങ്ങളും ആപ്പുകളും വായിക്കാൻ കാണിക്കുക. പുതിയ ന്യൂസ് വരാതിരിക്കുകയോ പത്രം ഇറങ്ങാതിരിക്കുകയോ ചെയ്താൽ എന്തു സംഭവിച്ചു എന്നന്വേഷിക്കുകയെങ്കിലും ചെയ്യുക. 1847 ൽ ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച ആദ്യ മലയാള പത്രം മുതൽ ഇന്നു വരെ രണ്ട് നൂറ്റാണ്ടുകളുടെ പത്ര പ്രവർത്തന ചരിത്രമുള്ള കേരളവുമായി നിങ്ങൾ ലക്ഷദ്വീപിലെ പത്രങ്ങളെയോ ഓൺലൈൻ ന്യൂസ് പോർട്ടലകളെയോ താരതമ്യം ചെയ്യരുത് നമ്മൾ തുടങ്ങിയിട്ടേ ഉള്ളൂ.

കേരളത്തിൽ പ്രളയം വരുമ്പോൾ നമ്മൾ സഹായിക്കണം എന്നാൽ ഒരു ദുരന്തം ലക്ഷദ്വീൽ സംഭവിച്ചാൽ സഹായിക്കാനുള്ള മനസ്ഥിതി നമുക്കുണ്ടാകുന്നില്ലെങ്കിൽ അതൊരസ്വാഭാവികത തന്നെയാണ്. കേരളത്തിന്റെ വെല്ലു വിളികൾ നേരിടാൻ അവർ തയ്യാറാണ് എന്നാൽ ലക്ഷദ്വീപിന്റെ വെല്ലുവിളികൾ നേരിടാൻ നമ്മൾ തയ്യാറാണോ ?
നമ്മുടെ കൂടപ്പിറപ്പുകളുടെ നിലവിളികളേക്കാൾ ഉച്ചത്തിലാണ് അന്തിച്ചർച്ചകളിലെ അവതാരകന്റെ ശബ്ദമെങ്കിൽ ടിവിയുടെ ശബ്ദം കുറക്കുക, നമ്മുടെ ഇടയിലും ഇരകളുണ്ടെന്ന് തിരിച്ചറിയുക.

(ദ്വീപ് ഡയറി എഡിറ്റോറിയല്‍)

SHARE YOUR FEEDBACK

RECENT IN THIS CATEGORY