DweepDiary.com | ABOUT US | Friday, 29 March 2024

ആകാശവാണി കവരത്തി.... വാര്‍ത്തകള്‍ വായിക്കുമോ?

In editorial BY Admin On 12 March 2017
1993 ലാണ് കവരത്തി റേഡിയോസ്റ്റേഷന്‍ നിലവില്‍ വന്നത്. അതായത് ഇന്നേക്ക് 23 വര്‍ഷം!. വാര്‍ത്താവിനിമയ മാധ്യമ രംഗത്ത് റേഡിയോയുടെ സ്വാധീനം വിലമതിക്കാനാവാത്തതാണ്. സാധാരണക്കാരന്റെ ചങ്ങാതിയെന്നോണം റേഡിയോ കൂടെ കൊണ്ടുനടന്നവരെ നമുക്ക് വിസ്മരിക്കാനാവില്ല. ടി.വിയും ഫേസ്ബുക്കും വാട്സ് ആപ്പും ഇതിന്റെ നിറം കെടുത്തിയെങ്കിലും ഇന്നും റേഡിയോയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നവരുണ്ടെന്നാണ് സത്യം. റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ ശ്രോദ്ധാക്കള്‍ക്ക് അറിവും വിജ്ഞാനവും ക്യാപ്സൂള്‍ രൂപത്തില്‍ ലഭ്യമാക്കുന്നു. ലക്ഷദ്വീപിനെ സംബന്ധിച്ച് റേഡിയോ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വാര്‍ത്താ മാധ്യമമാവേണ്ട ഒന്നാണെന്ന് അടിവരയിട്ട് പറയാം. നിര്‍ഭാഗ്യമെന്ന് പറയട്ടെ ലക്ഷദ്വീപില്‍ ഇന്ന് റേഡിയോ ഉപയോഗിക്കുന്നവര്‍ 5% ല്‍ താഴെ എന്ന് വിലയിരുത്താം. കവരത്തി നിലയം 10 മെഗാഹെഡ്സായി ഉയര്‍ത്തിയിട്ട് 6 മാസം പിന്നിടുന്നു. അതായത് നേരത്തെ കവരത്തിയില്‍ മാത്രം കിട്ടിക്കൊണ്ടിരുന്ന ആകാശവാണി കവരത്തി ഇപ്പോള്‍ മിനിക്കോയി ഒഴികെയുള്ള എല്ലാ ദ്വീപുകളിലും വളരെ വ്യക്തമായി ലഭ്യമാവുന്നുണ്ട്. രാവിലെ 6:25 ന് ആരംഭിക്കുന്ന പ്രാദേശിക പ്രക്ഷേപണം 9 മണിവരെ തുടരുന്നു. എല്ലാ ദിവസവും രാവിലെ 6.55 ന് അറിയിപ്പുകളില്‍ അന്നത്തെ കപ്പല്‍ പ്രോഗ്രാമുകളും വെസ്സല്‍ പ്രോഗ്രാമുകളും നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നു. തുടര്‍ന്ന് നാടന്‍ പാട്ടുകളും ദ്വീപിലെ പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖങ്ങളും നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നു. കഴിഞ്ഞ ജനുവരി 26 ന് തുടക്കമിട്ട ഫോണ്‍-ഇന്‍ പരിപാടിയാ ഗനസല്ലാപം (എല്ലാ ഞായറാഴ്ചയും രാവിലെ 8:30 ന്) കൂടുതല്‍ ജനങ്ങളിലേക്ക് ഇതിനകം ഇറങ്ങിച്ചേരാനായി.
എന്നാല്‍ എല്ലാവരും ആഗ്രഹിക്കുന്ന ലക്ഷദ്വീപ് പ്രാദേശിക വാര്‍ത്തകള്‍ എന്ന പ്രക്ഷേപണം കേള്‍ക്കാന്‍ ഇനിയും നമുക്കായിട്ടില്ല. ലക്ഷദ്വീപിലെ വാര്‍ത്തകള്‍ അറിയാനുള്ള ഒരു സ്ഥിരം മാധ്യമം നമ്മുടെ ദിവാ സ്വപ്നമായി അവശേഷിക്കുകയാണ്. ഫേസ്ബുക്കിലേയും വാട്സ്ആപ്പിലേയും നുണക്കഥകള്‍ക്ക് വിരാമമിടാന്‍ ആകാശവാണി കവരത്തി നിലയത്തിനാവുമോ? എല്ലാ ദ്വീപുകളിലും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍ന്റ്മാരുടെ സേവനം ലഭ്യമാണല്ലോ? ഒരു ദിവസം ഒരു വാര്‍ത്ത ഓരോര്‍ത്തരായി റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ തന്നെ പത്ത് വാര്‍ത്തയായി. അങ്ങനെ ദിവസവും രണ്ട് നേരമെങ്കിലും ലക്ഷദ്വീപ് പ്രാദേശിക വാര്‍ത്തകള്‍ വായിച്ച് തുടങ്ങിയാല്‍ റേ‍ഡിയോ ഇല്ലാത്ത ഒരു വീടും ദ്വീപിലുണ്ടാവുകയില്ലെന്ന് തീര്‍ത്തും പറയാന്‍ സാധിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY