DweepDiary.com | ABOUT US | Friday, 19 April 2024

ഈ അധ്യാപകദിനം ഓര്‍മപെടുത്തുന്നത്

In editorial BY Admin On 05 September 2016
പ്രമുഖവിദ്യാഭ്യാസചിന്തകനും തത്വശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമാണല്ലോ അധ്യാപകദിനമായി ആചരിച്ചുവരുന്നത്. 1888 സെപ്റ്റംബര്‍ അഞ്ചിനു മദ്രാസിനടുത്ത് തിരുത്താനി ഗ്രാമത്തിലായിരുന്നു സര്‍വേപള്ളി രാധാകൃഷ്ണന്റെ ജനം. ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം 1909 ല്‍ മദ്രാസ് റസിഡന്‍സി കോളജില്‍ അധ്യാപന ജീവിതം തുടങ്ങിയ രാധാകൃഷ്ണന്‍ ചെന്നൈ യൂനിവേഴ്‌സിറ്റി, മൈസൂര്‍ യൂനിവേഴ്‌സിറ്റി, കൊല്‍ക്കത്ത യൂനിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി, ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി തുടങ്ങി, ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി യൂനിവേഴ്‌സിറ്റികളില്‍ അധ്യാപകനായിരുന്നു.

1952 മുതല്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റായും 1962 മുതല്‍ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രത്തിനു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തു 1954 ലെ ഭാരതരത്‌നമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. തന്റെ ജന്മദിന ആഘോഷത്തെപ്പറ്റി നിര്‍ദേശം വന്നപ്പോള്‍ രാഷ്ട്രത്തിലെ കുട്ടികളുടെ ഭാവി രൂപപ്പെടുത്തുകയും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത് ഭാവിവാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന അധ്യാപക സമൂഹത്തിന് പിന്തുണയും പ്രോത്സാഹനവുമായി പ്രസ്തുത ദിനം മാറട്ടെയെന്ന ഉദ്ദേശ്യത്തില്‍ അധ്യാപക ദിനമായി ആഘോഷിക്കാനാണ് രാധാകൃഷ്ണന്‍ ആഗ്രഹിച്ചത്. അങ്ങിനെയാണ് 1962 മുതല്‍ സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ആചരിച്ചു വരുന്നത്. പഴയ ഗുരുകുല സമ്പ്രദായത്തിലെ ‘അധ്യാപക കേന്ദ്രീകൃത’ ശിക്ഷാരീതിയില്‍ നിന്നും ആധുനിക ‘ശിശു കേന്ദ്രീകൃത’ വിദ്യാഭ്യാസ രീതിയിലേക്ക് സമൂഹം മാറിയെങ്കിലും കുട്ടികള്‍ക്ക് സ്വഭാ വ രൂപീകരണവും സംസ്‌കാരവും രൂപപ്പെടുത്തുന്നതിലും സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിലും അധ്യാപകര്‍ക്ക് അഭേദ്യമായ സ്ഥാനമാണുള്ളത്.
ഡോ.എ.പി.ജെ അബ്ദുല്‍ കലാം പറഞ്ഞതു പോലെ വിദ്യാര്‍ഥികളില്‍ അന്വേഷണത്വരയും ക്രിയാത്മകതയും, ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിച്ച് റോള്‍ മോഡലാവുന്ന അധ്യാപകരാണ് ഭാവി ഭാരതത്തെ രൂപപ്പെടുത്തുന്നത്. ഇത് കൊണ്ടുതന്നെ സ്വതന്ത്ര ഭാരതത്തിലെ ദീര്‍ഘകാലത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നമ്മുടെ വിദ്യാഭ്യാസ പുരോഗതിയും ഇത്തരത്തില്‍ വിശകലനം ചെയ്യുന്നത് ഇപ്പോള്‍ ഉചിതമായിരിക്കും. ബ്രിട്ടീഷ് കാലഘട്ടത്തിന്റെ അവസാനം 12% ശതമാനം സാക്ഷരതാ നിരക്ക് എന്നുള്ളത് ഇപ്പോള്‍ 74% ശതമാനത്തിലധികമായി ഉയര്‍ന്നിട്ടുണ്ട്. സ്ത്രീ സാക്ഷരതാ നിലവാരം 65.46 %ശതമാനം എന്നുള്ളത് നമ്മുടെ അഭിമാനകരമായ നേട്ടം തന്നെയാണ്. പുരുഷന്‍മാരുടെ സാക്ഷരതാ നിലവാരമായ 82.14%ശതമാനം എന്നുള്ളത് ലോക സാക്ഷരതാ നിലവാരമായ 84%ശതമാനത്തിനടുത്താണ് എന്നത് നമ്മുടെ ആഗോ ള നിലവാരത്തിന്റെ മാനദണ്ഡം തന്നെയാണ്.
14 വയസ് വരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കുക എന്ന ഭരണഘടനയുടെ നിര്‍ദേശം മുന്‍നിര്‍ത്തി ഒട്ടനവധി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ട്. വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവച്ച് രൂപീകൃതമായ സര്‍വ ശിക്ഷക് അഭിയാന്റെ (എസ്.എസ്.എ) നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഭൗതിക സാഹചര്യ വികസനം, ആരോഗ്യ ശുചിത്വ പരിപാടികള്‍, അധ്യാപകര്‍ക്ക് നല്‍കുന്ന ഇന്‍സര്‍വിസ് ട്രെയിനിങ് തുടങ്ങിയ ബഹുമുഖ പരിപാടികളിലൂടെ ആധുനിക വിദ്യാഭ്യാസ പ്രവത്തനങ്ങളുടെ ചാലക ശക്തിയായി എസ്.എസ്.എ മാറിയിട്ടുണ്ട്. വിശപ്പും പട്ടിണിയും വിദ്യാര്‍ഥികളുടെ പഠനത്തിന് തടസമാവരുതെന്നുമുള്ള കാഴ്ചപ്പാടും എസ്.എസ്.എക്കുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുക എന്ന ഉദ്ദേശ്യത്തില്‍ പിന്നോക്ക ജില്ലകളില്‍ നടപ്പിലാക്കപ്പെട്ട ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി (ഉജഋജ) പുതിയ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും രീതികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നൂതന പ്രാഥമിക വിദ്യാഭ്യാസ രീതിയാണ്. മന:ശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട പഞ്ചേന്ദ്രിയങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പഠിക്കുക എന്ന സമീപനമാണ് ഉജഋജ യുടെ കാതല്‍. കുട്ടികള്‍ക്ക് സമഗ്രമായ അറിവും അനുഭവവും ലഭിക്കുന്നത് ഈ രീതിയുടെ ഗുണപരമായ വശമായി കാണാന്‍ കഴിയും. അതേപോലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുരോഗതി ലക്ഷ്യംവച്ച് വൈവിധ്യമായ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി ഓരോരോ യൂനിവേഴ്‌സിറ്റികളായി വിഭജിച്ചു വിദ്യാഭ്യാസത്തെ കൂടുതല്‍ സൂക്ഷ്മവും സ്ഥൂലവുമാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടി യു.ജി.സി പോലുള്ള ഏജന്‍സികളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഇങ്ങനെയെല്ലാമാണെങ്കിലും പാര്‍ശ്വവല്‍കൃതമായ ചില സമൂഹങ്ങള്‍ വിദ്യാഭ്യാസത്തിലും അനുബന്ധ തൊഴിലിലും തികച്ചും പാര്‍ശ്വവല്‍കൃതരാണ് എന്നുള്ള ഗൗരവപരമായ ആരോപണം മുഖവിലക്കെടുക്കേണ്ടതാണ്. കൂടാതെ വിദ്യാഭ്യാസ മേഖലയില്‍ പാരമ്പര്യമായി ചില സമൂഹങ്ങള്‍ക്ക് അപ്രമാദിത്വമുണ്ട് എന്നതും പഠനാര്‍ഹമാക്കേണ്ടതാണ്. സമൂഹത്തിന്റെ ഇച്ഛാശക്തി പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കു തിരുത്തലുകള്‍ ആവശ്യപ്പെടുന്നതും നാം കാണാറുണ്ട്. ഇന്ത്യയില്‍ വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്ന നിലക്കും സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യസംസ്ഥാനമെന്ന നിലക്കും കേരളത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പക്ഷേ, നിരവധി വെല്ലുവിളികള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിട്ടുകൊണ്ടിരിക്കയാണ്. 1 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രാഥമിക വിദ്യാഭ്യാസവും 4 കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈസ്‌കൂളുമെന്നുള്ള ധാരണ ഇവിടെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിലെ ലാഭനഷ്ട കണക്കിന്റെ പേരില്‍ സമൂഹത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ചിന്താ ഗതികള്‍ 3500 ഓളം വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന അവസ്ഥയിലേക്കെത്തിയിട്ടുണ്ട്. അകലെയുള്ള അണ്‍ എയ്ഡഡ് സ്വാശ്രയ വിദ്യാലയങ്ങളെ ആശ്രയിക്കാന്‍ കഴിയാത്ത പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായ പ്രാഥമിക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത് ഗൗരവമായ ഒരു സാമൂഹിക പ്രശ്‌നമാണ്.
വിദ്യാഭ്യാസം വാണിജ്യമാണോ എന്ന രീതിയിലുള്ള ചിന്താഗതികള്‍ കേരളത്തിന്റെ പൊതുബോധത്തിന് അനുയോജ്യമാണോ എന്നത് ചിന്തിക്കേണ്ടതാണ്. കൂടാതെ ഹയര്‍ സെക്കന്‍ഡറിയുടെയും കോളജിന്റെയും അക്കാദമിക് നിലവാരം ഉയരാന്‍ ഒരു പരിധിവരെ കാരണമായ സെറ്റ്, നെറ്റ് തുടങ്ങിയ അധ്യാപക യോഗ്യതാ പരീക്ഷകള്‍ക്ക് ഒരു പരിധി വരെ തുല്യമായ പ്രാഥമിക അധ്യാപക യോഗ്യത പരീക്ഷ (ഠഋഠ) പ്രാഥമിക അധ്യാപക നിയമനത്തിന്റെ യോഗ്യത മാനദണ്ഡ മായി നിശ്ചയിക്കുന്നതിനെതിരെ സ്വാശ്രയ എയ്ഡഡ് മേഖലയില്‍ നിന്നുമുള്ള എതിര്‍പ്പ് ആര്‍ക്കാണ് ഗുണം ചെയ്യുക എന്നുള്ളതും ചിന്തിക്കേണ്ടതാണ്. ഇത്തരം യാതൊരു മാനദണ്ഡവുമില്ലാതെ അധ്യാപകരെ നിയമിക്കപ്പെടുന്നത് ഇത്തരം വിദ്യാലയങ്ങളിലെ ഗുണനിലവാരം കുറയാന്‍ കാരണമാവുന്നു എന്ന വാദവും പ്രബലമാണ്.
കൂടാതെ സമൂഹത്തിന്റെയും സമുദായങ്ങളുടെയും നന്മക്കു വേണ്ടി അനുവദിക്കപ്പെടുന്ന സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങള്‍ അവരുടെ പങ്ക് ഏതു രീതിയിലാണ് നിര്‍വഹിക്കുന്നതെന്നും പിന്നോക്ക വിഭാഗങ്ങളോടും മറ്റു പൊതുസമൂഹത്തോടുമുള്ള ഇവരുടെ സമീപനവും ചര്‍ച്ചക്ക് വരേണ്ടതാണ്. ആദര്‍ശനിഷ്ഠയും ആത്മാര്‍ത്ഥതയുമുള്ള പഴയ വിദ്യാഭ്യാസ നവോത്ഥാന നായകര്‍ തുടക്കം കുറിച്ച വിദ്യാഭ്യാസ നവോത്ഥാനം ഇപ്പോഴത്തെ തുടര്‍ച്ചക്കാര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. കൂടാതെ പൊതുവെ വിദ്യാഭ്യാസ നിലവാരം കൂടുതലാണെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദേശീയ സാന്നിധ്യവും ഭാഷകളിലുള്ള പ്രാവീണ്യവും കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുറവാണെന്ന ഗൗരവപരമായ അഭിപ്രായം നിലവിലുണ്ട്. ദേശീയ നിലവാരത്തില്‍ അനുകൂലമായ ചില ചലനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഇക്കാര്യത്തില്‍ കേരളം ഒരുപാട് മുന്നേറേണ്ടതായിട്ടുണ്ട്.വിദ്യാഭ്യാസത്തിനു വരുമാനത്തിന്റെ 37 ശതമാനം ചെലവഴിച്ചു ഇന്ത്യയിലെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലക്കും ഇതില്‍ തന്നെ 80 % സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന സംസ്ഥാനമെന്ന നിലക്കും പ്രകടനം ഇനിയും മെച്ചപ്പെടേണ്ടതാണ്.
ഈ അടുത്ത കാലത്തു പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ചില വസ്തുതകള്‍ കൂടി ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ടടഘഇ വിജയ ശതമാനം കുറച്ചു കാലമായി 95 -100 എന്നുള്ളത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിഫലിച്ചു കണ്ടില്ല എന്നതാണ്. ചില സ്വാശ്രയ സ്ഥാപനങ്ങളിലെ പല കോഴ്‌സുകള്‍ക്കും ആവശ്യമായ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് നിലവാരവും ഇല്ല എന്നുള്ളതും അത് കൊണ്ട് തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിജയ ശതമാനം തുലോം താഴ്ന്നതാണ് എന്നുള്ളതും മനസിലാക്കേണ്ടതാണ്. 100 ശതമാനത്തിനടുത്തു വിജയം എന്ന സ്‌കൂള്‍ വിജയ ശതമാനം എന്‍ജിനീയറിങ് മേഖലയില്‍ സ്വപ്നം പോലെയാവുന്ന അവസ്ഥയുള്ളതു കൊണ്ട് തന്നെ ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമുണ്ടോ എന്ന ഹൈക്കോടതിയുടെ പരാമര്‍ശവും നിലവാരമില്ല എന്ന് പറയപ്പെടുന്ന എന്‍ജിനീയറിങ് കോളജുകളുടെ സ്ഥിതിയും നിഷ്പക്ഷമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്.
കൂടാതെ സ്വാശ്രയ മേഖലയില്‍ ഉയര്‍ന്നു വന്നിട്ടുള്ള പുതിയ പ്രശ്‌നങ്ങളും മെഡിക്കല്‍, എഞ്ചിനീയറിങ് മേഖലയിലെ എന്‍ട്രന്‍സുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും തികച്ചും വിദ്യാര്‍ഥിപക്ഷത്തുനിന്നുമുള്ള വായനക്ക് സമൂഹം തയ്യാറാകേണ്ടതാണ്. അഡ്മിഷന്‍ കാത്തിരിക്കുന്ന കുട്ടികള്‍ക്ക് അരക്ഷിതമായ അവസ്ഥയില്‍ നിന്നും കൃത്യവും വ്യക്തവുമായ സുരക്ഷിതബോധവും ലഭിക്കേണ്ടതാണ്. സാമൂഹ്യ ബാധ്യതയുള്ള കേരളീയ വിദ്യാഭ്യാസമേഖല നാം പടുത്തുയര്‍ത്തിയിട്ടുള്ള പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുമെന്നുമുള്ള കാര്യം ഉറപ്പാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തി സമൂഹത്തിനും രാഷ്ട്രത്തിനും എല്ലാ നിലക്കും ഗുണകരമായ രീതിയില്‍ മാറ്റിയെടുക്കുന്നതിനാവശ്യമായ ചിന്തഗതികള്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യം ഈ ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നു. പഠനത്തിന് അവസരം ലഭിക്കാതിരിക്കുന്ന ബലഹീനതയെ മുതലെടുത്തു പ്രയാസപ്പെടുത്തുന്ന ചിന്താഗതികള്‍ പഠിക്കാന്‍ കഴിവുള്ള പാവപ്പെട്ട വിദ്യാര്‍ഥികളെ ഓരങ്ങളിലേക്കു തള്ളുകയാണ് എന്നുള്ള വേദനാജനകമായ സംഭവം തികച്ചും ഗൗരവമായി മുഖ വിലക്കെടുക്കേണ്ടതാണ്.
പഴയ കാല അധ്യാപക വിദ്യാര്‍ഥി ബന്ധവും സമീപനവും ആധുനിക ലോകത്തെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധവും ചിന്താ ഗതികളും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. പരിമിതമായ അറിവിന്റെ ലോകത്തു മാതാപിതാക്കളും അധ്യാപകരും നല്‍കുന്ന അറിവിനെ ദൈവ തുല്യമായി കണ്ടിരുന്ന വിദ്യാര്‍ഥിയില്‍ നിന്നും ആധുനിക കാലത്തെ വിദ്യാര്‍ഥി ഒരുപാട് മാറിയിട്ടുണ്ട്. അക്കാലത്തു ഇങ്ങനെ കിട്ടുന്ന അറിവിനെ കൂടുതല്‍ ആശ്രയിക്കുന്നതിനാലും കുടുംബത്തിനും സമൂഹത്തിനും ഇന്നത്തേതില്‍ കൂടുതല്‍ സ്വഭാവ രൂപീകരണത്തത്തിനു സ്വാധീനം ഉള്ളതിനാലും പഴയതില്‍ നിന്നും ഇന്നത്തെ അധ്യാപകരും വിദ്യാര്‍ഥികളും ഒരുപാട് മാറിയിട്ടുണ്ട്.
അധ്യാപകര്‍ അറിവിന്റെ നിറകുടം എന്ന രീതിയിലുള്ള ബഹുമാനവും ആദരവും അധ്യാപകര്‍ക്ക് അന്ന് അക്കാലത്തു കൂടുതല്‍ ലഭിച്ചിരുന്നു. വിവര സാങ്കേതിക വിദ്യയുടെ വ്യാപനം കുട്ടികള്‍ക്ക് അറിവിന്റെ സീമ വളരെയധികം വര്‍ധിപ്പിച്ചിട്ടുണ്ട്.വിവര സാങ്കേതിക വിദ്യയിലൂടെ ലോകത്തിലുള്ള ഏതറിവും സ്വന്തം വിരല്‍ തുമ്പില്‍ ലഭിക്കുന്ന ആധുനിക കാലത്തു സ്വാഭാവികമായും വിദ്യാര്‍ഥികളുടെ സ്വഭാവ രൂപീകരണവും അറിവും ഉണ്ടാക്കുന്നതില്‍ വിവര സാങ്കേതിക വിദ്യയുടെ വ്യത്യസ്ത ഉപാധികള്‍ക്കു ഏറ്റവും പ്രമുഖമായ സ്ഥാനമുണ്ട്. അത് കൊണ്ട് തന്നെ സംസ്‌കാരവും ജീവിത വീക്ഷണവും രൂപപ്പെടുത്തുന്നതില്‍ പരമ്പരാഗതമായ സമ്പ്രദായത്തില്‍ നിന്നുമുള്ള മാറ്റം ആധുനിക അധ്യാപക സമൂഹം വ്യക്തമായ രീതിയില്‍ തിരിച്ചറിയേണ്ടതുണ്ട്. ഈയൊരു ലോകത്തു തന്റെ പങ്കിനെ പറ്റിയുള്ള തിരിച്ചറിവും വിദ്യാര്‍ഥികളുടെ അറിവിന്റെ ലോകത്തെക്കുറിച്ചുള്ള ധാരണയും, ധാര്‍മികതെയും സദാചാരത്തെയും കുറിച്ചുമുള്ള വീക്ഷണവും മികച്ച അധ്യാപകരവാന്‍ ആധുനിക അധ്യാപകര്‍ക്ക് ഗുണകരമാവും എന്നത് തര്‍ക്കരഹിത യാഥാര്‍ഥ്യമാണ് .
അങ്ങനെ എഴുപതോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ഭരണഘടനാ നിര്‍മാതാക്കള്‍ സ്വപ്നം കണ്ട ഒരു അധ്യാപക വിദ്യാര്‍ഥി സംസ്‌കാരവും തല്‍ഫലമായി രാഷ്ട്രനിര്‍മാതാക്കളായി മാറാനുള്ള പുതിയ വിദ്യാര്‍ഥി സമൂഹം ഉയര്‍ന്നു വരാനും കൂടുതല്‍ ബലപ്പെടാനും ഈ അധ്യാപക ദിന ചിന്തകള്‍ വളര്‍ന്നു വരട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം. വിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രതിസന്ധികളെയും തിരിച്ചടികളെയും അതിജീവിച്ചു കരുത്തരാകാനുള്ള ഊര്‍ജമായി അധ്യാപകര്‍ക്ക് ഈ അധ്യാപക ദിനം മാറട്ടെയെന്നു നമുക്ക് ആശംസിക്കാം.
(കടപ്പാട്- സുപ്രഭാദം ദിനപത്രം)

SHARE YOUR FEEDBACK

RECENT IN THIS CATEGORY