DweepDiary.com | ABOUT US | Tuesday, 16 April 2024

കില്‍ത്താന്‍ ദ്വീപിന്റെ വാനമ്പാടി ഓര്‍മ്മയില്‍

In death BY Admin On 09 April 2016
കില്‍ത്താന്‍(8.04.16):- കില്‍ത്താന്‍ ദ്വീപിന്റെ വാനമ്പാടി അമ്മിപ്പുരച്ചെറ്റ പാത്തുമ്മാബി (75) എന്ന "ഫാട്ണ്ട പാത്ത" മരണപ്പെട്ടു. വാര്‍ദ്ധഖ്യസഹചമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ബീരാന്‍പള്ളിയി ഖബര്‍സ്ഥാനില്‍ നടന്നു. മക്കള്‍:- ആറ്റക്കിടാവ്, അയ്യൂബ്(പോലീസ്),അയിഷോമ്മാബി, റഹ്മത്ത്
സ്വര മധുരിമയും, സ്വഭാവ മഹിമയും ഒരേ പോലെ സമ്മേളിക്കുന്ന പാത്തയെ നാട്ടില്‍ അറിയാത്തവര്‍ ചുരുക്കം. പണ്ടൊക്കെ പായോടങ്ങളായിരുന്നല്ലോ നാടിനെയും കരയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ചായിരുന്നു ഓടങ്ങൾ സഞ്ചരിച്ചിരുന്നത്. നാട്ടില്‍ നിന്നും കരയിലേക്ക് കിടുവും, കൊപ്പരയും കയറ്റിപ്പോകുന്ന ഓടങ്ങൾ തിരിച്ചു വരുന്ന ദിവസം നാട്ടില്‍ ഉത്സവം പോലെയായിരുന്നു. ഓടക്കാർ വരാന്‍ വൈകിയാൽ കാറ്റു വിളിക്കുന്ന ഒരു സമ്പ്രദായം കില്‍ത്താനില്‍ ഉണ്ടായിരുന്നു. വടക്ക് കുളിക്കര പള്ളിക്ക് സമീപം ചീരണിയുണ്ടാക്കി ഉക്കാസ് എന്ന സ്വഹാബിയെയും, ശംഊൻ എന്ന രക്തസാക്ഷിയെയും പ്രകീർത്തിച്ചു പ്രത്യേകമായ ഒരു നാടന്‍ ഗീതം ആലപിച്ചു നൃത്ത സമാനമായ ചുവടുകൾ വെച്ചുകൊണ്ടുള്ള ഒരു ചടങ്ങിനെയാണ് 'കാറ്റുവിളി' എന്ന് പറയുന്നത്. സ്ത്രീകളായിരുന്നു കാറ്റുവിളിയിലെ താരകങ്ങൾ. കാറ്റുവിളി അവസാനിക്കുന്നതോടെ ഓടക്കാർ നാട്ടിലെത്തുമെന്നായിരുന്നു പലരുടെയും വിശ്വാസവും, അനുഭവവും. കാറ്റുവിളിപാട്ടിന് പലപ്പോഴും നേതൃത്വം നല്‍കിയിരുന്നത് പാത്തയായിരുന്നു. നാടൻ ഗീതങ്ങളുടെയും, ഖിസ്സപ്പാട്ടുകളുടെയും വൻ ശേഖരങ്ങൾ കൊണ്ട് നിറഞതായിരുന്നു പാത്തയുടെ മനസ്സ്. കല്യാണപ്പാട്ട്, കെസ്സ് പാട്ട്, പുറപ്പാട് പാട്ട്, തൃക്കല്യാണപ്പാട്ട്, താരാട്ട് പാട്ടുകള്‍, ഓടം വീണ പാട്ട്, കപ്പൽ വീണ പാട്ട്, കത്തു പാട്ട്, നാടന്‍ പാട്ട്, വിവിധ തരം മൈലാഞ്ചിപ്പാട്ട്, ഒപ്പനപ്പാട്ട്, ആകാശ ഭൂമി എന്നപാട്ട് തുടങ്ങി നൂറുകണക്കിന് നബി മദ്ഹ് ഗാനങ്ങൾ, മാലപ്പാട്ടുകൾ എന്നിവ ആ മനസ്സിൽ സൂക്ഷിപ്പുണ്ടായിരുന്നു. പാത്ത പാടിക്കൊടുത്ത പല പാട്ടുകളുമായിരുന്നു ലക്ഷദ്വീപ് സിഹിത്യ കലാ അക്കാദമിക്ക് വേണ്ടി സാഹിത്യകാരനായ ഡോക്ടര്‍ മുല്ലക്കോയ ശേഖരിച്ചതും, പിന്നീട് തന്റെ പുസ്കത്തിൽ പകർത്തിയതും. വളരെ സ്നേഹ മസൃണമായ പെരുമാറ്റമായിരുന്നു പാത്തക്ക്. എല്ലാവരെയും മോനെ എന്നായിരുന്നു പാത്ത വിളിച്ചിരുന്നത്. പാത്തയുടെ വിയോഗത്തിലൂടെ നാടൻ പാട്ടുകളുടെ വൻ ശേഖരമാണ് കിൽത്താൻ ദ്വീപിന് നഷ്ടമായത്. പാട്ടുകളെ ഏറെ സ്നേഹിച്ചത് കൊണ്ടാണ് അമ്മിപ്പുരച്ചെറ്റ പാത്തുമ്മാബിയെ നാട്ടുകാര്‍ക്കിടയിൽ "പാടുന്ന പാത്ത" എന്ന് ഏറെ അറിയപ്പെടാൻ നിമിത്തമായത്. ലക്ഷദ്വീപ് സാഹിത്യ കലാ അക്കാദമിയിൽ പാത്തയുടെ പാട്ടുകളും, സ്വരവും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
അല്ലാഹു അവിടുത്തെ പാരത്രിക ജീവിതം സന്തോഷ പൂരിതമാക്കട്ടെ....
മയ്യിത്ത് നിസ്ക്കരിക്കുവാനും മഅഫിറത്തിനായി ദആ ചെയ്യുവാനും ബന്ധുക്കള്‍ അറിയിക്കുന്നു.
(റിപ്പോര്‍ട്ടര്‍- താജുവിസ്വി കില്‍ത്താന്‍)

SHARE YOUR FEEDBACK

RECENT IN THIS CATEGORY