DweepDiary.com | ABOUT US | Friday, 29 March 2024

ലക്ഷദ്വീപ് ഭരണകൂടമിറക്കിയ ആറ് കരടുകളും നടപടിക്രമങ്ങൾ പാലിക്കാതെ; വിശദീകരണം ചോദിച്ച് കേരള-ലക്ഷദ്വീപ് ഹൈക്കോടതി

In Protest BY Admin On 23 June 2021
കൊച്ചി: തുട൪ച്ചയായി മൂന്നാം തവണയും ഹൈക്കോടതിയിൽ വിയ൪ത്ത് ലക്ഷദ്വീപ് ഭരണകൂടം. പുതുതായി തയാറാക്കിയ ആറു കരട് നിയമങ്ങളുടെ നടപടിക്രമങ്ങളെ ചോദ്യം ചെയ്‌ത്‌ സേവ് ലക്ഷദ്വീപ് ഫോറവും ലക്ഷദ്വീപ് ബാ൪ അസോസിയേഷനും സംയുക്തമായി സമ൪പ്പിച്ച ഹരജിയിലാണ് കേരള-ലക്ഷദ്വീപ് ഹൈക്കോടതി ഭരണകൂടത്തോട് വിശദീകരണം ചോദിച്ചിരിക്കുന്നത്. പുതിയ നിയമങ്ങൾ തയ്യാറാക്കുന്നതിന്റെ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നുമാണ് നിർദേശം. നേരത്തെ രോഗികൾക്കുള്ള ഹെലി-ആംബുലൻസ് കേസിലും ഡയറി ഫാം അടച്ചുപൂട്ടി ഉരുക്കളെ വിൽക്കുന്ന നടപടികളിലും സ്കൂൾ ഭക്ഷണ മെനു വിവാദത്തിലും ഭരണകൂട ഉത്തരവുകളെ ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. അതിനുപുറമെയാണ് ഇന്നത്തെ തിരിച്ചടി.
ലക്ഷദ്വീപിലെ കേസുകൾ പരിഗണിക്കുമ്പോൾ ദ്വീപുകളിലെ പ്രത്യേക സാഹചര്യങ്ങൾ കൂടി പരിഗണിക്കണമെന്നും ഇതര പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ദ്വീപുകളെന്നും ലക്ഷദ്വീപ് ബാ൪ അസോസിയേഷൻ വാദിച്ചു.

മറ്റു വാദങ്ങളിങ്ങനെ: ഇന്ത്യയിൽ സാധാരണ രണ്ടു രീതികളിലാണ് നിയമങ്ങൾ നടപ്പിലാക്കാറ്. പാ൪ലെമെന്റും നിയമസഭകളമുണ്ടാക്കുന്ന പ്ലീനറി ലെജിസ്ലേഷനും സബോഡിനേറ്റ് ലെജിസ്ലേഷനും. പ്ലീനറി ലെജിസ്ലേഷിൽ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ ജനങ്ങളെ കേൾക്കാനും പരാതികൾ ഉന്നയിക്കാനും, ജനപ്രതിനിധികൾക്ക് സഭകളിൽ ചോദ്യമുന്നയിക്കാനും അവസരങ്ങളുണ്ടാവാറുണ്ട്. കേന്ദ്രത്തിലാണെങ്കിൽ പ്രസിഡന്റ് ഓഫ് ഇന്ത്യയോ സംസ്ഥാനങ്ങളിലാണെങ്കിൽ ഗവ൪ണറോ ഒപ്പ് വെക്കുമ്പോൾ നിയമമാകുന്നു. ഭരണഘടന അനുശാസിക്കുന്ന ആ൪ട്ടിക്കിൾ 240 പ്രകാരമുള്ള ഇത്തരം നിയമങ്ങൾ ജനങ്ങളുടെ ഗുണത്തിനും നന്മക്കുമായിരിക്കണം. എന്നാൽ ലക്ഷദ്വീപിലെ ജനങ്ങളോട് ഈ നടപടികൾ ഒന്നും പാലിച്ചല്ല റെഗുലേഷനുകൾ പുറപ്പെടുവിച്ചത്. ഭൂരിഭാഗം പേ൪ക്കും പരാതി ഉന്നയിക്കാൻ അവസരം ലഭിച്ചില്ല. കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും ഡൽഹി ഹൈക്കോടതിയും അടുത്തിടെ ഇറക്കിയ വിധിന്യായങ്ങളിൽ ഒരു നിയമം വരും മുമ്പ് അത് ബാധിക്കുന്ന വിഭാഗങ്ങളെ വ്യക്തമായി കേൾക്കാനുള്ള അവസരം ഒരുക്കണമെന്നും, ലളിതമായ ഭാഷ ഉപയോഗിക്കണമെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതുപ്രകാരം ലക്ഷദ്വീപിൽ മലയാളത്തിലും മിനിക്കോയ് ദ്വീപുകാ൪ക്ക് മഹൽ ഭാഷയിലും ആയിരിക്കണം കരടു നിയമരേഖ പുറപ്പെടുവിക്കേണ്ടത്. ദ്വീപ് ഭരണകൂടം ഇത് പാലിച്ചില്ല. ആറ് റഗുലേഷനുകളിൽ നാലെണ്ണത്തിന് ജനങ്ങൾക്ക് പ്രതികരിക്കാൻ 31 ദിവസവും അതിലേറ്റവും ഗൗരവമുള്ള LPASA ക്കും LDAR നും 21 ദിവസവുമാണ് നൽകിയത്. കൂടാതെ ലക്ഷദ്വീപിലെ ഇന്റ൪നെറ്റ് വളരെ മോശമാണ്. പൊതുജനങ്ങൾക്ക് ഇവ വെബിൽ കയറി കാണാൻ സാധിക്കുകയുമില്ല. ലക്ഷദ്വീപിന്റെ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്ന ലക്ഷദ്വീപ് ടൈംസിൽ പോലും വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ആയതിനാൽ ഭരണകൂടം ഡ്രാഫ്റ്റ് റഗുലേഷനുകളിൽ നടപടിക്രമങ്ങൾ പാലിക്കാതെ അലംഭാവം കാട്ടി.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഒന്നാം കക്ഷിയായും സേവ് ലക്ഷദ്വീപ് ഫോറം പ്രതിനിധികള്‍ മറ്റു കക്ഷികളായും ചേ൪ന്നാണ് ഹരജി സമ൪പ്പിച്ചത്. അഡ്വക്കറ്റ് ആരിഫ് മണിക്ഫാനും അഡ്വക്കറ്റ് സയീദ് മുഹമ്മദ് കോയ (എസ് എം കെ) യും ഫോറത്തിനു വേണ്ടി കക്ഷി ചേർന്നു. വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്ന ഭരണകൂടത്തിന്റെ വാദം കോടതി തള്ളുകയും രണ്ടാഴ്ചക്കകം മറുപടി നൽകണമെന്ന് ഉത്തരവിടുകയും ചെയ്‌തു.

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധമായ നിലപാടുകൾക്കെതിരെ കേരള-ലക്ഷദ്വീപ് ഹൈക്കോടതി ഭരണഘടനാപരമായ വിധിപ്രസ്താവങ്ങളിലൂടെ പ്രതീക്ഷ നൽകുമ്പോൾ മറുവശത്ത് ദ്വീപിലെ വ്യവഹാരങ്ങൾ കർണാടക ഹൈക്കോടതിയുടെ കീഴിലേക്ക് മാറ്റാൻ അഡ്മിനിസ്ട്രേറ്റർ കേന്ദ്രസർക്കാരിനോട് ശിപാർശ ചെയ്‌ത സംഭവം കഴിഞ്ഞ ദിവസം ദേശീയമാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത് തികച്ചും ദുരുദ്ദേശ്യപരമാണെന്നും സാങ്കേതികവും പ്രായോഗികവുമായ കാരണങ്ങളാൽ എളുപ്പമാവില്ലെന്നും നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY