DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനക്ക് ഇടക്കാല ജാമ്യം

In Politics BY Admin On 17 June 2021
കൊച്ചി: രാജ്യദ്രോഹക്കേസിൽ ലക്ഷദ്വീപിലില്‍ നിന്നുള്ള സിനിമ നടിയും സംവിധായകയുമായ ഐഷ സുൽത്താനയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മുതിർന്ന അഭിഭാഷകൻ പി വിജയഭാനു വഴി ഐഷ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യദ്രോഹ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് ലക്ഷദ്വീപിലെ പതിനഞ്ചിലധികം ബിജെപി അംഗങ്ങൾ രാജിവെച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാനും അന്വേഷണവുമായി സഹകരിക്കാനും കോടതി നിർദ്ദേശിച്ചു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യപ്പെടണമെങ്കിൽ ജാമ്യത്തിലിറങ്ങിയ ബോണ്ട് നടപ്പിലാക്കിയ ശേഷം ഒരാഴ്ചത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യലിൽ അറസ്റ്റുചെയ്യാൻ നിർദ്ദേശമുണ്ടെങ്കിൽ അഭിഭാഷകനെ നൽകി നിയമസഹായം നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു. പരാതിക്കാരനായ പ്രതീഷ് വിശ്വനാഥ് ഐഷക്കെതിരെ സമർപ്പിച്ച ഹർജി കോടതി തള്ളി.

ഐഷയെ ചോദ്യം ചെയ്യണമെന്ന് ലക്ഷദ്വീപ് ഭരണകൂടം പോലീസിനെ പ്രതിനിധീകരിച്ച് കോടതിയിൽ വാദിച്ചിരുന്നു. ജൂൺ ഒൻപതിന് രജിസ്റ്റർ ചെയ്ത കേസിൽ മുൻ‌കൂട്ടി ജാമ്യം ലഭിക്കണമെന്ന ഐഷയുടെ അപേക്ഷയ്ക്ക് മറുപടിയായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ സ്റ്റാൻഡിംഗ് കൗൺസിലർ എസ് മനു ബുധനാഴ്ച ഹൈക്കോടതിയിൽ ഒരു സത്യവാങ്ങ്മൂലം ഫയൽ ചെയ്തിരുന്നു. കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ ഘട്ടത്തിൽ ചോദ്യം ചെയ്യൽ ഒഴിവാക്കാനാവില്ലെന്നും ഭരണകൂടം വാദിച്ചു. ഒരു വാർത്താചാനൽ ചർച്ചക്കിടയിലുള്ള നടിയുടെ പ്രസ്താവന ലക്ഷദ്വീപിലെ ജനങ്ങൾക്കിടയിൽ കേന്ദ്ര സ൪ക്കാരിനെതിരെ വിദ്വേഷവും അവഹേളനവും ഉണ്ടാക്കാൻ കാരണമായെന്നും ജനങ്ങളെ അക്രമത്തിലേക്കും പൊതു സമാധാനത്തിന് പ്രയാസമുണ്ടാക്കുന്നതിലേക്കും നയിക്കുന്നതാണെന്നും, അതുവവഴി മനപ്പൂ൪വ്വം ദേശീയ ഐക്യത്തിന് തുരങ്കം വെക്കുന്ന തരത്തിൽ രാജ്യദ്രോഹപരമായ കുറ്റം നിലനിൽക്കുന്നുവെന്നും സ്റ്റാൻഡിങ്ങ് കൗണ്‍സിൽ വാദിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY